നിരോധിത എയർഹോണുമായി തമിഴ്നാട് ബസുകൾ; പൊറുതിമുട്ടി വാഹനയാത്രക്കാർ

#സ്വന്തം ലേഖകന്‍
1. തമിഴ്‌നാട് ബസില്‍ സ്ഥാപിച്ച എയര്‍ഹോണ്‍ 2. പ്രതീകാത്മകചിത്രം.
1. തമിഴ്‌നാട് ബസില്‍ സ്ഥാപിച്ച എയര്‍ഹോണ്‍ 2. പ്രതീകാത്മകചിത്രം.

പാറശ്ശാല: നിരോധിത എയർഹോൺ മുഴക്കി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളുടെ പാച്ചിൽ വാഹന, കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയിൽ അന്തസ്സംസ്ഥാന സർവീസ് നടത്തുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിലാണ് നിരോധിത എയർഹോണുകൾ ഘടിപ്പിച്ചിരിക്കുന്നത്.

നാഗർകോവിൽ-തിരുവനന്തപുരം പാതയിൽ സർവീസ് നടത്തുന്ന പുതിയ ബസുകളിലാണ് വലിയ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകൾ സ്ഥാപിച്ചിട്ടുള്ളത്. ബോണറ്റ് തുറന്നുവെച്ചാണ് ഇവ ഓടുന്നത്. അമിതവേഗതയിൽ സഞ്ചരിക്കുന്ന ഈ ബസുകൾ ഇരുചക്രവാഹനങ്ങളുടെ പിന്നിൽവന്ന് ഹോൺ മുഴക്കുമ്പോൾ യാത്രക്കാർ ഭയപ്പെടുന്നു. രാജ്യത്താകെ എയർഹോണുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട്ടിൽ ശക്തമായി നടപ്പിലാക്കിയിട്ടില്ല.

സംസ്ഥാനത്ത് ഇത്തരം എയർഹോണുകൾ ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങൾക്കെതിരേ മോട്ടോർവാഹനവകുപ്പ് അധികൃതർ ശക്തമായ നടപടിയെടുക്കുമ്പോഴാണ് നാട്ടുകാരുടെ ചെവിപൊട്ടിക്കുന്നതരത്തിൽ ഹോൺ മുഴക്കി തമിഴ്നാട് സർക്കാരിന്റെ ബസുകൾ പായുന്നത്. ഇവയുടെ ഉപയോഗം തടയണമെന്നാവശ്യപ്പെട്ട് ചെങ്കവിള സ്വദേശി സദാനന്ദൻ സംസ്ഥാന മോട്ടോർവാഹനവകുപ്പ് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

Content Highlights: TNSTC buses on the Thiruvananthapuram-Nagercoil route are using banned, high-decibel air horns., Buses are frequently operating with open bonnets, creating severe noise pollution and safety risks., Despite a national ban on air horns, enforcement remains inconsistent on interstate transport., Local complaints to the Kerala Motor Vehicle Department have not yet resulted in effective action.