മസ്‌ക് വരെ ഞെട്ടും! സൈബർട്രക്കിന്റെ ഡ്യൂപ്ലിക്കേറ്റുമായി പാക് യുവാവ്; ചിരിയടക്കാനാകാതെ സോഷ്യൽ മീഡിയ

പാകിസ്താനിൽ നിർമ്മിച്ച സൈബർട്രക്കിന്റെ ഡ്യൂപ്ലിക്കേറ്റ്, ഇൻസൈറ്റിൽ ഇലോൺ മസ്ക് | Photos: Screen grabs from x.com/murtazasolangi, AP
പാകിസ്താനിൽ നിർമ്മിച്ച സൈബർട്രക്കിന്റെ ഡ്യൂപ്ലിക്കേറ്റ്, ഇൻസൈറ്റിൽ ഇലോൺ മസ്ക് | Photos: Screen grabs from x.com/murtazasolangi, AP

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല പുറത്തിറക്കിയ സ്വപ്‌നതുല്യമായ വാഹനമാണ് സൈബര്‍ട്രക്ക്. അത്യാധുനിക ഫീച്ചറുകളുള്ള സൈബര്‍ട്രക്ക് ഏതൊരാളേയും അത്ഭുതപ്പെടുത്തുന്നതാണ്. സാധാരണക്കാര്‍ക്ക് കയ്യെത്തിപ്പിടിക്കാന്‍ കഴിയാത്തത്ര വിലയാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ വാഹനത്തിന്. 

സൈബര്‍ട്രക്ക് സ്വപ്‌നങ്ങളില്‍ മാത്രമാണെങ്കിലും കാണാന്‍ അതുപോലെ തോന്നിക്കുന്ന ഒരു വാഹനം ഉണ്ടാക്കിയിരിക്കുകയാണ് ഒരു യുവാവ്. പാകിസ്താനിലെ ഗുജ്‌രാന്‍വാലയില്‍ നിന്നുള്ള വാഹനപ്രേമിയായ വാലി മുഹമ്മദാണ് സൈബര്‍ട്രക്കിന്റെ തനിപ്പകര്‍പ്പുണ്ടാക്കിയത്. സ്വയം രൂപകല്‍പ്പന ചെയ്ത് സ്വന്തം വര്‍ക്ക്‌ഷോപ്പിലാണ് വാലി 'സൈബര്‍ട്രക്ക്' നിര്‍മ്മിച്ചത്. 

ഡ്യൂപ്ലിക്കേറ്റ് സൈബര്‍ ട്രക്കിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ കൗതുകമാണ്‌ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ഇന്ത്യക്കാരുള്‍പ്പെടെ ഒട്ടേറെ പേരാണ് വീഡിയോ എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. പാക് മേഡ് സൈബര്‍ട്രക്കിനെ കുറിച്ച് നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. 'പാകിസ്താനി ടെസ്‌ല' എന്നാണ് പലരും ഇതിനെ കളിയാക്കി വിളിക്കുന്നത്. 

ഏതോ ഒരു കാറിനുമേല്‍ ലോഹപാളികള്‍ പൊതിഞ്ഞാണ് അതിനെ സൈബര്‍ട്രക്കാക്കി മാറ്റിയിരിക്കുന്നത്. ഡ്യൂപ്ലിക്കേറ്റ് സൈബര്‍ട്രക്ക് 30 ലക്ഷം പാകിസ്താനി രൂപയ്ക്ക് ഒരാള്‍ക്ക് വിറ്റു എന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Pakistani Engineer Builds Tesla Cybertruck Replica, Goes Viral on Social Media