തീ തുപ്പുന്നതും വെടിപൊട്ടുന്ന ശബ്ദത്തിലുമുള്ള സൈലൻസറുകളുമായി ബൈക്കുകളുടെ ‘പാതിരാവെടിക്കെട്ട്’

തിരുവനന്തപുരം: വഴുതക്കാട് പോലീസ് ആസ്ഥാനത്ത് മുന്നിലെ റോഡിലൂടെ പാതിരായ്ക്കും പുലർച്ചയ്ക്കും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ വെടിപൊട്ടുംശബ്ദത്തിൽ മത്സരയോട്ടം നടത്തുന്നു. സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസും ഈ റോഡിൽത്തന്നെ.
സദാ പോലീസ് നിരീക്ഷണം ഉണ്ടാകേണ്ട ഈ റോഡിൽ അപകടകരമായ മത്സരയോട്ടം തുടരുന്നത് എങ്ങനെയെന്ന ആശ്ചര്യത്തിലാണ് ഈ പ്രദേശങ്ങളിലുള്ളവർ. രാത്രി പത്തിന് തുടങ്ങി പുലർച്ചെ മൂന്നരവരെ നീളുന്ന മത്സരയോട്ടത്തിൽ ഉയരുന്ന ഭയാനകശബ്ദം വലിയ ശബ്ദമലിനീകരണമാണ് ഉണ്ടാക്കുന്നത്. വെള്ളയമ്പലം-കവടിയാർ റോഡിലും കവടിയാർ-കുറവൻകോണം-മരപ്പാലം റോഡിലുമാണ് ഇതിനുമുമ്പ് മത്സരയോട്ടങ്ങൾ നടന്നിരുന്നത്.
ഇവിടങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമായതോടെയാണ് നഗരത്തിലെ നീളംകൂടിയ സ്മാർട്ട് റോഡായ സി.വി. രാമൻപിള്ള റോഡ് മത്സരയോട്ടത്തിന് തിരഞ്ഞെടുത്തത്. ഈ റോഡിൽ വേഗനിയന്ത്രണമോ പോലീസ് നിരീക്ഷണമോ ഇല്ലാത്തതാണ് മത്സരയോട്ടം നിർബാധം തുടരാൻ കാരണം.
രാത്രിയിൽ പൊതുവേ വാഹനഗതാഗതം കുറവായ ഈ റോഡിൽ അമിതവേഗത്തിലുള്ള പാച്ചിൽകാരണം അപകടങ്ങളും കൂടുകയാണ്. സൈലൻസറുകളിൽ രൂപമാറ്റം വരുത്തി, തീ തുപ്പി, വെടിപൊട്ടും ശബ്ദത്തോടെ പാഞ്ഞുപോകുന്ന ബൈക്കുകളും കാറുകളുമുണ്ടാക്കുന്ന ഭയാനകശബ്ദം കാരണം ഈ പ്രദേശങ്ങളിൽ റോഡരികിൽ താമസിക്കുന്നവരുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.
ആരെങ്കിലും പരാതിപ്പെടുമ്പോൾ മാത്രമാണ് പോലീസ് പരിശോധന. ഒന്നോ രണ്ടോ വാഹനങ്ങൾ തടഞ്ഞുനിർത്തി നടപടിയെടുക്കുന്നതല്ലാതെ, മത്സരയോട്ടം അവസാനിപ്പിക്കാൻ പതിവുപരിശോധനകൾ നടക്കുന്നില്ല.
ക്യാമറകളൊന്നും പ്രവർത്തിക്കുന്നില്ലെന്ന ധാരണയോടെയാണ് വേഗപ്രിയരും വാഹനസാഹസികരും ഈ റോഡ് തിരഞ്ഞെടുത്തത്. പോലീസ് ആസ്ഥാനത്തോ പോലീസ് കമ്മിഷണറുടെ ഓഫീസിലോയുള്ള ക്യാമറകളിൽ മത്സരയോട്ടത്തിന്റെ ദൃശ്യങ്ങൾ തെളിയുമ്പോൾപ്പോലും നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്നാണ് നാട്ടുകാരുടെ ചോദ്യം.
Content Highlights: Illegal modified vehicle racing happening near Thiruvananthapuram Police HQ and Commissioner Office, Races take place from 10 PM to 3:30 AM on CV Raman Pillai Road, Loud exhaust sounds cause severe noise pollution and sleep deprivation for residents, Lack of police patrols and inactive cameras encourage reckless driving