ഡല്‍ഹിയില്‍ കാലപ്പഴക്കമല്ല BS ആണ് മാനദണ്ഡം; BS4-ല്‍ താഴെയുള്ള വാഹനം ഉപയോഗിച്ചാല്‍ നടപടി

പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിഎസ് നാല് നിലവാരത്തിലുള്ളതോ അതില്‍ക്കൂടിയതോ അല്ലാത്ത കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ ഉടമകള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് അനുമതി നല്‍കി സുപ്രീംകോടതി.

ഓഗസ്റ്റില്‍ ഇറക്കിയ ഉത്തരവ് ഭേദഗതിചെയ്താണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം. പഞ്ചോളി എന്നിവരുടെ ബെഞ്ച് നടപടിക്ക് അനുമതി നല്‍കിയത്.

കാലപ്പഴക്കം ചെന്ന വാഹന ഉടമകള്‍ക്കെതിരേ നടപടി പാടില്ലെന്നായിരുന്നു മുന്‍ ഉത്തരവ്. പുതുക്കിയ ഉത്തരവുപ്രകാരം ബിഎസ് നാലോ അതിന് മുകളിലോ നിലവാരത്തിലുള്ള വാഹനമെങ്കില്‍ നടപടിയില്‍നിന്ന് ഒഴിവാകും.

ബിഎസ് നാല് നിലവാരത്തില്‍ താഴെയുള്ള വാഹനങ്ങള്‍ വായുമലിനീകരണമുണ്ടാക്കുന്നുവെന്ന സര്‍ക്കാര്‍ വാദം പരിഗണിച്ചാണ് കോടതി ഉത്തരവ് ഭേദഗതി ചെയ്തത്. കാലപ്പഴക്കമല്ല, വാഹനത്തിന്റെ ബിഎസ് നിലവാരമാണ് അടിസ്ഥാനമെന്നും വ്യക്തമാക്കി.

ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ പത്തുവര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തിലേറെ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കുമാണ് വിലക്ക്. 2014 നവംബറിലായിരുന്നു വാഹനങ്ങള്‍ക്ക് കാലപ്പഴക്കം നിശ്ചയിച്ച് ഹരിത ട്രിബ്യൂണല്‍ നിരോധനമേര്‍പ്പെടുത്തിയത്. അതു 2018 ഒക്ടോബറില്‍ സുപ്രീംകോടതിയും ശരിവെച്ചു.

Content Highlights: Supreme Court allows Delhi Govt to act against old, non-BS-IV vehicles causing pollution. Focus shifts to emission standards, not just age. Get details!