ഖജനാവിലേക്കുള്ള വരുമാനം അരക്കോടി കുറഞ്ഞു; മോട്ടോര്‍ വാഹനവകുപ്പ് വാഹനത്തിന് വാതില്‍ തുറന്ന് കളക്ടര്‍

ആദ്യം ആ കവാടം അവര്‍ക്കു മുന്നില്‍ പൂട്ടിയിട്ടു, പിന്നെ തുറന്നതേയില്ല. രണ്ടു തവണ അപേക്ഷ നല്‍കിയിട്ടും ചെവിക്കൊണ്ടില്ല. ഒടുവില്‍ വരുമാനം ഇടിഞ്ഞതോടെ വാതില്‍ തുറക്കാന്‍ അനുമതി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ ഔദ്യോഗിക വാഹനങ്ങള്‍ക്ക് രാത്രി കളക്ടറേറ്റില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ ജില്ലാ ഭരണകൂടമാണ് സര്‍ക്കാര്‍ ഖജനാവിലേക്കുള്ള വരുമാനം അരക്കോടിയോളം രൂപ കുറഞ്ഞെന്ന് ബോധ്യപ്പെട്ടതോടെ തീരുമാനം മാറ്റിയത്.
പുതിയ ഉത്തരവ് ജില്ലാ കളക്ടര്‍ രേണു രാജ് പുറത്തിറക്കി. ഏതു സമയത്തും ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് കളക്ടറേറ്റില്‍ പ്രവേശിക്കാമെന്ന ഉത്തരവാണ് കളക്ടര്‍ മോട്ടോര്‍വാഹന വകുപ്പിന് നല്‍കിയത്. കളക്ടറേറ്റിലാണ് മോട്ടോര്‍വാഹന വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ഓഫീസും എറണാകുളം ആര്‍.ടി. ഓഫീസും പ്രവര്‍ത്തിക്കുന്നത്. ഈ ഓഫീസിലെ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങള്‍ കളക്ടറേറ്റ് വളപ്പിലാണ് നിര്‍ത്തിയിടുന്നത്.
വാഹന പരിശോധനയ്ക്കായി വാഹനം കൊണ്ടുപോകുന്നതും ഡ്യൂട്ടി കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ തിരികെ കൊണ്ടുവരുന്നതും ഇവിടെത്തന്നെ. കളക്ടറേറ്റ് സുരക്ഷയുടെ പേരില്‍ രാത്രികാലങ്ങളില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ വാഹനങ്ങള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍ കളക്ടര്‍ ജാഫര്‍ മാലിക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ 24 മണിക്കൂറും വാഹനപരിശോധന നടത്തുന്ന എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ വെട്ടിലായി.
രാത്രി പരിശോധനകള്‍ കഴിഞ്ഞ് പുലര്‍ച്ചെയൊക്കെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിവരുന്നത്. ഈ സമയങ്ങളില്‍ കളക്ടറേറ്റിലെ സുരക്ഷാ ജീവനക്കാര്‍ വാതില്‍ തുറക്കാതായതോടെ നേരം പുലരുന്നതുവരെ ഉദ്യോഗസ്ഥര്‍ കളക്ടറേറ്റിന് പുറത്തു കിടക്കേണ്ട ഗതികേടായി. ഔദ്യോഗിക വാഹനം പുറത്തിട്ടു പോകാനോ, വീട്ടില്‍ കൊണ്ടുപോകാനോ പാടില്ലാത്തതിനാല്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ ദുരിതം ഇരട്ടിയായി.
ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ നേരത്തെയുണ്ടായിരുന്ന എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഗേറ്റ് തുറന്നുകൊടുത്തില്ല. ഇതേത്തുടര്‍ന്ന് രാത്രിയിലെ വാഹനപരിശോധന അധികൃതര്‍ നിര്‍ത്തിവെച്ചതോടെ സംസ്ഥാന ഖജനാവിലേക്ക് പിഴയിനത്തില്‍ നല്‍കുന്ന തുക പകുതിയായി കുറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ എറണാകുളം എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ മാത്രം 91,15,012 രൂപ സമാഹരിച്ചു.
രാത്രി, വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ, മാര്‍ച്ച് മാസത്തിലെ പിഴത്തുക 41,79,075 രൂപയായി കുറഞ്ഞു. 49.35 ലക്ഷം രൂപയുടെ കുറവാണ് വിലക്കിനെ തുടര്‍ന്ന് സര്‍ക്കാരിനുണ്ടായത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകൂടി ഉള്‍പ്പെടുത്തിയ അപേക്ഷ നല്‍കിയതോടെയാണ് പണി പാളുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത്. ഇതോടെ പുതിയ കളക്ടര്‍ രേണു രാജ് രാത്രിയും ഉദ്യോഗസ്ഥരുടെ വാഹനങ്ങളെ പ്രവേശിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.
Content Highlights: Eranakulam collector allow motor vehicle department vehicle to collectorate, mvd kerala