ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്; ദുബായ് നിരത്തുകൾ കീഴടക്കാനൊരുങ്ങി സ്വയംനിയന്ത്രിത വാഹനങ്ങൾ

#Auto Desk
ശൈഖ് ഹംദാന്‍ സ്വയംനിയന്ത്രിത വാഹനത്തില്‍.
ശൈഖ് ഹംദാന്‍ സ്വയംനിയന്ത്രിത വാഹനത്തില്‍.

ദുബായ്: എമിറേറ്റിൽ അടുത്തമാസം സ്വയംനിയന്ത്രിത വാഹനങ്ങൾ സർവീസ് ആരംഭിക്കുമെന്ന് യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

ദുബായുടെ ഭാവിഗതാഗതം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിന് നൂതന യാത്രാമാർഗങ്ങൾ സംഭാവനകൾ നൽകും. ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന സുസ്ഥിര, സ്മാർട്ട് ഗതാഗതം പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഭാവിയിലേക്കുള്ള ഞങ്ങളുടെ യാത്രയുടെ തുടക്കം മാത്രമാണിത്. ഏറ്റവും മികച്ചത് ദുബായിൽ വരാനിരിക്കുന്നതേയുള്ളൂവെന്നും ശൈഖ് ഹംദാൻ പറഞ്ഞു. ബൈദു അപ്പോളോ ഗോയുടെ സ്വയംനിയന്ത്രിത വാഹനത്തിൽ സഞ്ചരിക്കുന്ന വീഡിയോയും അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പങ്കിട്ടിരുന്നു.

പോണി. എ.ഐ., ഉബർ, ബൈദു അപ്പോളോ ഗോ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് 100 ഡ്രൈവറില്ലാ ടാക്‌സികൾ നിരത്തിലിറക്കാനാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.) ലക്ഷ്യമിടുന്നത്. അടുത്ത വർഷാവസാനത്തോടെ യു.എ.ഇ.യിലും സൗദി അറേബ്യയിലുമായി ഏകദേശം 1200 റോബോ ടാക്‌സികൾ വിന്യസിക്കുമെന്ന് സ്വയംനിയന്ത്രിത വാഹന സാങ്കേതികവിദ്യ സ്ഥാപനമായ വി റൈഡ് അധികൃതർ അറിയിച്ചിട്ടുണ്ട്.

അബുദാബി, ദുബായ്, റിയാദ് എന്നിവിടങ്ങളിലാണ് ടാക്‌സികൾ വിന്യസിക്കാനൊരുങ്ങുന്നത്. ഉബർ ആപ്പ് വഴി ടാക്‌സികൾ ലഭ്യമാക്കാനാണ് പദ്ധതി. നിലവിൽ 200-ലേറെ റോബോ ടാക്‌സികൾ പ്രദേശങ്ങളിലുണ്ട്. ഡ്രൈവറില്ലാ വാഹനങ്ങളുടെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ഭാവിയിൽ റോബോ ടാക്‌സികളുടെ നിര വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഉബർ ആപ്പിൽ വീ റൈഡിന്റെ റോബോ ടാക്‌സികൾ ലഭ്യമാക്കുമെന്ന് കഴിഞ്ഞ ഡിസംബറിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.) അറിയിച്ചിട്ടുണ്ട്.

നിലവിൽ ദുബായിലെ ഉംസുഖീമിലും ജുമൈറയിലും പരീക്ഷണാടിസ്ഥാനത്തിൽ സ്വയംനിയന്ത്രിത വാഹനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 2030 ആകുമ്പോഴേക്കും എമിറേറ്റിലെ മുഴുവൻയാത്രകളുടെയും 25 ശതമാനവും സ്വയംനിയന്ത്രിത വാഹനങ്ങളിലാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

Content Highlights: Dubai is set to launch self-driving taxis next month, revolutionizing transportation. Experience the future of smart, safe, and efficient travel.