‘ഞാൻ ഥാറും ബുള്ളറ്റും ഓടിക്കുന്നുണ്ട്’; ഡിജിപിയുടെ പരാമർശത്തോട് പ്രതികരിച്ച് ഗുൽ പനാഗ്

കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ തിരിച്ചറിയാന്‍, ആളുകളുടെ സ്വഭാവത്തെ അവര്‍ തിരഞ്ഞെടുക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെടുത്തി ഹരിയാണ പോലീസ് മേധാവി ഒ.പി. സിങ് നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു. ഥാര്‍ എസ് യുവിയേയും ബുള്ളറ്റ് ബൈക്കിനേയും ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അസാധാരണ പരാമര്‍ശങ്ങള്‍.
സുരക്ഷാ പരിശോധനയ്ക്കായി എല്ലാ വാഹനങ്ങളും പോലീസിന് തടയാന്‍ കഴിയില്ലെങ്കിലും ഒരു ഥാറോ ബുള്ളറ്റോ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും എല്ലാ പ്രശ്നക്കാരും ഇത്തരം കാറുകളും ബൈക്കുകളുമാണ് ഉപയോഗിക്കുന്നത് എന്നുമായിരുന്നു സിങിന്റെ പരമാര്‍ശം. പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തുകയും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയും ചെയ്തിരുന്നു.
ഈ വിഷയത്തിൽ ഇപ്പോൾ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബോളിവുഡ് നടിയും വാഹനപ്രേമിയുമായ ഗുൽ പനാഗ്. ‘ഞാൻ ഒരു ഥാർ ഓടിക്കുന്നു. ഒരു റോയൽ എൻഫീൽഡും ഓടിക്കുന്നു. സത്യത്തിൽ, എൻ്റെ കുടുംബത്തിലെ പല സ്ത്രീകളും തലമുറകളായി റോയൽ എൻഫീൽഡ് ബുള്ളറ്റും ഥാറും ഓടിക്കുന്നവരാണ്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള സാമാന്യവൽക്കരണങ്ങൾ റോഡ് സുരക്ഷ ശക്തിപ്പെടുത്താൻ സഹായിക്കില്ല.
ഥാറും ബുള്ളറ്റും അവയുടെ കഴിവിനും ശൈലിക്കും പേരുകേട്ട ഇന്ത്യയുടെ ഐതിഹാസിക ബ്രാൻഡുകളാണ്. അവയെ ഇകഴ്ത്തി സംസാരിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഥാർ ഓടിക്കുകയും ബുള്ളറ്റ് ഓടിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ എനിക്ക് വിഷമമില്ല. പുറംചട്ട കണ്ട് ഒരു പുസ്തകത്തെ വിലയിരുത്തുന്നതിൽ ഞാൻ ഒരിക്കലും വിശ്വസിച്ചിട്ടില്ല.
പൗരന്മാരെ മുൻവിധിയോടെ കാണുന്നതല്ല, മറിച്ച് നിയമത്തോടുള്ള ബഹുമാനവും നിയമലംഘനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയവും ഉളവാക്കുന്ന ഒരു നിയമ നിർവ്വഹണ സംവിധാനം ഉറപ്പാക്കുന്നതാണ് നിയമങ്ങളെ യഥാർഥത്തിൽ ഫലപ്രദമാക്കുന്നത്. അവിടെയായിരിക്കണം നമ്മുടെ ശ്രദ്ധ’, അവർ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ഥാറിനും ബുള്ളറ്റിനുമൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
നടി, നിര്‍മാതാവ് എന്നിവയ്ക്ക് പുറമെ, കടുത്ത വാഹനപ്രേമികൂടിയാണ് ഗുൽ പനാഗ്. ആഡംബര കാറുകളെക്കാളുപരി ഓഫ് റോഡ് വാഹനങ്ങളും ലൈഫ് സ്റ്റൈല്‍ എസ്.യു.വികളുമൊക്കെയാണ് ഗുല്‍ പനാഗിന്റെ ഇഷ്ട വാഹനങ്ങള്‍. സ്വന്തം വിവാഹനത്തിന് വധുവായി അണിഞ്ഞൊരുങ്ങി ബുള്ളറ്റിലെത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlights: Haryana DGP OP Singh`s remarks linking Thar & Bullet owners to `rogue elements` ignite controversy. Actress Gul Panag defends iconic Indian brands. Read the full story.