പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനമില്ല, നഗരത്തില്‍ BS6 വാഹനം മാത്രം; നിയന്ത്രണം കര്‍ശനമാക്കി ഡല്‍ഹി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം അപകടകരമായ രീതിയില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. വ്യാഴാഴ്ച മുതല്‍ ബിഎസ്6 എന്‍ജിനിലുള്ള ഇതര സംസ്ഥാന വാഹനങ്ങള്‍ക്ക് മാത്രമാണ് രാജ്യതലസ്ഥാനത്ത് പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്. ബിഎസ്4 എന്‍ജിനിലുള്ള പെട്രോള്‍ വാഹനങ്ങള്‍ക്ക് മുമ്പ് പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഈ വാഹനങ്ങളും ഡല്‍ഹിയില്‍ വിലക്കിയിരിക്കുന്നത്.
സാധുവായ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിക്കുന്നത് അടക്കമുള്ള നടപടികളാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ തിരിച്ചറിയുന്നതിമനായി ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗനീഷന്‍ ക്യാമറകള്‍ ഇതിനോടകം തന്നെ ഡല്‍ഹിയിലെ പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങള്‍ പരിശോധിക്കുന്നതിന് മാത്രമായി 580 പോലീസുകാരെയാണ് ഡല്‍ഹിയില്‍ വിന്യസിപ്പിച്ചിരിക്കുന്നത്.
പെട്രോള്‍ പമ്പുകളില്‍ എത്തുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിനായി ഗതാഗത വകുപ്പ്, മുനിസിപ്പല്‍ കോര്‍പറേഷന്‍, ഭക്ഷ്യ വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ പമ്പുകളില്‍ നിയോഗിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളുടെ പഴക്കവും പുക പരിശോധന സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ചെക്ക് പോസ്റ്റുകളില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ബിഎസ്-6 നിലവാരത്തിലുള്ള വാഹനങ്ങള്‍ക്ക് മാത്രമായി ഡല്‍ഹിയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയത് 12 ലക്ഷം വാഹനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. നോയിഡയില്‍ നിന്ന് മാത്രം നാലുലക്ഷം വാഹനങ്ങളെയാണ് ഈ നടപടി ബാധിക്കുകയെന്നാണ് വിവരം. സംസ്ഥാനത്ത് ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നാലാം ഘട്ടം തുടരുന്ന അത്രയും നാള്‍ ഈ നിയന്ത്രണങ്ങളും തുടരുമെന്നാണ് മന്ത്രി മന്‍ജിന്ദര്‍ സിങ് സിര്‍സ അറിയിച്ചിരിക്കുന്നത്.
നവംബര്‍ മാസം മുതല്‍ ഡല്‍ഹിയിലെ വായു നിലവാരം അപകടകരമായ അവസ്ഥയില്‍ തുടരുകയാണ്. ഡിസംബര്‍ പകുതിയായതോടെ ഡല്‍ഹിയിലെ പലയിടങ്ങളിലും വായുനിലവാര സൂചിക 600 കടന്നു.
വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) പ്രകാരം പൂജ്യം മുതല്‍ 50 വരെയാണ് മികച്ച വായുഗുണനിലവാരം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 50 മുതല്‍ 100 വരെയാണ് ഉചിതമായത് അല്ലെങ്കില്‍ താരതമ്യേന മോശമല്ലാത്തത് എന്ന വിഭാഗത്തില്‍. 100 മുതല്‍ 200 വരെയാണ് മോശം അവസ്ഥ. 200 മുതല്‍ 300 വരെ അപകടകരമായ അവസ്ഥയാണ്. 300 മുതല്‍ 400 വരെയുള്ളത് മലിനീകരണം രൂക്ഷമായ വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍, 400 മുതല്‍ മുകളിലേയ്ക്കുള്ളത് അതീവ ഗുരുതരമായതും മനുഷ്യ ജീവനുതന്നെ അപകടമുള്ളതുമാണ്.
Content Highlights: Delhi enforces strict vehicle restrictions due to severe pollution. Only BS6 vehicles allowed entry. No fuel for vehicles without pollution certificates. Learn more.