ഡ്രൈവറില്ലാ വാഹന യുഗത്തിലേക്ക്; ഒറ്റ ചാർജിൽ 250 കിലോമീറ്റർ യാത്ര, ഡ്രൈവറില്ലാ പോഡുകളും വരുന്നു

#Auto Desk
ഡ്രൈവറില്ലാ പോഡുകളുടെ ഉദ്ഘാടനച്ചടങ്ങിൽനിന്ന്.
ഡ്രൈവറില്ലാ പോഡുകളുടെ ഉദ്ഘാടനച്ചടങ്ങിൽനിന്ന്.

ദുബായ്: ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്നതിന് ഡ്രൈവറില്ലാ പോഡുകളുടെ പരീക്ഷണം തുടങ്ങി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.). പരീക്ഷണയാത്രയുടെ ഉദ്ഘാടനം ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ നിർവഹിച്ചു. ഗതാഗതരംഗത്തെ മികച്ച കണ്ടുപിടിത്തങ്ങളും സാങ്കേതികവിദ്യകളും എമിറേറ്റിൽ പരീക്ഷിച്ച് വിലയിരുത്താൻ ആർ.ടി.എ. പ്രതിജ്ഞാബദ്ധമാണെന്ന് അൽ തായർ പറഞ്ഞു.

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാണ് ദുബായ് ഗ്ലൈഡ്വേയ്സ് എന്ന ഓട്ടമേറ്റഡ് ട്രാൻസിറ്റ് സംവിധാനം ഒരു മാസത്തേക്ക് പരീക്ഷിക്കുന്നത്. ഗ്ലൈഡ്വേയ്സ് സ്ഥാപകനും സഹ സി.ഇ.ഒ.യുമായ മാർക്ക് സീഗർ, സഹ സി.ഇ.ഒ. യും ചീഫ് ടെക്‌നോളജി ഓഫീസറുമായ ബ്ലേക്ക് ബാർബറും ആദ്യ യാത്രയിൽ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു.

വാഹനങ്ങളെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കൺട്രോൾ സെന്ററിന്റെ പ്രവർത്തനങ്ങൾ അൽ തായർ നേരിട്ട് പരിശോധിച്ചു. പൊതുസുരക്ഷ, വിശ്വാസ്യത, യാത്രാനുഭവം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വാഹനത്തിന്റെ പ്രവർത്തനക്ഷമത വിലയിരുത്താനാണ് പരീക്ഷണം നടത്തുന്നത്. സ്വയം - നിയന്ത്രിത ഡ്രൈവിങ് രീതികൾ, കൺട്രോൾ സെന്ററുമായുള്ള ആശയവിനിമയം, നിയന്ത്രണ സംവിധാനങ്ങൾ, യാത്രാസമയം എന്നിവയും പരീക്ഷണത്തിൽ ഉൾപ്പെടും.

പ്രത്യേകം സജ്ജീകരിച്ച ട്രാക്കുകളിലൂടെയാണ് ചെറു ഇലക്ട്രിക് പോഡുകൾ സഞ്ചരിക്കുക. ഒരേസമയം ആറ് യാത്രക്കാരെ വരെ ഉൾകൊള്ളാൻ ശേഷിയുള്ള പോഡിന് ഒറ്റ ചാർജിൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗം കൈവരിക്കാനുമാകും.

നഗര യാത്രകൾ സുഗമമാക്കുന്നതിന് ഈ നിർമിത ബുദ്ധി അധിഷ്ഠിത വൈദ്യുത ഗതാഗത സംവിധാനം മികച്ച സംഭാവനകൾ നൽകുമെന്നാണ് വിലയിരുത്തൽ. സാധാരണ പൊതുഗതാഗത സംവിധാനങ്ങളിൽനിന്ന് വ്യത്യസ്തമായി യാത്രക്കാരുടെ ആവശ്യാനുസരണം 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാക്കാനാണ് ഗ്ലൈഡ്വേയ്സ് സംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്. പോഡിനുള്ളിൽ ശീതീകരണ, വിനോദ സംവിധാനങ്ങൾ യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ക്രമീകരിക്കാൻ കഴിയും.

എ.ഐ., സെൻസറുകൾ, റഡാർ, അത്യാധുനിക ക്യാമറകൾ എന്നിങ്ങനെ നൂതന സംവിധാനങ്ങളാണ് ഈ കുഞ്ഞൻ ഡ്രൈവറില്ലാ വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. സഞ്ചാരപാത നിരീക്ഷിക്കാനും വിവിധ സാഹചര്യങ്ങൾക്ക് അനുസൃതമായി സ്വയം നിയന്ത്രിക്കാനും ഇവയ്ക്ക് സാധിക്കും.

ഇരു ദിശകളിലുമായി മണിക്കൂറിൽ 20000-ലേറെ യാത്രക്കാരെ കൊണ്ടുപോകുന്ന വിധമാണ് പുതിയ യാത്രാ സംവിധാനം രൂപകല്പന ചെയ്തിട്ടുള്ളത്. മറ്റു ഗതാഗത സംവിധാനങ്ങളെ അപേക്ഷിച്ച് ഇവയുടെ നിർമാണച്ചെലവിൽ 90 ശതമാനം വരെയും പ്രവർത്തനച്ചെലവിൽ 70 ശതമാനം വരെയും ലാഭിക്കാമെന്നാണ് വിലയിരുത്തൽ. പുതിയ ഗതാഗത സംവിധാനത്തിന്റെ പ്രവർത്തന സന്നദ്ധതയും ഭാവി ഉപയോഗ സാധ്യതയും മനസ്സിലാക്കാൻ പരീക്ഷണ ഫലങ്ങൾ സഹായിക്കും.

Content Highlights: RTA Dubai begins a one-month trial of driverless pods to ease city traffic., Pods feature a 250 km range per single charge and a top speed of 50 km/h., Capacity of up to 6 passengers per pod with 24/7 on-demand service., Built with AI, sensors, radar, and advanced cameras for autonomous navigation., Significantly reduces construction and operational costs compared to traditional transit.