ഹ്യുണ്ടായ് ഇനി ഇന്ത്യയിൽ എത്തിക്കുന്നത് കോംപാക്ട് ഇലക്ട്രിക് SUV?; പേര് Ioniq P എന്ന് സൂചന

കോംപാക്റ്റ് ഇലക്ട്രിക് എസ്.യു.വി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഹ്യുണ്ടായ്. ഇന്ത്യയ്ക്കുവേണ്ടി നിർമ്മിച്ച ഈ എസ്.യു.വിക്ക് HE1i എന്ന കോഡ് നാമമാണ് കമ്പനി നൽകിയിരിക്കുന്നതെന്ന് Autocar India റിപ്പോർട്ടു ചെയ്യുന്നു. ആഗോളതലത്തിൽ ഏറെ ശ്രദ്ധ നേടിയ അയോണിക് എന്ന പേര് ഇന്ത്യൻ വിപണിയിലെ കൂടുതൽ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഈ വാഹനത്തിന് 'അയോണിക് പി' (Ioniq P) എന്ന് പേരിട്ടേക്കുമെന്നാണ് സൂചനയെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബയോണിന് ശേഷം ഇന്ത്യയിൽ അയോണിക് പി അവതരിപ്പിക്കുമെന്നാണ് അനലിസ്റ്റുകളുമായി നടത്തിയ കോൺഫറൻസിൽ ഹ്യുണ്ടായ് മാനേജ്മെന്റ് വിശദീകരിച്ചത് എന്നാണ് സൂചന. എന്നാൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി ഈ പേര് പ്രഖ്യാപിച്ചിട്ടില്ല. അയോണിക് പി എന്ന പേര് HE1i പ്രൊജക്റ്റുമായി കമ്പനി നേരിട്ട് ബന്ധപ്പെടുത്തിയിട്ടുമില്ല.
എന്തൊക്കെ പ്രതീക്ഷിക്കാം?
2028 സാമ്പത്തിക വർഷത്തോടെ ഇവി വിൽപ്പനയിൽ വൻ മുന്നേറ്റം നടത്താനുള്ള ഹ്യുണ്ടായിയുടെ ശ്രമങ്ങൾക്ക് വരാനിരിക്കുന്ന മോഡൽ നേതൃത്വം നൽകും. ഇന്ത്യയ്ക്കായി നിർമ്മിച്ച മാസ്-മാർക്കറ്റ് ഇലക്ട്രിക് വാഹനം വഴി ഈ ലക്ഷ്യം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് എന്നാണ് സൂചന.
2027 സാമ്പത്തിക വർഷത്തിൽ ഇതുവരെ ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന ഏകദേശം 90 ശതമാനം വർദ്ധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഹ്യുണ്ടായ് വാഹന നിരയിൽ കൂടുതൽ വിലക്കുറവുള്ള ഒരു ഇവി ഉൾപ്പെടുത്താനൊരുങ്ങുന്നത് എന്നാണ് സൂചന.
അന്താരാഷ്ട്ര വിപണിയിൽ ലഭ്യമായ ഇൻസ്റ്റർ ഇവിയിൽ ഉപയോഗിച്ചിരിക്കുന്ന E-GMP (K) പ്ലാറ്റ്ഫോമിലായിരിക്കും അയോണിക് പി നിർമ്മിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സ്റ്റാൻഡേർഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ലഭ്യമാകാൻ സാധ്യതയുണ്ട്. എന്നാൽ കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വരാനിരിക്കുന്ന വാഹനത്തിൽ ആദ്യം ഇറക്കുമതി ചെയ്ത ബാറ്ററി സെല്ലുകളായിരിക്കും ഉപയോഗിക്കുക. തമിഴ്നാട്ടിലെ ഹ്യുണ്ടായിയുടെ ശ്രീപെരുമ്പത്തൂർ പ്ലാന്റിലാവും ഈ ഇലക്ട്രിക് വാഹനം നിർമ്മിക്കുക.
Content Highlights: Hyundai's upcoming made-for-India compact electric SUV is expected to be named Ioniq P., Built on the E-GMP (K) platform with standard and long-range battery options., Expected to feature Level 2 ADAS and Pleos Connect infotainment system., Production will take place at the Sriperumbudur plant in Tamil Nadu., Official debut anticipated in January 2027, competing against Tata Nexon EV and Mahindra XUV 3XO EV.