മന്ത്രി കാണിച്ചത് റോഡ്, ആളുകള്‍ കണ്ടത് നിയമലംഘനങ്ങള്‍; 140 കി.മീ സ്പീഡ്, സീറ്റ് ബെൽറ്റ് മുന്നറിയിപ്പ്

Photo: X/Nitin Gadkari
Photo: X/Nitin Gadkari

ഇന്ത്യയില്‍ ഏറ്റവും മികച്ച റോഡുകള്‍ നിര്‍മിക്കുന്നതിലാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായ നിതിന്‍ ഗഡ്കരി ഏറ്റവുമധികം പ്രധാന്യം നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ നിരവധി നിരത്തുകളില്‍ ഒരുങ്ങുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ഒരു റോഡ് സന്ദര്‍ശിച്ചതും അതുമായി ബന്ധപ്പെട്ട് എക്‌സില്‍ പങ്കുവെച്ചിട്ടുള്ള വീഡിയോയുമാണ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

ഗുജറാത്തിലെ വഡോദരയില്‍ നിന്ന് മുംബൈ വരെ നീളുന്ന ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേയിലെ നിര്‍മാണം പൂര്‍ത്തിയായ ആറ്, ഏഴ് പാക്കേജുകളുടെ നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മന്ത്രി കഴിഞ്ഞ ദിവസമാണ് ഈ സ്ഥലം സന്ദര്‍ശിച്ചത്. റോഡിലൂടെ നടന്നുള്ള പരിശോധനയ്ക്ക് ശേഷം വാഹനത്തില്‍ ഈ റോഡിലൂടെ സഞ്ചരിക്കുകയും ചെയ്തിരുന്നു. ടൊയോട്ട ഫോര്‍ച്യൂണറില്‍ യാത്ര ചെയ്യുന്നതും വീഡിയോയില്‍ കാണാം.

മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയിലാണ് മന്ത്രിയുമായി വാഹനം സഞ്ചരിക്കുന്നത്. പിന്നിലെ സീറ്റിലിരിക്കുന്ന ആളാണ് സ്പീഡോ മീറ്ററിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എക്‌സ്പ്രസ് വേ ആയതിനാല്‍ ഇത് അമിത വേഗമാണെന്നും പരാതിപ്പെടാന്‍ സാധിക്കില്ല. എന്നാല്‍, ഇത്രയും വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ മന്ത്രി സീറ്റ് ബെല്‍റ്റ് ധരിക്കാതെയാണ് ഇരിക്കുന്നതെന്നതാണ് സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് വഴിയൊരുക്കിയിരിക്കുന്നത്. സീറ്റ് ബെല്‍റ്റ് വാണിങ്ങും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ തെളിയുന്നത് കാണാം.

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയുടെ സുപ്രധാന ഭാഗമായ വഡോദര-മുംബൈ ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേയുടെ പാക്കേജ് ആറ്, ഏഴ് എന്നിവ പരിശോധിച്ചു. റോഡ് ഗതാഗത ഹൈവേ മന്ത്രാലയം, ദേശീയപാത അതോറിറ്റി എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പമായിരുന്നു പുരോഗതി അവലോകനം ചെയ്യുന്നതിനുള്ള സന്ദര്‍ശനമെന്നാണ് മന്ത്രി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.

റോഡ് നിര്‍മാണത്തിലെ ഗുണനിലവാര മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെയും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിന്റെയും നിര്‍മാണ മേഖലകളില്‍ മെച്ചപ്പെട്ട സുരക്ഷ നടപടികള്‍ ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത അറിയിച്ചു. ഇപ്പോള്‍ ഒരുങ്ങുന്ന എക്‌സ്പ്രസ് വേ പൂര്‍ത്തിയാകുന്നതോടെ യാത്ര സമയത്തില്‍ ഗണ്യമായി കുറവ് ഉണ്ടാകുകയും ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സാമ്പത്തിക വളര്‍ച്ച കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്യുമെന്നും മന്ത്രി കുറിച്ചു.

Content Highlights: Union Minister Nitin Gadkari`s high-speed drive on a new expressway, sans seatbelt, has social media buzzing with memes and criticism. See the video!