'E20' നാളെ സുപ്രീം കോടതിയിൽ; ആശങ്കകളിൽ വിശദീകരണവുമായി വാഹന നിർമാതാക്കളും എണ്ണ കമ്പനികളും

പഴയ വാഹനങ്ങളിൽ E20 ഇന്ധനം ഉപയോഗിക്കുന്നതിൻ്റെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്കകൾ തുടരുന്നതിനിടെ, ഉയർന്ന എഥനോൾ മിശ്രിതം ഇന്ധനക്ഷമതയെ കാര്യമായി ബാധിക്കില്ലെന്ന് വാഹന നിർമാതാക്കളും എണ്ണ വിപണന കമ്പനികളും ഏകകണ്ഠമായി അറിയിച്ചു. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫേക്ചേഴ്സ് (SIAM), ഓട്ടോമോട്ടീവ് സിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോളിയം ഇൻഡസ്ട്രി (FIPI) എന്നിവർ സംഘടിപ്പിച്ച സംയുക്ത വാർത്താസമ്മേളനത്തിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയത്.
പഴയ മോഡലുകളിൽപോലും E20 ഉപയോഗിക്കുന്നത് മൂലം എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാൽ നിർമാതാക്കൾ എല്ലാ വാറന്റികളും മാനിക്കുമെന്ന് വ്യവസായ പ്രമുഖർ ഉറപ്പുനൽകി. വാഹനത്തിന്റെ തരവും അവസ്ഥയും അനുസരിച്ച് ഇന്ധനക്ഷമതയിൽ രണ്ടുമുതൽ നാലുശതമാനം വരെ നേരിയ വ്യത്യാസം വന്നേക്കാമെന്നും അവർ വ്യക്തമാക്കി.E20 ഇന്ധനം വാഹനങ്ങളുടെ, പ്രത്യേകിച്ച് പഴയ വാഹനങ്ങളുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന ഉപഭോക്താക്കളുടെ ഭയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.
സർക്കാർ നിർദേശപ്രകാരം, 2025 ഏപ്രിൽ മുതൽ നിർമിക്കുന്ന എല്ലാ വാഹനങ്ങളും E20 ഇന്ധനത്തിന് അനുയോജ്യമായവയായിരിക്കണം. 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും അടങ്ങിയ പെട്രോൾ മിശ്രിതമാണ് E20.
ഈ മാറ്റത്തിന്റെ ഘട്ടത്തിൽ ഉപഭോക്താക്കളെ പിന്തുണയ്ക്കാൻ വാഹനവ്യവസായം പ്രതിജ്ഞാബദ്ധമാണെന്നും വാറന്റികൾ മാനിക്കപ്പെടുമെന്നും SIAM എക്സിക്യൂട്ടീവ് ഡയറക്ടർ പ്രശാന്ത് കെ. ബാനർജി പറഞ്ഞു. E20 ഉപയോഗിക്കുന്നത് കൊണ്ട് പഴയ വാഹനങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവർ നടത്തിയ പഠനങ്ങൾ ഉദ്ധരിച്ച്, പഴയ വാഹനങ്ങളെ E20 ഇന്ധനം പ്രതികൂലമായി ബാധിക്കില്ലെന്ന് വ്യവസായ പ്രമുഖർ ആവർത്തിച്ചു.
ഈ നയം കാർബൺ ബഹിർഗമനം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, കർഷകർക്ക് വരുമാനത്തിനുള്ള അവസരങ്ങൾ നൽകുകയും അതുവഴി വിദേശനാണ്യ നഷ്ടം കുറയ്ക്കുകയും ചെയ്യുമെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ കൺട്രി ഹെഡും കോർപ്പറേറ്റ് അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ വിക്രം ഗുലാത്തി പറഞ്ഞു. ഉപഭോക്താക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി ഡീലർഷിപ്പുകൾ വഴി ബോധവൽക്കരണ പരിപാടികൾ നടത്താനും വ്യവസായ സംഘടനകൾ പദ്ധതിയിട്ടിട്ടുണ്ട്.
അതേസമയം, എഥനോൾ മിശ്രിതം ചേർക്കാനുള്ള നിർദേശത്തെ ഒരു പൊതുതാൽപര്യ ഹർജിയിലൂടെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ഇതിന്റെ വാദം കേൾക്കൽ സെപ്റ്റംബർ ഒന്നിന് നടക്കും. E20 പെട്രോൾ നിർബന്ധമാക്കുന്നതിന് പകരം, അത് ഉപയോഗിക്കണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം ഉപഭോക്താക്കൾക്ക് നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പഴയ വാഹനങ്ങളിൽ എഥനോൾ ഇന്ധനം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഹർജിയിൽ ചർച്ച ചെയ്യും.
Content Highlights: Automakers assure E20 fuel compatibility with older vehicles, addressing concerns about performance