ബസുകളിൽ കർട്ടണും കൂളിങ് ഫിലിമും നിരോധിച്ചു, പാനിക് ബട്ടണും ലൊക്കേഷൻ ട്രാക്കിങും നിർബന്ധം

#Auto Desk
Photo: Delhi Police/ANI Video Grab
Photo: Delhi Police/ANI Video Grab

ൽഹിയിലെ ബസുകളിൽ പാനിക് ബട്ടണുകളും വെഹിക്കിൾ ട്രാക്കിങ് ഡിവൈസുകളും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദേശം നൽകി ഡൽഹി സർക്കാർ. ഇതിനുപുറമെ, ബസുകളുടെ ഉള്ളിലെ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള കർട്ടണുകളും കൂളിങ് ഫിലിമുകളും കർശനമായി നിരോധിക്കുകയാണെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിനുള്ളിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കാൻ സർക്കാർ നിർദേശിച്ചിരിക്കുന്നത്.

ഡൽഹിയിൽ സർവീസ് നടത്തുന്ന ബസുകൾക്ക് പുറമെ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് എത്തുന്ന ബസുകൾക്കും ഈ നിർദേശം ബാധകമാണെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. നിർബന്ധിത സുരക്ഷ ഉപകരണങ്ങൾ ബസുകളിൽ ഘടിപ്പിക്കുക മാത്രമല്ല ഇവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്ന് ബസ് ഓപ്പറേറ്റർമാരോട് ഗതാഗത വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

കൃത്യമായി പ്രവർത്തിക്കുന്നതും യാത്രക്കാർ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന സ്ഥലത്തുമായിരിക്കണം പാനിക് ബട്ടണുകൾ സ്ഥാപിക്കാൻ. ഇതിനൊപ്പം ബസുകളുടെ ലൊക്കേഷൻ ലഭിക്കുന്ന ഡിവൈസുകളും നിർബന്ധമാക്കിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനം എല്ലാ യാത്രക്കാർക്കും സുരക്ഷിതവും വിശ്വസനീയവുമാക്കാനുള്ള നീക്കങ്ങൾ സർക്കാർ നടപ്പാക്കുമെന്നാണ് ഡൽഹിയുടെ ഗതാഗത വകുപ്പ് മന്ത്രി ഡോ.പങ്കജ് കുമാർ സിങ് അറിയിച്ചിരിക്കുന്നത്.

ബസുകളുടെ വിൻഡോയിൽ കർട്ടണുകളും അനധികൃതമായ കൂളിങ് ഫിലിമുകളോ പതിപ്പിക്കാൻ പാടില്ല. വിൻഡ് ഷീൽഡുകൾ, പിന്നിലെ ജനൽ, വശങ്ങളിലെ ജനലുകൾ എന്നിവയിൽ നിയമം അനുശാസിക്കുന്ന സുതാര്യത ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. മദ്യമോ മറ്റ് ലഹരി പദാർഥങ്ങളോ ഉപയോഗിച്ച് വാഹനമോടിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും ബസ് ഓപ്പറേറ്റർമാർ ഇക്കാര്യത്തിൽ കർശന പരിശോധന നടത്തണമെന്നും സർക്കാർ അറിയിച്ചു.

2012-ലെ ഡൽഹി നിർഭയ കേസിന്റെ പശ്ചാത്തലത്തിൽ ബസുകളിൽ കാഴ്ചമറയ്ക്കുന്ന കൂളിങ് ഫിലിമുകളും കർട്ടണുകളും ഉപയോഗിക്കരുതെന്നും കൃത്യമായ സിസിടിവി സംവിധാനവും പാനിക് ബട്ടണുകളും കർശനമാക്കിയിരുന്നു. ഓഗസ്റ്റ് നാലിന് പെൺകുട്ടിയെ ഗ്രേറ്റർ നോയിഡയിൽ നിന്ന് ബസിൽ കയറ്റുകയും ശാരീരികമായി ഉപദ്രവിച്ച ശേഷം 40 കിലോമീറ്റർ മാറി കശ്മീരി ഗേറ്റിൽ ഉപേക്ഷിക്കുകയായിരുന്നു വെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഈ ബസിന്റെ ഉൾവശം കാണാൻ കഴിയാത്ത രീതിയിൽ കൂളിങ് ഫിലിം ഒട്ടിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.

Content Highlights: Panic buttons and vehicle tracking devices must work 24/7 in all Delhi buses., Curtains and cooling films on bus windows are strictly banned to prevent obstructed views., New rules apply to both local Delhi buses and inter-state buses entering the capital., Stricter safety measures introduced following the recent assault case of a minor girl.