മോട്ടോര്‍ വാഹനവകുപ്പില്‍ ഓണ്‍ലൈനായത് സേവനമല്ല കൈക്കൂലിയാണ്; ഉദ്യോഗസ്ഥ-ഏജന്റ് ബന്ധം ശക്തം

#രാജേഷ് ജോര്‍ജ്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: ആര്‍.ടി.ഒ. ഓഫീസ് സേവനങ്ങളില്‍ ഭൂരിഭാഗവും ഓണ്‍ലൈനാക്കിയെങ്കിലും ഉദ്യോഗസ്ഥ-ഏജന്റ് ബന്ധം ഇപ്പോഴും ശക്തം. ഈ സാഹചര്യത്തില്‍ പരിശോധനാ നടപടി വിജിലന്‍സ് കര്‍ശനമാക്കി. സര്‍ക്കാര്‍ വകുപ്പുകളില്‍ ഏജന്റുമാരുടെ ഇടപെടല്‍ ഏറ്റവുമധികം നിലനില്‍ക്കുന്നത് ആര്‍.ടി.ഒ. ഓഫീസുകള്‍ കേന്ദ്രീകരിച്ചാണെന്നതാണ് അധികൃതരുടെ കണ്ടെത്തില്‍. വിവിധ ആവശ്യങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകളില്‍ തീര്‍പ്പ് കല്പിക്കാതെ അപേക്ഷകരെ ചില ഉദ്യോഗസ്ഥര്‍ ഏജന്റുമാരിലേക്കെത്തിക്കുന്നതായും പരാതിയുണ്ട്.

പെര്‍മിറ്റുകള്‍, പുക പരിശോധനാ കേന്ദ്രങ്ങളിലെ മെഷീന്‍ കാലിബറേഷന്‍, മറ്റ് വ്യക്തിഗത ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കുപോലും ഏജന്റുമാര്‍ക്ക് തുക നല്‍കേണ്ടി വരുന്നവരുണ്ട്. ഉദ്യോഗസ്ഥര്‍ നേരിട്ടോ അക്കൗണ്ട് വഴിയോ വാങ്ങാതെ ഏജന്റുമാര്‍ മുഖാന്തരമാണ് പണം കൈപ്പറ്റുക. നല്ലൊരു തുക ഏജന്റുമാരും കൈക്കലാക്കും. അപേക്ഷകള്‍ ഓണ്‍ലൈനാക്കിയതോടെ ഏത് ഇടപാടിനും ഇടനിലക്കാര്‍ ആവശ്യമില്ലെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. 

എന്നാല്‍, കാര്യം നടക്കാന്‍ ഇടനിലക്കാരുടെ സേവനം തേടുന്നവരാണ് അധികവും. തടസ്സങ്ങളും കാലതാമസവുമാണ് ഇടപാടുകാരെ ഇതിന് നിര്‍ബന്ധിതരാക്കുന്നത്. കൈക്കൂലിയുടെ കാര്യത്തില്‍ പേരുദോഷം വിട്ടുമാറാത്ത മോട്ടോര്‍ വാഹന വകുപ്പ് ചെക് പോസ്റ്റുകള്‍ ഇപ്പോള്‍ നിര്‍ത്താനുള്ള നടപടി സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. കൈക്കൂലി വ്യാപകമാണെന്ന വിജിലന്‍സ് കണ്ടെത്തലിനെത്തുടര്‍ന്നാണിത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയും വിശദ വിവരങ്ങളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. വന്‍ അഴിമതിക്കാരെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘവുമുണ്ട്.

ഡിജിറ്റല്‍ പണമിടപാടിലും നിരീക്ഷണം

ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് കൈക്കൂലി നല്‍കിയാല്‍ വിജിലന്‍സ് പിടികൂടുമെന്ന പേടിമൂലം ഇപ്പോള്‍ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെയാണ് പണം കൈമാറ്റം. കഴിഞ്ഞ രണ്ടുമൂന്നുവര്‍ഷം മുതലാണ് ഈ പ്രവണത കൂടിയത്. കാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ പണം നിക്ഷേപിച്ചും ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തിയുമാണ് കൈക്കൂലിയുടെ കൈമാറ്റം. ഇത്തരം ആസൂത്രിതമായ കൈക്കൂലി ഇടപാടുകള്‍ പിടികൂടാന്‍ ഡിജിറ്റല്‍ നിരീക്ഷണവും വിജിലന്‍സ് ശക്തിപ്പെടുത്തി.

ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ്

ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പില്‍ ജനുവരിയില്‍ എട്ട് ട്രാപ്പ് കേസുകളിലായി ഒന്‍പത് ഉദ്യോഗസ്ഥരെ പിടികൂടി. വിജിലന്‍സിന്റെ ചരിത്രത്തില്‍ ഒരു മാസം മാത്രം അറസ്റ്റ് ചെയ്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വിജയിച്ച ട്രാപ്പ് കേസുകളുടെ എണ്ണത്തിലും ഇത് ഉയര്‍ന്ന കണക്കാണ്. 2024-ല്‍ വിജിലന്‍സ് 930 മിന്നല്‍ പരിശോധനകള്‍ നടത്തി. 2024-ല്‍ മൂന്ന് ഏജന്റുമാര്‍ക്കു പുറമേ 41 ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് കൈക്കൂലി കേസില്‍ പിടികൂടിയത്.

Content Highlights: Despite online services, Kochi RTO sees strong agent-official nexus