പുതിയ കെട്ടിടങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് നിർബന്ധം; ബിൽഡിങ് കോഡിൽ മാറ്റം വരുത്തി ഹരിയാന

#Auto Desk
Photo: Gettyimages
Photo: Gettyimages

ലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കെട്ടിട നിർമാണ നിയമത്തിൽ ഭേദഗതി പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. പുതിയതായി നിർമിക്കുന്നതോ പുതുക്കി പണിയുന്നതോ ആയ കെട്ടിടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന നിർദേശിച്ചുള്ളതാണ് പുതിയ ഭേദഗതി. ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റി, കോഓപ്പറേറ്റീവ് ഹൗസിങ് പ്രൊജക്ട് എന്നിവയ്ക്കും ഈ നിർദേശം ബാധകമാണ്.

നിയമം നിർദേശിക്കുന്നത് അനുസരിച്ച് ഒരു ഹൗസിങ് പ്രൊജക്ടുകളിലെ അഞ്ച് പാർക്കിങ് സ്ലോട്ടുകൾക്ക് ഒരു ഇലക്ട്രിക് വാഹന ചാർജിങ് പോയന്റ് നിർബന്ധമാക്കിയിട്ടുണ്ട്. പാർപ്പിട സമുച്ചയങ്ങൾക്ക് പുറമെ, മാളുകൾ, ഹോട്ടലുകൾ, ഓഫീസുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിൽ പത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള മേഖലകളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം ഉറപ്പാക്കണമെന്നും ഭേദഗതിയിൽ നിർദേശിച്ചിട്ടുണ്ട്.

ഈ കെട്ടിടങ്ങൾക്ക് ഓരോ മൂന്ന് പാർക്കിങ് സ്ലോട്ടുകൾക്കും ഒരു ഇവി ചാർജിങ് സംവിധാനം എന്ന നിലയിൽ നൽകണമെന്നും നിർദേശിക്കുന്നുണ്ട്. ഇതിനുപുറമെ, ഭാവിയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളിലും ഇലക്ട്രിക് വാഹന പാർക്കിങ്ങിനുള്ള സംവിധാനങ്ങൾ നൽകുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കണമെന്നും നിയമത്തിൽ പറയുന്നു. കരട് നിർദേശം പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് നിയമത്തിൽ ഭേദഗതി വരുത്തിയിരിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിങ് സംവിധാനങ്ങൾ ഒരുക്കുന്നത് ഫ്‌ളോർ ഏരിയ റേഷിയോ കാൽക്കുലേഷനെ ബാധിക്കില്ലെന്ന് ഹരിയാന ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ഡിപ്പാർട്ട്‌മെന്റ് ജൂൺ അഞ്ചിന് പുറത്തിറക്കിയ നിർദേശത്തിൽ ഉറപ്പുനൽകിയിരുന്നു. അതുകൊണ്ടുതന്നെ കെട്ടിട നിർമാണ ചെലവുകളിൽ ഈ നിർദേശം മൂലം അധിക ബാധ്യതയുണ്ടാവില്ലെന്നുമാണ് വ്യക്തമാക്കിയിരുന്നത്.

ഇലക്ട്രിക്കൽ ആൻഡ് ഫയർ സേഫ്റ്റി നിയമങ്ങൾ കൃത്യമായി പാലിച്ചുള്ള കെട്ടിടങ്ങൾക്ക് ബേസ്‌മെന്റിലും സ്റ്റിൽറ്റ് പാർക്കിങ് ഏരിയകളിലും ഇലക്ട്രിക് വാഹന ചാർജിങ് പോയന്റുകൾ അനുവദിക്കാമെന്നും നിയമം ഉറപ്പുനൽകുന്നുണ്ട്. കെട്ടിടത്തിന്റെ ഒക്യുപെൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ തന്നെ ബിൽഡർമാർ ഇലക്ട്രിക് വാഹന ചാർജിങ് സംവിധാനങ്ങളുടെ കുറിച്ച് വെളിപ്പെടുത്തണമെന്നും നിർദേശമുണ്ട്.

Source

Content Highlights: New residential and commercial buildings in Haryana must provide EV charging infrastructure., Housing projects require one charging point for every five parking slots., Commercial establishments (malls, offices) require one charging point for every three parking slots., EV charging installations will not impact Floor Area Ratio (FAR) calculations., Builders must disclose charging facilities during occupancy certificate applications.