12 ലക്ഷത്തിന്റെ ഇലക്ട്രിക് കാറിന് ടാക്‌സ് 12,000 രൂപ; ഇവികള്‍ക്ക് നികുതി ഇളവുമായി മറ്റൊരു സംസ്ഥാനവും

മലനീകരണ മുക്തമായ ഗതാഗത സംവിധാനങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനമാണ് ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വിവിധ സബ്‌സിഡികള്‍ നല്‍കുന്നതിനൊപ്പം പല സംസ്ഥാനങ്ങളും നികുതി ഇളവുകളും നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയില്‍ അഞ്ച് ശതമാനത്തിന്റെ ഇളവാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ബജറ്റ് പ്രഖ്യാപനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2026 മാര്‍ച്ച് 31 വരെ ഈ ഇളവ് നല്‍കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നത്. പുതിയ നികുതി നിര്‍ദേശം അനുസരിച്ച് ഗുജറാത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒരു ശതമാനം നികുതി നല്‍കിയാല്‍ മതിയാകും. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ ഓണ്‍റോഡ് വിലയില്‍ വലിയ കുറവ് ലഭിക്കും.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇതുവരെയുണ്ടായിരുന്ന നികുതി നിരക്ക് അനുസരിച്ച് 12.49 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഒരു ഇലക്ട്രിക് കാറിന് 74,940 രൂപ നികുതി അടയ്ക്കണമായിരുന്നു. എന്നാല്‍, ബജറ്റിലെ പുതിയ നിര്‍ദേശം അനുസരിച്ച് ഒരു ശതമാനം നികുതി അടിസ്ഥാനമാക്കിയാല്‍ ഇതേ വിലയുള്ള ഇലക്ട്രിക് കാറിന് 12,490 രൂപ മാത്രം നികുതി ഇനത്തില്‍ നല്‍കിയാല്‍ മതിയാകും. 62,450 രൂപയുടെ നേട്ടമാണ് ഉപയോക്താവിന് ലഭിക്കുന്നതെന്നാണ് കണക്കാക്കുന്നത്.
വാഹന്‍ 4.0 സോഫ്റ്റ്‌വെയറിലൂടെയായിരിക്കും ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകുകയെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിലൂടെ തന്നെ നികുതി ഇളവും ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് ഗതാഗത വകുപ്പ് അറിയിക്കുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് അതിന്റെ വിലയുടെ അടിസ്ഥാനത്തില്‍ 5000 രൂപ മുതല്‍ 10,000 രൂപയുടെ വരെ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന കുറയുന്നത് കൂടി കണക്കിലെടുത്താണ് ഈ നീക്കമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
അടുത്തിടെ ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളും ഇലക്ട്രിക്-ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി പൂര്‍ണമായും ഒഴിവാക്കിയിരുന്നു. കര്‍ണാടകയും ഇലക്ട്രിക്-ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് നികുതിയില്‍ ഇളവുകള്‍ നല്‍കുകയും ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് സബ്‌സിഡികള്‍ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Content Highlights: Gujarat government announced a 5 percent tax reduction on electric vehicles until 31 March 2026