ഡൽഹിയിൽനിന്ന് ജയ്പുരിലേക്കെത്താൻ വെറും 3മണിക്കൂർ, ഗ്രീൻഫീൽഡ് ഹൈവേ യാഥാർഥ്യമായി, പ്രഖ്യാപിച്ച് ഗഡ്കരി

ഡൽഹിയിൽനിന്നും ജയ്പൂരിലേക്കുള്ള സുഗമവും വേഗതയേറിയതുമായ യാത്രയ്ക്കായുള്ള കാത്തിരിപ്പ് ഒടുവിൽ അവസാനിക്കുന്നു. 2,016 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ ഗ്രീൻഫീൽഡ് ഹൈവേ, രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം വെറും മൂന്ന് മണിക്കൂറായി കുറയ്ക്കും. ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഭാഗമായ ജയ്പൂരിലേക്കുള്ള പാത പൂർത്തിയായതായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു.
'2,016 കോടി രൂപ ചെലവിൽ നിർമിച്ച 66.916 കിലോമീറ്റർ നീളമുള്ള നാല് വരി ഗ്രീൻഫീൽഡ് പാത ഞങ്ങൾ വിജയകരമായി പൂർത്തിയാക്കി. തന്ത്രപരമായി പ്രാധാന്യമുള്ള ഈ പദ്ധതി ഡൽഹി-വഡോദര എക്സ്പ്രസ് വേയ്ക്കും ജയ്പൂരിനും ഇടയിൽ നേരിട്ടുള്ള, പ്രവേശന നിയന്ത്രണമുള്ള കണക്റ്റിവിറ്റി നൽകുന്നു. ഇത് മുൻപ് യാത്രക്കാർക്ക് ദൂരക്കൂടുതലുള്ളതും ഇന്ധനം കൂടുതൽ ആവശ്യമുള്ളതുമായ യാത്രകൾ ചെയ്യാൻ നിർബന്ധിതരാക്കിയ നേരിട്ടുള്ള പാതയുടെ അഭാവം പരിഹരിക്കുന്നു. പുതിയ പാത ഡൽഹിക്കും ജയ്പുരിനും ഇടയിലുള്ള യാത്രാ സമയം മൂന്ന് മണിക്കൂർ 45 മിനിറ്റിൽനിന്ന് മൂന്ന് മണിക്കൂറായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മൊബിലിറ്റി ഗണ്യമായി മെച്ചപ്പെടുത്തുകയും എൻ.എച്ച്-48, എൻ.എച്ച്-21 എന്നിവിടങ്ങളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യും', എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ ഗഡ്കരി കുറിച്ചു.
We have successfully completed the 66.916 km long, 4-lane Greenfield Bandikui Spur, constructed at a capital cost of ₹2,016 crore. This strategically significant project provides direct, access-controlled connectivity between the Delhi–Vadodara Expressway and Jaipur—addressing… pic.twitter.com/4KlCvnohK5
— Nitin Gadkari (@nitin_gadkari) July 2, 2025
നിലവിലെ സുരക്ഷാ നിർമാണ ചട്ടങ്ങൾ പാലിച്ചാണ് ഹൈവേ നിർമിച്ചത്. റിപ്പോർട്ടുകൾ അനുസരിച്ച്, നിലവിലുള്ള റെസിഡൻഷ്യൽ ഏരിയകൾ ഒഴിവാക്കുന്ന തരത്തിലാണ് റൂട്ട് ശ്രദ്ധാപൂർവം രൂപകൽപന ചെയ്തിരിക്കുന്നത്. ഇത് പരിസ്ഥിതിക്ക് മേലുള്ള ആഘാതം കുറയ്ക്കാൻ സഹായിക്കും. സമയവും പണവും ഇന്ധനവും ഗണ്യമായി ലാഭിക്കുന്നതിനോടൊപ്പം പ്രാദേശിക ആവാസവ്യവസ്ഥകളെ സംരക്ഷിക്കാനും ഈ ഹൈവേ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എൻ.എച്ച്-48, എൻ.എച്ച്-21 പോലുള്ള പരമ്പരാഗതവും തിരക്കേറിയതുമായ റൂട്ടുകൾ ഒഴിവാക്കി, പുതിയ എക്സ്പ്രസ് വേ പാത നേരിട്ട് ജയ്പുരുമായി ബന്ധിപ്പിക്കുന്നു. പിങ്ക് സിറ്റിയിലേക്കും പുറത്തേക്കുമുള്ള യാത്രക്കാർക്ക് ഈ ബദൽ മാർഗം വഴി ഗതാഗത കുരുക്കുകളിൽനിന്ന് രക്ഷനേടാം.
Content Highlights: Delhi To Jaipur Now In Just 3 Hours