ഓൺലൈന്‍ സേവനത്തില്‍ അധികാരം പോകാതിരിക്കാന്‍ കുറുക്കുവഴി; ഡേറ്റ വേലികെട്ടിത്തിരിച്ച് MVD ഉദ്യോഗസ്ഥർ

#ബി. അജിത് രാജ്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: വാഹനരേഖകള്‍ ഡിജിറ്റലാണെങ്കിലും ഓരോ ഓഫീസുകളുടേതായി വേര്‍തിരിച്ച് മോട്ടോര്‍വാഹനവകുപ്പ് ജനങ്ങളെ വലയ്ക്കുന്നു. ഫീസും നികുതിയും കേന്ദ്രീകൃത അക്കൗണ്ടുകളിലാണ് സ്വീകരിക്കുന്നതെങ്കിലും വാഹനരേഖ വിവിധ ഓഫീസുകളിലായി തരംതിരിച്ചിരിക്കുകയാണ്. വാഹന ഉടമയുടെ മേല്‍വിലാസപരിധിയിലെ ഓഫീസില്‍ അപേക്ഷിക്കാമെങ്കിലും രേഖകള്‍ അവിടേക്കു മാറ്റിയാല്‍മാത്രമേ സേവനം ലഭിക്കുകയുള്ളൂ. ഇതിന് ഉദ്യോഗസ്ഥര്‍ കനിയേണ്ടിവരും.

ഇ-മെയിലില്‍ ആവശ്യപ്പെട്ടാല്‍ ഡേറ്റ മാറ്റിക്കൊടുക്കുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും അത് നടക്കാറില്ല. കൈക്കൂലിക്കുള്ള വഴിയായി ഓഫീസുകള്‍ തമ്മിലുള്ള ഡേറ്റ കൈമാറ്റം മാറിയിട്ടുണ്ട്. നേരിട്ടെത്തിയാല്‍ സാധിക്കാതെ വരുന്നതോടെ ഇടനിലക്കാരെ ചുമതലപ്പെടുത്താനും അപേക്ഷകര്‍ നിര്‍ബന്ധിതരാകും.

ലൈസന്‍സ് സംബന്ധമായ അപേക്ഷ ഏത് ഓഫീസിലും സ്വീകരിക്കുമെങ്കിലും ആര്‍സിയുടെ കാര്യത്തില്‍ അതുണ്ടായിട്ടില്ല. മാറ്റംവരുത്തുന്നതിനോട് ചില ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പുണ്ട്. വാഹനരേഖകളിലുള്ള അധികാരം നഷ്ടമായാല്‍ കൈക്കൂലിക്ക് അവസരംകുറയുമെന്ന ഭീതിയാണ് ഇതിനുപിന്നിലെന്ന് ആക്ഷേപമുണ്ട്. അപേക്ഷ കൂടുതലുള്ള ഓഫീസുകളിലേക്ക് തിരഞ്ഞുപിടിച്ച് സ്ഥലംമാറ്റം സംഘടിപ്പിക്കുന്ന ഉദ്യോഗസ്ഥരുണ്ട്.

നികുതിക്കുടിശ്ശിക പിരിച്ചെടുക്കാനുള്ള സൗകര്യത്തിനാണ് വാഹനരേഖ വിവിധ ഓഫീസുകളിലായി തരംതിരിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, ഡിജിറ്റല്‍ സംവിധാനത്തില്‍ ഈ വാദം അപ്രസക്തമാണ്. വാഹനയുടമയുടെ പോസ്റ്റ് ഓഫീസ് പരിധിവെച്ച് തിരയാനുള്ള സംവിധാനം സോഫ്റ്റ്വേറില്‍ ക്രമീകരിച്ചാല്‍ അതത് ഓഫീസുകളിലെ നികുതിക്കുടിശ്ശികയുള്ള വാഹനങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താനാകും. ഡേറ്റ പ്രത്യേകം തിരിച്ച് സൂക്ഷിക്കേണ്ടതില്ല.

വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷകളിലാണ് ഡിജിറ്റല്‍ രേഖ കൈമാറ്റം കൂടുതലും വലയ്ക്കുന്നത്. വില്‍ക്കുന്നയാളിന്റെ ഓഫീസിലാകും ഭുരിഭാഗംപേരും അപേക്ഷനല്‍കുക. ഉടമസ്ഥാവകാശം മാറ്റിനല്‍കുമെങ്കിലും ഡേറ്റ പുതിയ ഉടമയുടെ മേല്‍വിലാസപരിധിയിലെ ഓഫീസിലേക്ക് എത്തില്ല.

ടാക്‌സി, ടൂറിസ്റ്റ് വാഹനങ്ങളില്‍ പുതിയ പെര്‍മിറ്റിന് അപേക്ഷിച്ചാല്‍ മുന്‍ ഓഫീസിലേക്കാകും അപേക്ഷ കൈമാറുക. ഇത് പുതിയ ഉടമയുടെ മേല്‍വിലാസപരിധിയിലെ ഓഫീസിലേക്കാക്കി മാറ്റാന്‍ ഉദ്യോഗസ്ഥസഹായം വേണ്ടിവരും.

Content Highlights: Digital Vehicle Records in Kerala: Bureaucratic Hurdles and Allegations of Corruption