അപകടം സൃഷ്ടിക്കുന്നു, ഥാർ റെന്റിന് ലൈസൻസ് നൽകില്ല; പുതിയ നീക്കവുമായി ഗോവ സർക്കാർ

#Auto Desk
മഹീന്ദ്ര ഥാര്‍ | Photo: Mahindra
മഹീന്ദ്ര ഥാര്‍ | Photo: Mahindra

മഹീന്ദ്രയുടെ ലൈഫ് സ്റ്റൈൽ എസ്‌യുവി മോഡലായ ഥാർ റെന്റിന് നൽകുന്നതിനുള്ള ലൈസൻസ് നിഷേധിക്കാനൊരുങ്ങി ഗോവൻ സർക്കാർ. ഈ വാഹനങ്ങൾ റെന്റിനെടുത്ത് അപകടരമായ രീതിയിൽ ഓടിക്കുകയും അപകടങ്ങൾ ആവർത്തിക്കുന്നതും കണക്കിലെടുത്താണ്‌ ഥാറിന് റെന്റൽ ലൈസൻസ് നൽകുന്നത് നിർത്താലാക്കുമെന്ന്‌ ഗതാഗത വകുപ്പ് മന്ത്രി മൗവിൻ ഗോഡിഞ്ഞോ അറിയിച്ചു.

സെൽഫ് ഡ്രൈവിങ് റെന്റൽ വാഹനങ്ങൾക്ക് അനുമതി നൽകുന്നതിനും നിഷേധിക്കുന്നതിനുമുള്ള അവകാശം സംസ്ഥാന ഗതാഗത അതോറിറ്റിക്ക് ഉണ്ടെന്നും, നിയമം അനുവദിക്കുകയാണെങ്കിൽ ഉയർന്ന വേഗതയെടുക്കുന്നതുമായ ഥാറുകൾ വാടകയ്ക്ക് കൊടുക്കുന്നത് പൂർണമായും നിരോധിക്കുമായിരുന്നുവെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സമീപകാലത്ത് ഉണ്ടായ രണ്ട് അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഥാറുകൾ വാടകയ്ക്ക് നൽകുന്നതിനുള്ള ലൈസൻസ് നിഷേധിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അസഗാവോയിൽ നിന്ന് വാടകയ്ക്ക് എടുത്ത ഥാറുമായി അമിത വേഗത്തിൽ ഓടിച്ചുണ്ടായ അപകടത്തിൽ 65 വയസുള്ള ഒരു ടൂറിസ്റ്റ് കൊല്ലപ്പെട്ടിരുന്നു. സമാനമായി വടക്കൻ ഗോവയിൽ ഥാർ അപകടത്തിൽ 32 വയസ്സുള്ള ഒരു വ്യക്തിക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

ഥാർ എന്ന വാഹനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാകുന്നത് ഇതാദ്യമല്ല. 2025 നവംബറിൽ ഹരിയാന പോലീസ് ഡയറക്ടർ ജനറൽ ഒ.പി. സിങ്ങ് നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഥാർ, ബുള്ളറ്റ് എന്നീ വാഹനങ്ങൾ ഉപയോഗിക്കുന്നവർ അപകടകരമായ ചിന്താഗതി ഉള്ളവരാണെന്നും ഇത് ഒരു വാഹനമല്ല മറിച്ച് ഒരു സ്റ്റേറ്റ്‌മെന്റ് ആണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാൽ, ഥാർ മാത്രമല്ല സ്‌കോർപിയോ, ഫോർച്യൂണർ, എൻഡേവർ പോലെയുള്ള വാഹനങ്ങൾ എടുക്കുന്നവർ അപകടരമായ ഓടിക്കുകയും അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതോടെ ‘പ്രതിച്ഛായ’  പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്‌. ഇത് വാഹനത്തിനല്ല, ഇത്തരത്തിലുള്ള വാഹനങ്ങൾ ഉപയോഗിച്ച് റോഡിലും മറ്റും അഭ്യാസങ്ങൾ കാണിക്കുകയും അത് റീലുകളായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഡ്രൈവർമാരുണ്ടാക്കുന്ന പൊല്ലാപ്പും ചില്ലറയല്ല.

Source

Content Highlights: Goa transport department to stop issuing rental licenses for Mahindra Thar., Decision follows multiple fatal accidents involving rental Thar vehicles., State Transport Authority holds the power to restrict high-risk rental vehicles., Focus on irresponsible driving and social media stunt culture over vehicle model., Comparison with other SUVs like Scorpio and Fortuner regarding road image.