ഇലക്ട്രിക് വാഹന വിപണി ഫുള്‍ ചാര്‍ജിലേക്ക്; വൈദ്യുതി താരിഫിലെ മാറ്റം ഗുണമായത് ഇ.വി. ചാര്‍ജിങ്ങിന്

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കൊച്ചി: വൈദ്യുതി ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാണെങ്കിലും ഇത്തവണത്തെ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ താരിഫ് ഉത്തരവ് വൈദ്യുതി വാഹനവിപണിക്ക് കുതിപ്പേകും. ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് വൈദ്യുതിബോര്‍ഡ് എനര്‍ജി ചാര്‍ജിനൊപ്പം 'ഫിക്‌സഡ്' ചാര്‍ജും ഈടാക്കിയിരുന്നത് കമ്മിഷന്റെ ഉത്തരവോടെ ഒഴിവായിരിക്കുകയാണ്.

ചെറുകിട ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് ലോടെന്‍ഷന്‍ വിഭാഗത്തില്‍ കിലോവാട്ടിന് നൂറ് രൂപയും വന്‍കിട ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് ഹൈടെന്‍ഷന്‍ വിഭാഗത്തില്‍ 'ഡിമാന്‍ഡ് ചാര്‍ജ്' എന്ന പേരില്‍ കിലോവാട്ടിന് 290 രൂപയുമാണ് ഈടാക്കിയിരുന്നത്. ഇതുകൂടി ചേര്‍ത്താണ് ഉപഭോക്താക്കളില്‍നിന്ന് ചാര്‍ജിങ് സ്റ്റേഷനുകള്‍ നിരക്കുകള്‍ ഈടാക്കിയിരുന്നത്. ഈ നിരക്കുകള്‍ക്ക് ഏകീകൃത സ്വഭാവമില്ലെന്നു മാത്രമല്ല കൂടുതലുമാണ്.

ഇത് ചൂണ്ടിക്കാട്ടി 'കേരളമേ ഇതെന്തൊരു ചാര്‍ജാണ്...' എന്ന തലക്കെട്ടില്‍ 'മാതൃഭൂമി' 2024 സെപ്റ്റംബര്‍ 21-ന് വാര്‍ത്ത നല്‍കിയിരുന്നു. പുതിയ തീരുമാനത്തോടെ ചാര്‍ജിങ് നിരക്കുകള്‍ കുറയുകയും ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ കൂടുതല്‍ കമ്പനികള്‍ രംഗത്തെത്തുകയും ചെയ്യും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 

കേന്ദ്ര കണക്കുകള്‍ പ്രകാരം കേരളത്തില്‍ 1,212 ഇ.വി. ചാര്‍ജിങ് സ്റ്റേഷനുകളുണ്ട്. ഒരു ബിസിനസ് എന്ന നിലയില്‍ ചാര്‍ജിങ് സ്റ്റേഷന്‍ മേഖല വളര്‍ന്നുവരുകയാണ്. സംസ്ഥാനത്ത് 15 മുതല്‍ 23 രൂപവരെയാണ് ചാര്‍ജിങ്ങിന് വിവിധ കമ്പനികള്‍ ഈടാക്കുന്നത്. ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് വൈദ്യുതി നല്‍കുന്ന വൈദ്യുതി വിതരണ കമ്പനികള്‍, എനര്‍ജി ചാര്‍ജ് (സിംഗിള്‍പാര്‍ട്ട്) മാത്രമേ ഈടാക്കാവു എന്നാണ് കേന്ദ്ര നിര്‍ദേശം. ഇത് കേരളം നടപ്പാക്കാത്തതായിരുന്നു ചാര്‍ജിങ് നിരക്കുകള്‍ ഉയരാന്‍ കാരണം. 

സംസ്ഥാനം ലോടെന്‍ഷന്‍ വിഭാഗത്തില്‍ കിലോവാട്ടിന് 5.50 രൂപയാണ് എനര്‍ജി ചാര്‍ജ് നിശ്ചയിച്ചത്. ഇതിനൊപ്പം കിലോവാട്ടിന് നൂറുരൂപ നിരക്കില്‍ ഫിക്‌സഡ് ചാര്‍ജും ഈടാക്കി. 60 കിലോവാട്ടിന്റെ ചാര്‍ജിങ് സ്റ്റേഷന് ഫിക്‌സഡ് ചാര്‍ജ് ഇനത്തില്‍ മാസം 6,000 രൂപ നല്‍കണം.

പുതിയ തീരുമാനപ്രകാരം ലോ ടെന്‍ഷനില്‍ കിലോവാട്ടിന് 5.50 രൂപയായിരുന്ന എനര്‍ജി ചാര്‍ജ് അടുത്ത രണ്ട് സാമ്പത്തിക വര്‍ഷത്തേക്ക് 7.15 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. സമാനമായി ഹൈടെന്‍ഷന്‍ വിഭാഗത്തില്‍ കിലോവാട്ടിന് ആറ് രൂപയായിരുന്ന എനര്‍ജി ചാര്‍ജ് ഏഴ് രൂപയുമാക്കി ഉയര്‍ത്തി. അപ്പോഴും ഫിക്‌സഡ് ചാര്‍ജ് മൂലമുണ്ടായിരുന്ന ഭീമമായ വര്‍ധന ചാര്‍ജിങ് നിരക്കുകളില്‍ നിന്നൊഴിവാകുന്നത് വലിയ ആശ്വാസമാണ്.

Content Highlights: electricity regulatory commission has slashed EV charging station costs by removing fixed charges