MVD ഓഫർ; ഗതാഗത നിയമലംഘനത്തിന് പകുതി പിഴയടച്ച് തടിയൂരിയത് ആയിരങ്ങൾ, ഖജനാവിലെത്തിയത് ലക്ഷങ്ങളും

ഒറ്റപ്പാലം: ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിന് ഇ-ചലാൻ ലഭിച്ചവർക്ക് 50 ശതമാനം ഇളവോടെ പിഴയൊടുക്കാനുള്ള സമയം വ്യാഴാഴ്ച കഴിയും. 2024 ഡിസംബർ 31-നുള്ളിൽ ലഭിച്ച ഇ-ചലാനുകൾക്കാണ് 50 ശതമാനം ഇളവുള്ളത്. പാലക്കാട് ജില്ലയിൽ ഇതുവരെ 5,737 ഇ-ചലാനുകളാണ് മോട്ടോർ വാഹനവകുപ്പും പോലീസും ചേർന്ന് തീർപ്പാക്കിയത്. ഈ വകയിൽ 54.37 ലക്ഷം രൂപ പിഴയായി സർക്കാരിനു ലഭിച്ചു.
മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിൽ നേരിട്ടെത്തി പിഴയൊടുക്കിയവരും അദാലത്തിലൂടെ പിഴയൊടുക്കിയവരും ഉൾപ്പെടെയാണിത്. പാലക്കാട് എൻഫോഴ്സ്മെന്റ് വിഭാഗം ആർ.ടി. ഓഫീസിൽ നടത്തിയ അദാലത്തിൽ ഇതുവരെ 27.61 ലക്ഷം രൂപയാണ് ഈടാക്കിയത്. പട്ടാമ്പിയിൽ പത്തു ലക്ഷം രൂപയും മണ്ണാർക്കാട്ട് 7.50 ലക്ഷം രൂപയും ഒറ്റപ്പാലത്ത് 6.94 ലക്ഷം രൂപയും ആലത്തൂരിൽ 1.27 ലക്ഷം രൂപയും ചിറ്റൂരിൽ 1.21 ലക്ഷം രൂപയും ഈടാക്കിയെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു. ഇതിനുപുറമേ, ഓൺലൈനായി പിഴയൊടുക്കിയവരുമുണ്ട്.
പട്ടാമ്പിയിലാണ് കൂടുതൽ ചലാനുകൾ കെട്ടിക്കിടക്കുന്നത്. ഇവിടെ 7,000-ത്തോളം ചലാനുകളിൽ 1,300-ഓളം പേർ ഇളവ് വിനിയോഗിച്ചു. കോടതിയിലേക്കു മാറ്റാത്ത ഇ-ചലാനുകൾ അതത് ഓഫീസുകളിൽ വേഗം പിഴയൊടുക്കാനാകും. എന്നാൽ, സമയപരിധി കഴിഞ്ഞശേഷം കോടതിയിലേക്കു മാറ്റിയ ഇ-ചലാനുകൾക്ക് അതത് ആർ.ടി. ഓഫീസിലെത്തിയാലേ പിഴയൊടുക്കാനാകൂ. 30-നകം പിഴയടയ്ക്കാത്തവരുടെ കേസുകൾ കോടതി നടപടികൾ നേരിടേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്.
കൊച്ചിയിൽ രണ്ടാംദിനം 10.5 ലക്ഷം പിരിഞ്ഞു
കാക്കനാട്: മോട്ടോർ വാഹനവകുപ്പും പോലീസും സംയുക്തമായി നടത്തുന്ന ഇ-ചലാൻ 'ആംനസ്റ്റി സ്‌കീം 2026' അദാലത്തിന്റെ രണ്ടാം ദിനവും വാഹന ഉടമകളുടെ വൻതിരക്ക്. ചൊവ്വാഴ്ച മാത്രം 280 ചലാനുകളിൽ നിന്നായി 10.5 ലക്ഷം രൂപ പിഴത്തുകയായി ഈടാക്കി. പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെയാണ് കളക്ടറേറ്റ് സമുച്ചയത്തിലെ എൻഫോഴ്‌സ്മെന്റ് ആർ.ടി. ഓഫീസിൽ അസാധാരണമായ തിരക്ക് അനുഭവപ്പെടുന്നത്.
നിയമലംഘനത്തിന്റെ പേരിൽ കോടതിയിലേക്ക് കൈമാറിയ കേസുകൾ പോലും പ്രത്യേക അനുമതിയോടെ തിരിച്ചുവിളിച്ച് പിഴ അടയ്ക്കാനുള്ള സൗകര്യം അദാലത്തിൽ ഒരുക്കിയിട്ടുണ്ട്. 2024 ഡിസംബർ 31 വരെയുള്ള നിയമലംഘനങ്ങൾക്കാണ് ഈ 50 ശതമാനം ഇളവ് ലഭിക്കുന്നത്. ഈ മാസം 30 വരെയാണ് അദാലത്ത് നീണ്ടുനിൽക്കുന്നത്. ഈ കാലാവധിക്കുള്ളിൽ ആനുകൂല്യം പ്രയോജനപ്പെടുത്താത്തവർക്ക് പിന്നീട് മുഴുവൻ പിഴത്തുകയും ഒടുക്കേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി.
രാവിലെ 10 മുതൽ വൈകീട്ട് 5 വരെ കളക്ടറേറ്റിലെ താഴത്തെനിലയിലുള്ള എറണാകുളം എൻഫോഴ്‌സ്മെന്റ് ആർ.ടി. ഓഫീസിലാണ് അദാലത്ത് നടക്കുന്നത്. പകുതി തുക നൽകി കേസുകൾ തീർപ്പാക്കാൻ ലഭിക്കുന്ന അവസാന അവസരമാണിതെന്ന് അധികൃതർ അറിയിച്ചു.
Content Highlights: 50% discount on traffic fines for violations up to December 31, 2024., Amnesty Scheme 2026 deadline is January 30., Cases transferred to court can be settled at RTO offices., Failure to pay before the deadline leads to full fine recovery and court action.