ഡ്രൈവർമാരുടെ ഡേറ്റ വിറ്റെന്ന ആരോപണം: 22 കോടി ഡോളർ നൽകി കേസ് ഒത്തുതീർപ്പാക്കാൻ GM

ഡ്രൈവർമാരുടെ സ്വകാര്യ വിവരങ്ങളും ലൊക്കേഷൻ ഡാറ്റയും അനധികൃതമായി വിറ്റുവെന്ന കേസ് 220 മില്യൺ (22 കോടി) ഡോളർ നൽകി ഒത്തുതീർപ്പാക്കാൻ അമേരിക്കൻ കാർ നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് (ജി.എം). കമ്പനിയുടെ സ്മാർട്ട് ഡ്രൈവർ പ്രോഗ്രാമിന്റെ ഭാഗമായി ശേഖരിച്ച ഡേറ്റ മൂന്നാം കക്ഷികൾക്ക് വിറ്റുവെന്നും അത് പിന്നീട് ഇൻഷുറൻസ് കമ്പനികൾക്ക് ലഭ്യമായെന്നുമാണ് ആരോപണം. ഈ നടപടി പ്രീമിയം തുക കൂട്ടാൻ ഇൻഷുറൻസ് കമ്പനികളെ സഹായിച്ചുവെന്ന ആരോപണമടക്കം ഉയർന്ന് കേസാണ് വൻതുക നൽകി ഒത്തുതീർപ്പാക്കാൻ കാർ കമ്പനി ഒരുങ്ങുന്നത്.
എന്താണ് സ്മാർട്ട് ഡ്രൈവർ പ്രോഗ്രാം?
ഡ്രൈവിങ്ങിലെ സുരക്ഷ മെച്ചപ്പെടുത്താൻ തങ്ങളുടെ വാഹനങ്ങൾ ഉപയോഗിക്കുന്നവരെ സഹായിക്കാനാണ് സ്മാർട്ട് ഡ്രൈവർ പ്രോഗ്രാം ജിഎം അവതരിപ്പിച്ചത്. 2016-നും 2024-ൽ ഇത് നിർത്തലാക്കുന്നതിനും ഇടയിലുള്ള കാലയളവിൽ ലക്ഷക്കണക്കിന് ഡ്രൈവർമാരാണ് ഈ പ്രോഗ്രാമിൽ ചേർന്നത്. വാഹനത്തിൽ കമ്പനി ഘടിപ്പിച്ച ഉപകരണങ്ങൾ വഴിയും മൊബൈൽ ആപ്പ് വഴിയും ഡ്രൈവർമാരുടെ പെരുമാറ്റവും സ്വകാര്യ വിവരങ്ങളുമടക്കം ശേഖരിച്ചു.
ഈ പദ്ധതിയിൽ സൈൻ അപ്പ് ചെയ്ത പലരെയും ജി.എമ്മിന്റെ ഓൺസ്റ്റാർ (OnStar) എന്ന സുരക്ഷ, നാവിഗേഷൻ, ഡയഗ്നോസ്റ്റിക് സേവനത്തിലും ഉൾപ്പെടുത്തിയിരുന്നു. പിന്നീട് ഉപയോക്താക്കളുടെ അനുവാദമില്ലാതെ ഡാറ്റ വിൽക്കില്ലെന്ന വാഗ്ദാനം കമ്പനി പാലിച്ചില്ലെന്നും ഡ്രൈവർമാരുടെ സ്വകാര്യത ലംഘിച്ചെന്നുമാന്നാണ് ആരോപണം. ഈ വിവരങ്ങൾ പിന്നീട് ഇൻഷുറൻസ് കമ്പനികൾക്ക് ലഭ്യമായെന്നും പ്രീമിയം തുക നിശ്ചയിക്കാനും ചിലപ്പോൾ വർദ്ധിപ്പിക്കാനും അവർ ഇത് ഉപയോഗിച്ചെന്നുമാണ് കേസ്.
ഒത്തുതീർപ്പ് എങ്ങനെ?
അമേരിക്കയിലെ 35 സംസ്ഥാനങ്ങളിലെയും കൊളംബിയ ഡിസ്ട്രിക്റ്റിലെയും അറ്റോർണി ജനറൽമാർ വാഹന നിർമ്മാതാക്കളുടെ 'സ്മാർട്ട് ഡ്രൈവർ' പ്രോഗ്രാമിനെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസാണ് തീർപ്പാക്കുന്നത്. ഡ്രൈവർമാരുടെ ഡാറ്റ ജി.എം കൈകാര്യം ചെയ്ത രീതി മറ്റ് അധികാരികളും പരിശോധിക്കുന്നുണ്ട്. ഉപയോക്താക്കൾ വാങ്ങിയത് ഒരു കാറാണ്, ട്രാക്കിങ് ഡിവൈസ് അല്ലെന്ന് ഒറിഗോൺ അറ്റോർണി ജനറൽ ഡാൻ റേഫീൽഡ് പ്രസ്താവനയിൽ പറഞ്ഞു. ജി.എം ശേഖരിക്കുന്ന ഡ്രൈവിങ് ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അത് ശേഖരിക്കുന്നതിനോ പങ്കുവെക്കുന്നതിനോ മുമ്പ് ഡ്രൈവർമാരുടെ വ്യക്തമായ അനുമതി തേടണമെന്നും ഒത്തുതീർപ്പ് വ്യവസ്ഥ നിർദേശിക്കുന്നു.
Content Highlights: GM agrees to a $220 million settlement with 35 US states and DC., The lawsuit alleged illegal sale of driver behavior and location data to brokers and insurers., The Smart Driver program collected data between 2016 and 2024 without proper consent., GM is required to limit data collection and obtain express consent moving forward.