ഒറ്റ ദിവസം പൊല്യൂഷൻ സർട്ടിഫിക്കറ്റ് എടുത്തത് 61,000 വാഹനങ്ങൾ, പുകയിൽ പിഴയൊടുക്കി 3700 പേർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ശ്വാസം മുട്ടിച്ച് അന്തരീക്ഷ മലിനീകരണം ഉയരുന്നത് കണക്കിലെടുത്ത് കർശന നിയന്ത്രണമാണ് ഡൽഹി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങൾക്കാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങൾക്ക് സാധുവായ പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനം നൽകില്ലെന്ന തീരുമാനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം വാഹനങ്ങളുടെ പരിശോധനയും കർശനമാക്കിയിട്ടുണ്ട്.
നോ പി.യു.സി. നോ ഫ്യുവൽ ക്യാപയിനിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ ഒറ്റ ദിവസം കൊണ്ട് 3700 വാഹനങ്ങൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് പ്രവേശിക്കാൻ എത്തിയ 570 വാഹനങ്ങളെയാണ് നടപടിയെടുത്ത് തിരിച്ചയച്ചതായി പരിസ്ഥിതി മന്ത്രി മൻജീന്ദർ സിങ് സിർസ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബിഎസ് 6 എൻജിൻ വാഹനങ്ങൾക്ക് മാത്രമാണ് ഡൽഹിയിൽ പ്രവേശനം അനുവദിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് പ്രവേശിക്കുന്ന ചെക്ക് പോസ്റ്റുകളിൽ 5000-ത്തിൽ അധികം വാഹനങ്ങൾ പരിശോധിച്ചതായാണ് ഡൽഹി ട്രാഫിക് പോലീസും ഗതാഗത വകുപ്പും അറിയിച്ചിരിക്കുന്നത്. പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനം ലഭിക്കില്ലെന്ന നിർദേശം നടപ്പാക്കിയതോടെ ഒറ്റ ദിവസം കൊണ്ട് ഡൽഹിയിൽ 61,000-ത്തിൽ അധികം വാഹനങ്ങളാണ് പുക പരിശോധന സർട്ടിഫിക്കറ്റ് നേടിയതെന്നും മന്ത്രി അറിയിച്ചു.
അതിർത്തിയിൽ വെച്ച് വാഹനങ്ങൾ തിരിച്ചയയ്ക്കുന്നത് പുറത്തുനിന്നുള്ള വാഹനങ്ങളുടെ വരവ് ഗണ്യമായി കുറയാൻ കാരണമായിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്. വാഹനങ്ങൾക്ക് പുക പരിശോധന സർട്ടിഫിക്കറ്റ് നേടുന്നതിലൂടെ പ്രദേശ വാസികളായ പൊതുജനങ്ങളും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള വാഹനങ്ങളുടെ വരവ് കുറയ്ക്കുന്നതിലൂടെ ഇതരസംസ്ഥാനത്തുള്ളവരും ഡൽഹി സർക്കാരിന്റെ ഉദ്യമത്തോട് സഹകരിക്കുന്നുണ്ടെന്നാണ് മന്ത്രി അഭിപ്രായപ്പെടുന്നത്.
Content Highlights: Delhi enforces strict PUC norms. Over 61,000 vehicles secured certificates, while 3700 were fined for violations. Learn about the `No PUC, No Fuel` campaign and its impact.