അച്ഛന്റെ 16 വർഷം പഴക്കമുള്ള മെഴ്‌സിഡീസാണിത്... ഡൽഹി സർക്കാരിന്റെ നയത്തിനെതിരേ വികാരനിർഭരമായ കുറിപ്പ്

photo:Rattan Dhillon/X
photo:Rattan Dhillon/X

ഡൽഹിയിൽ കാലപ്പഴക്കം ചെന്ന വാഹനങ്ങൾ നിരോധിച്ചതുമായി ബന്ധപ്പെട്ട സർക്കാർ നയത്തെച്ചൊല്ലി ചൂടേറിയ സംവാദങ്ങളാണ് നടക്കുന്നത്. എട്ട് വർഷം പഴക്കമുള്ള റേഞ്ച് റോവർ ചെറിയ വിലയ്ക്ക് വിൽപനയ്ക്ക് വെച്ചെന്ന ഉടമയുടെ പോസ്റ്റും 2015-ൽ വാങ്ങിയ തന്റെ മെഴ്‌സിഡീസ് ബെൻസ് ML350 തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ടി വന്നുവെന്ന മറ്റൊരു ഉടമയുടെ പോസ്റ്റും ഇതിനോടകം ചർച്ചയായി കഴിഞ്ഞു. ഇതിനുപിന്നാലെ ഡൽഹിക്കാരനായ ഒരു വ്യക്തി തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തന്റെ പിതാവിന്റെ നല്ല രീതിയിൽ പരിപാലിക്കപ്പെട്ട 16 വർഷം പഴക്കമുള്ള മെഴ്‌സിഡസ്-ബെൻസ് E 280 V6-നെ ഒരു "വിന്റേജ് സ്ക്രാപ്പ്" എന്ന് മുദ്രകുത്താൻ നിർബന്ധിതനായതിലുള്ള അമർഷം അദ്ദേഹം പ്രകടിപ്പിച്ചു.   

കാറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട്, ഉപയോക്താവായ രത്തൻ ധില്ലൺ ഇങ്ങനെ എഴുതി-  

'ഇത് എന്റെ അച്ഛന്റെ 16 വർഷം പഴക്കമുള്ള മെഴ്‌സിഡസ് ഇ280 വി6 ആണ്. റോഡിൽ പണിമുടക്കുന്ന, ആധുനികമെന്ന് വിളിക്കപ്പെടുന്ന മിക്ക കാറുകളേക്കാളും ഇപ്പോഴും കരുത്തോടെയും വൃത്തിയോടെയും ഓടുന്നു. എല്ലാ ബട്ടണുകളും ഇപ്പോഴും പ്രവർത്തിക്കുന്നു. എൻജിനോ? പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇപ്പോഴും വെറും 6-7 സെക്കൻഡ് മതി. പക്ഷേ ദുഃഖകരമെന്നു പറയട്ടെ, രാഷ്ട്രീയക്കാർക്ക് കാറുകളോട് ഒട്ടും സ്നേഹമില്ലാത്ത ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത് എന്നതുകൊണ്ട് മാത്രം എനിക്ക് ഇതിനെ ഒരു 'വിന്റേജ് സ്ക്രാപ്പ്' എന്ന് മുദ്രകുത്തേണ്ടി വരുന്നു! ഇത് മലിനീകരണം ഉണ്ടാക്കുന്നു എന്ന് തെളിയിക്കാൻ ഞാൻ സർക്കാരിനെ വെല്ലുവിളിക്കുന്നു. അവർക്കതിന് കഴിയില്ല. പക്ഷേ അവർ ഇപ്പോഴും ഇതിന് പിഴ ഈടാക്കും'.

30,000-ൽ അധികം വ്യൂസ് ലഭിച്ച പോസ്റ്റിന് ഓൺലൈനിൽ സമ്മിശ്ര പ്രതികരണങ്ങളാണ് കിട്ടുന്നത്. ഒട്ടേറെ ഉപയോക്താക്കൾ ധില്ലനോട് സഹതപിച്ചു. നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ട വാഹനങ്ങളോടുള്ള വൈകാരികവും യാന്ത്രികവുമായ മൂല്യം അവർ ചൂണ്ടിക്കാട്ടി. 'നിങ്ങൾക്ക് ഡൽഹിക്ക് പുറത്തുള്ള ഒരു പ്രദേശത്തേക്ക് കാർ മാറ്റിക്കൊണ്ടുപോകാമോ, അവിടെ ഇത് ഇപ്പോഴും ഓടിക്കാനാകും', ഒരു ഉപയോക്താവ് നിർദേശിച്ചു. 'മിക്ക രാജ്യങ്ങളിലും വിന്റേജ് വാഹനങ്ങൾക്ക് നിങ്ങൾക്ക് ഒരു ഹെറിറ്റേജ് ലൈസൻസിന് (ക്ലബ് പെർമിറ്റ് സ്കീം) അപേക്ഷിക്കാം. നമുക്കും അതുപോലെ ഒന്ന് ഉണ്ടാകണം', മറ്റൊരാൾ എഴുതി. 

മറ്റുചിലർ നിയമത്തിന്റെ പരിമിതികളാണ് ചൂണ്ടിക്കാണിച്ചത്. '10/15 വർഷം പഴക്കമുള്ള വാഹനങ്ങളെ സംബന്ധിച്ച നിയമം ഇപ്പോൾ രാജ്യത്തുടനീളം ബാധകമല്ല. അത് ഡൽഹി എൻസിആറിന് മാത്രമുള്ളതാണ്', എന്നായിരുന്നു അടുത്തയാളുടെ കമന്റ്. 'നിങ്ങളുടെ അച്ഛന് ഒരു മെഴ്‌സിഡസ് ഉണ്ടെന്നതുകൊണ്ട് നിയമങ്ങൾ മാറില്ല. അത് അനുസരിക്കുക അല്ലെങ്കിൽ നിയമങ്ങളില്ലാത്ത ഒരു സ്ഥലത്തേക്ക് താമസം മാറുക', ഒരു ഉപയോക്താവ് പ്രതികരിച്ചു.

വായു മലിനീകരണം ലഘൂകരിക്കുന്നതിന്റെ ഭാ​ഗമായാണ് ജൂലായ് ഒന്നു മുതൽ കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഡൽഹി സർക്കാർ ഏർപ്പെടുത്തിയത്. 10 വർഷം പഴക്കമുള്ള ഡീസൽ കാറുകൾക്കും 15 വർഷം പഴക്കമുള്ള പെട്രോൾ കാറുകൾക്കുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന കർശന നിർദേശം പമ്പുടമകള്‍ക്ക് സർക്കാർ നല്‍കിയിട്ടുമുണ്ട്.  
 

Content Highlights: Delhi man fumes as dads 16 year old Mercedes labelled scrap under fuel ban