ഡ്രൈവിങ് ലൈസൻസ്‌ കാലാവധി 20ൽ നിന്ന് 50 വർഷമാക്കുന്നു; നിർദേശം പരിഗണനയിൽ

#Auto Desk
പ്രതീകാത്മക ചിത്രം | Photo: AP, MBI
പ്രതീകാത്മക ചിത്രം | Photo: AP, MBI

രാജ്യത്തെ കോടിക്കണക്കിന് വരുന്ന ഡ്രൈവിങ് ലൈസൻസ് ഉടമകൾക്ക് ആശ്വാസമാകുന്ന നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. നിലവിൽ 20 വർഷത്തെ കാലാവധിയിൽ നൽകുന്ന ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി 50 വർഷമായി ഉയർത്താനുള്ള നിർദേശമാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പരിഗണിക്കുന്നത്. ഇത് നടപ്പായാൽ ലൈസൻസ് പുതുക്കൽ ബുദ്ധിമുട്ട് കുറയുമെന്നതാണ് ലൈസൻസ് ഉടമകൾക്ക് ലഭിക്കുന്ന പ്രധാന നേട്ടം.

ഗതാഗത മേഖലയിൽ വരുത്തേണ്ട പരിഷ്‌കാരങ്ങൾ സംബന്ധിച്ച് നിരവധി നിർദേശങ്ങളാണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നത്. ലൈസൻസിന്റെ കാലാവധി വർധിപ്പിക്കുകയെന്നത് ഇതിൽ ഒരെണ്ണം മാത്രമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ലൈസൻസ് കാലാവധി ഉയർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ 20 വർഷം കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസാണ് ആദ്യം അനുവദിക്കുന്നത്. ഈ കാലവധി അവസാനിച്ചതിന് ശേഷം ലൈസൻസ് ഉടമ ഇത് പുതുക്കുന്നതിന് അപേക്ഷ നൽകേണ്ടതുണ്ട്. എന്നാൽ, അപേക്ഷ നൽകുന്ന വ്യക്തിയുടെ പ്രായം ഉൾപ്പെടെ പരിഗണിച്ച് പല സാഹചര്യങ്ങളിലും ആരോഗ്യ സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകൾ ഉദ്യോഗസ്ഥർ ആവശ്യപ്പെടാറുണ്ടെന്നാണ് വിവരം.

ഇത്തരം നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും പൊതുസേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനുമായാണ് ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി 50 വർഷമായി വർധിപ്പിക്കാനുള്ള നിർദേശം ഉയർന്നിരിക്കുന്നത്. എന്നാൽ, ലൈസൻസിന്റെ കാലാവധി ഉയർത്തുന്നതിലൂടെ പുതുക്കലിലൂടെ ലഭിക്കുന്ന വരുമാനത്തിൽ വലിയ നഷ്ടമുണ്ടാകുമെന്നാണ് ചില സംസ്ഥാന സർക്കാരുകൾ ഉയർത്തുന്ന ആശങ്കകൾ. എന്നാൽ, ഇത്തരം ആശങ്കകൾക്ക് സ്ഥാനമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഡ്രൈവിങ് ലൈസൻസ് നേടുന്നതിനും പുതുക്കുന്നതിനുള്ള ഫീസുകൾ ഓൺലൈൻ മുഖേന കൈപ്പറ്റുന്നത് തുടരാം. അതുകൊണ്ടുതന്നെ ഈ നീക്കം വരുമാന സ്രോതസ്സുകളെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. ഇക്കാര്യങ്ങൾ സംബന്ധിച്ചുള്ള ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നും ഇത് എപ്പോൾ നടപ്പാക്കാനാകുമെന്നത് സംബന്ധിച്ച സമയപരിധി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്നും കേന്ദ്രം അറിയിച്ചു.

ഡ്രൈവിങ് ലൈസൻസ് പുതുക്കലിലെ മാറ്റത്തിന് പുറമെ, വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം, പെർമിറ്റ് പുതുക്കൽ തുടങ്ങിയ നടപടിക്രമങ്ങൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റുന്നതും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ള വിഷയമാണ്. നടപടിക്രമങ്ങൾ ലളിതമാക്കുകയും, ഇത്തരം സേവനങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങുകയും ചെയ്യുന്നത് ഒഴിവാക്കുന്നതിനാണ് ഈ നീക്കമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.

Content Highlights: Government is evaluating a proposal to increase driving license validity from 20 to 50 years., The initiative aims to reduce bureaucratic hurdles and simplify public services for license holders., Discussions are in the preliminary stage with no confirmed timeline for implementation., Concerns from states regarding revenue loss are being addressed by emphasizing online fee collection., Broader reforms include digitizing vehicle ownership transfers and permit renewals.