ബൈക്ക് ടാക്‌സിക്കും അനുമതി; ഊബര്‍, ഒല യാത്രയ്ക്ക് തിരക്കേറിയ സമയത്ത് ഇരട്ടി നിരക്ക് ഈടാക്കാം

ന്യൂഡല്‍ഹി: രാജ്യത്തെ ബൈക്ക് ടാക്‌സി സേവനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ഊബര്‍, റാപ്പിഡോ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി ശൃംഖലകള്‍ക്ക് സ്വകാര്യ ബൈക്കുകള്‍ ടാക്‌സിയായി ഓടിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ മോട്ടോര്‍ വെഹിക്കിള്‍ അഗ്രഗേറ്റര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ബൈക്ക് ടാക്‌സികള്‍ക്ക് അന്തിമാനുമതി നല്‍കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കും.
അടുത്തിടെ നിയമവിരുദ്ധമാണെന്ന് കാണിച്ച് കര്‍ണാടകയില്‍ ബൈക്ക് ടാക്‌സികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ബൈക്ക് ടാക്‌സികള്‍ക്ക് അനുമതി നല്‍കുന്നതിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിശ്ചിത തുക ഫീസായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏര്‍പ്പെടുത്താമെന്നും ഉത്തരവിലുണ്ട്.
അതേസമയം അഗ്രഗേറ്റര്‍ പ്ലാറ്റ്‌ഫോമുകളുടെ സേവന നിരക്കുകള്‍ സംബന്ധിച്ചുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി. തിരക്കേറിയ സമയങ്ങളില്‍ അടിസ്ഥാന നിരക്കിന്റെ രണ്ടിരട്ടി വരെ ഇടാക്കാന്‍ ഒല, ഊബര്‍ പോലുള്ള കാബ് അഗ്രഗേറ്റര്‍മാര്‍ക്ക് കേന്ദ്രം അനുമതി നല്‍കി. നേരത്തെ 50 ശതമാനം മുതല്‍ 1.5 ഇരട്ടിവരെ വര്‍ധിപ്പിക്കാനാണ് അനുമതി ഉണ്ടായിരുന്നത്.
ഇത് കൂടാതെ പ്രത്യേക കാരണമില്ലാതെ യാത്ര റദ്ദാക്കിയാല്‍ 100 രൂപയില്‍ കൂടാത്ത നിരക്കിന്റെ 10 ശതമാനം ഡ്രൈവറില്‍ നിന്ന് ഈടാക്കുമെന്നും മതിയായ കാരണമില്ലാതെ യാത്ര റദ്ദാക്കുന്ന യാത്രക്കാരില്‍ നിന്നും സമാനമായ പിഴ ഈടാക്കാമെന്നും പുതിയ മോട്ടോര്‍ വെഹിക്കിള്‍ അഗ്രഗേറ്റര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഓരോ വാഹനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിച്ച തുകയായിരിക്കും അടിസ്ഥാന നിരക്ക്.
പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പുതിയ മാനദണ്ഡങ്ങള്‍ക്ക് പുറമെ സംസ്ഥാനങ്ങള്‍ക്ക് അധിക വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താനും സാധിക്കും.
Content Highlights: Center Allows private motorcycles be used for passenger rides through aggregator platforms.