ഇ-20 പെട്രോൾ; കരിമ്പ് എല്ലാം എഥനോളിനായി പോകുന്നു, പഞ്ചസാര ഉത്പാദനം കുറഞ്ഞു, വിലയും കൂടി

കോഴിക്കോട്: ഇ-20 പെട്രോൾ വരവ് കേരളത്തിലെ പഞ്ചസാര വിലയെ ബാധിച്ചു. ഒരുമാസത്തിനിടെ ക്വിന്റലിനു കൂടിയത് 520 രൂപ. ഇ-20 പെട്രോളിനാവശ്യമായ എഥനോൾ നിർമാണത്തിന് കരിമ്പ് കൂടുതൽ ഉപയോഗിക്കുന്നതു കാരണം പഞ്ചസാര ഉത്പാദനത്തിൽ വന്ന കുറവാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.
സംസ്ഥാനത്ത് ജൂണിൽ ക്വിന്റലിന് 4380 രൂപയായിരുന്ന പഞ്ചസാരയ്ക്കിപ്പോൾ 4900 രൂപയാണ് വില. ചില്ലറവിൽപ്പനയിൽ കിേലായ്ക്ക് ആറുരൂപവരെയാകും വർധന. ലോകത്ത് കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലാണ് കൂടുതൽ കൃഷി നടക്കുന്നത്. കേരളത്തിലേക്ക് ആവശ്യമായ പഞ്ചസാരയുടെ നല്ലൊരുശതമാനവും എത്തുന്നത് മഹാരാഷ്ട്രയിൽനിന്നാണ്.
എൽനിനോ പ്രതിഭാസം കാരണം മൺസൂൺ വൈകിയതും കരിമ്പുകൃഷിയെ ബാധിച്ചിരുന്നു. പഞ്ചസാര ഉത്പാദനത്തെ അപേക്ഷിച്ച് കരിമ്പിൽനിന്ന് നേരിട്ട് എഥനോൾ നിർമിക്കുന്നത് പഞ്ചസാരമില്ലുകൾക്ക് കൂടുതൽ ലാഭകരമാണ്.
കാലാവസ്ഥാവ്യതിയാനം ഉത്പാദനത്തെ ബാധിച്ചതോടെ ആഭ്യന്തരലഭ്യത ഉറപ്പാക്കാൻ പഞ്ചസാരക്കയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. സെപ്റ്റംബർ 30 വരെയാണ് നിരോധനം.
Content Highlights: E-20 petrol mandates divert sugarcane to ethanol production., Sugar prices in Kerala surged by Rs 520 per quintal in one month., Retail prices increased by Rs 6 per kg., El Niño weather patterns have negatively impacted sugarcane cultivation., Central government has banned sugar exports until September 30 to stabilize domestic supply.