ചാർജിങ്ങിന് മണിക്കൂറുകൾ പാഴാക്കേണ്ടതില്ല; ഇലക്ട്രിക് ബസ്സുകൾക്കും വയർലെസ് ചാർജിങ്

#Auto Desk
പ്രതീകാത്മക ചിത്രം | Photo: Electreon.com
പ്രതീകാത്മക ചിത്രം | Photo: Electreon.com

ലക്ട്രിക് വാഹനങ്ങൾക്ക് ലോകമെമ്പാടും വൻ പ്രചാരമാണ് ലഭിക്കുന്നത്. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് അനുസരിച്ചുള്ള മാറ്റങ്ങൾ ഇലക്ട്രിക് വാഹനങ്ങളിലും അവയുടെ ചാർജിങ് സംവിധാനങ്ങളിലുമെല്ലാം ഉണ്ടാകുന്നുണ്ട്. ഇതിൽ ഏറ്റവും ഒടുവിലേത് എന്ന വിശേഷിപ്പിക്കാവുന്നതാണ് ഇലക്ട്രിക് വാഹനങ്ങളുടെ വയർലെസ് ചാർജിങ് സംവിധാനം. ഇലക്ട്രോൺ എന്ന കമ്പനിയാണ് പൊതുഗതാഗത മേഖലയ്ക്കായി വയർലെസ് ചാർജിങ് സംവിധാനം ഒരുക്കുന്നത്.

ടെൽ അവീവിൽ നടന്ന സാംസൺ സ്മാർട്ട് മൊബിലിറ്റി ഉച്ചകോടിയിലാണ് ഇലക്ട്രോൺ ഇസ്രായേലിന്റെ കൺട്രി മാനേജർ ഗിലാഡ് ഷാരോൺ കമ്പനിയുടെ ചാർജിങ് ഇൻഫ്രാസ്ട്രകചർ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നത് സംബന്ധിച്ച് എൻഡിടിവിയോട് വിശദീകരിച്ചത്. ഇലക്ട്രിക് ബസുകൾക്ക് കേബിളുകളും മറ്റ് മാനുവൽ സംവിധാനങ്ങളും ഒന്നുമില്ലാതെ സ്വയം ചാർജ് ആകുന്ന സംവിധാനമാണ് ഇലക്ട്രോൺ വികസിപ്പിച്ചിരിക്കുന്നത്.

ബസുകൾ കടന്നുപോകുന്ന റോഡുകളിലോ, പാർക്കിങ് ഡിപ്പോകളിലോ സ്ഥാപിച്ചിട്ടുള്ള വയർലെസ് ചാർജിങ് പാഡുകൾ വഴിയാണ് ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്. ഇലക്ട്രിക് ബസുകൾ ഈ ചാർജിങ് പോയിന്റുകൾക്ക് മുകളിൽ പാർക്ക് ചെയ്താൽ സ്വയം ചാർജ് ആവാൻ തുടങ്ങുമെന്നാണ് ഇലക്ട്രോൺ അവകാശപ്പെടുന്നു. ഡ്രൈവർമാർ ചാർജറുകൾ പ്ലഗ് ചെയ്യുകയോ കേബിളുകൾ ഉപയോഗിക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് ഇതിന്റെ ഗുണമായി പറയുന്നത്.

ഇസ്രയേലിലെ ഏറ്റവും വലിയ പൊതുഗതാഗത ഓപ്പറേറ്റർമാർ നിലവിൽ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഈ ചാർജിങ് സൈറ്റ് പ്രവർത്തിക്കുന്നുണ്ട്. നിരവധി ഇലക്ട്രിക് ബസ്സുകളാണ് ദിനപ്രതി ഈ വയർലെസ് ചാർജിങ് സംവിധാനം ഉപയോഗിക്കുന്നത്. ചെറിയ സ്‌റ്റോപ്പുകളിൽ നിരന്തരമായ ചാർജിങ് സാധ്യമാകുമെന്നതാണ് ഈ സംവിധാനത്തിന്റെ മേന്മകളിൽ ഒന്നായി പറയുന്നത്.

അൾട്രാ ഫാസ്റ്റ് ചാർജറുകൾ ഉപയോഗിച്ച് ബസുകൾ പൂർണമായും ചാർജ് ചെയ്യുന്നത് കാത്തിരിക്കുന്നതിന് പകരം, ടെർമിനലുകളിലോ ഡിപ്പോകളിലോ എത്തുമ്പോൾ ബസുകൾക്ക് ചെറിയ പവർ ടോപ്പ് അപ്പുകൾ ലഭിക്കുന്ന സംവിധാനമാണിത്. ഇലക്ട്രോണിന്റെ വയർലെസ് ചാർജിങ് സംവിധാനം നിലവിൽ 90 കിലോവാട്ട് വരെയുള്ള ചാർജിങ് വേഗതയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വയർലെസ് ചാർജിങ് സംവിധാനം വലിയ ഇലക്ട്രിക് ബസ് ഫ്‌ളീറ്റുകൾക്ക് കൂടുതൽ പ്രയോജനകരമാകുമെന്നാണ് ഇലക്ട്രോൺ അവകാശപ്പെടുന്നത്. അൾട്രി-ഫാസ്റ്റ് ചാർജിങ് സംവിധാനം ഒരുക്കുന്നത് കൂടുതൽ ചെലവേറിയ കാര്യമാണ്. മാത്രവുമല്ല, കാലക്രമേണ ഇത് വാഹനങ്ങളുടെ ബാറ്ററി ലൈഫിനെ ബാധിച്ചേക്കാം. നഗരത്തിലുടനീളം വയർലെസ് ചാർജിങ് സംവിധാനം ഒരുക്കുന്നത്, ബസുകളുടെ ദീർഘനേര പ്രവർത്തനങ്ങൾക്ക് സഹായകരമാകും.

സമീപകാലത്തായി ഇന്ത്യയിൽ ഇലക്ട്രിക് ബസ് വിപണിയിൽ വലിയ വളർച്ചയുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചിട്ടുണ്ടെന്നും ഇലക്ട്രോൺ അറിയിച്ചു. വിപണി വിശാലമായതോടെ മെച്ചപ്പെട്ട ചാർജിങ് സംവിധാനങ്ങൾക്കുള്ള ആവശ്യം വർധിച്ചിട്ടുണ്ട്. വയർലെസ് ചാർജിങ് സംവിധാനം വികസിപ്പിക്കാൻ താത്പര്യമുള്ള പല ഇന്ത്യ കമ്പനികളും ഞങ്ങളെ സമീപിച്ചിട്ടുണ്ടെന്നും ഗിലാഡ് ഷാരോൺ പറഞ്ഞു.

Source

Content Highlights: Wireless charging pads installed in roads and depots allow buses to charge automatically., Eliminates the need for manual plugging, saving operational time and labor., Supports up to 90kW charging speed for efficient power top-ups., Reduces strain on battery life compared to ultra-fast wired chargers., Electreon is exploring entry into the growing Indian electric bus market.