കൊട്ടിഘോഷിച്ചെത്തിയ ഓട്ടോ പൈലറ്റ് ഏറ്റില്ല, അപകടം പതിവ്; ടെസ്ലയ്ക്കെതിരേ അന്വേഷണം

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ടെസ്ല. ഏറ്റവും ഉയര്‍ന്ന റേഞ്ച് നല്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ എന്നതിലുപരി ഈ വാഹനത്തിന്റെ മുഖമുദ്രയായിരുന്നു ഓട്ടോ പൈലറ്റ് എന്ന സാങ്കേതിക സംവിധാനം. ഡ്രൈവറുടെ സഹായമില്ലാതെ വാഹനമോടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നതെങ്കിലും ഓട്ടോ പൈലറ്റ് മോഡിലുള്ള നിരവധി അപകടങ്ങളാണ് ടെസ്ല വാഹനങ്ങളുമായി ബന്ധപ്പെട്ട് ഉര്ന്നിട്ടുള്ളത്.
ഇത്തരത്തിലെ അപകടം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നതോടെ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയ്ക്കെതിരെ ക്രിമിനല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അമേരിക്കയുടെ നീതിന്യായ വകുപ്പ്. ഡ്രൈവര്‍ അസിസ്റ്റന്‍സ് സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനത്തില്‍ ഉപയോക്താക്കളില്‍ തെറ്റിധാരണയുണ്ടാക്കാന്‍ ടെസ്ല ശ്രമിച്ചിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ആരോപണം തെളിഞ്ഞാല്‍ കമ്പനി അധികൃതര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
ടെസ്ലയുടെ കാറുകള്‍ ഉപയോക്താക്കളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ഫീച്ചറുകളിലൊന്നാണ് ഓട്ടോ പൈലറ്റ് സംവിധാനം. എന്നാല്‍, ഓട്ടോ പൈലറ്റ് സംവിധാനത്തിന്റെ ഉപയോഗത്തിലും വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഡ്രൈവര്‍ ഒരുക്കമായിരക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് ടെസ്ല അവകാശപ്പെടുന്നത്. ഓട്ടോ പൈലറ്റ് സംവിധാനത്തിലും ഡ്രൈവറുടെ ശ്രദ്ധ പൂര്‍ണമായും വാഹനത്തില്‍ വേണമെന്ന് ടെസ്ല മുമ്പുതന്നെ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഓട്ടോ പൈലറ്റ് സംവിധാനം ഉപയോഗിച്ചുള്ള ഡ്രൈവിങ്ങിലുണ്ടായ 16 അപകടങ്ങളാണ് നാഷണല്‍ ഹൈവേ ട്രാഫിക് അഡ്മിനിസ്ട്രേഷന്റെ അന്വേഷണത്തില്‍ ഇരിക്കുന്നത്. ഇതിനുപുറമെ, ഉപയോക്താക്കളെ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരിലും ഏതാനും കേസുകള്‍ ടെസ്ല നേരിടുന്നുണ്ട്. തന്റെ വാഹനത്തിന്റെ പ്രചരണത്തിനായി ഉപയോക്താക്കളെ തെറ്റിധരിപ്പിച്ചെന്ന ആരോപണമാണ് ടെസ്ലയുടെ മേധാവിയായ ഇലോണ്‍ മസ്ക് പലപ്പോഴായി നേരിട്ടിട്ടുള്ളത്.
Source: Reuters
Content Highlights: elon musk's Tesla is under criminal investigation