രക്ഷപ്പെടുത്തിയത് സീറ്റ് ബെൽറ്റെന്ന് കളക്ടർ; ‘ഇതിലുള്ളവർ ജീവനോടെയുണ്ടൊയെന്ന് വാഹനം കണ്ടവരുടെ ചോദ്യം’

പത്തനംതിട്ട: അപകടത്തിൽ പരിക്കേറ്റ ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ സുഖംപ്രാപിക്കുന്നു. തിങ്കളാഴ്ച പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മൈതാനത്ത് നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുക്കും. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം. അപകടമുണ്ടാകുമ്പോൾ ജില്ലാകളക്ടർ ഉൾപ്പെടെ മൂന്നുപേരായിരുന്നു കാറിലുണ്ടായിരുന്നത്.
കാർ കീഴ്‌മേൽ മറിഞ്ഞെങ്കിലും ആരുടെയും പരിക്ക് ഗുരുതരമായിരുന്നില്ല. ഗൺമാന് മാത്രം കൈയിൽ ചെറിയ മുറിവുണ്ടായി. മൂന്നുപേരും ആശുപത്രി വിട്ടു.“ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച കൂടൽ രാക്ഷസൻപാറ സന്ദർശിച്ചശേഷം പത്തനംതിട്ടയ്ക്ക് മടങ്ങിവരുകയായിരുന്നു. കോന്നി മാമൂട് വഞ്ചിപ്പടിക്കുസമീപമെത്തുമ്പോൾ ഉച്ചകഴിഞ്ഞ് 3.15-ആയിക്കാണും. ഈ സമയം എതിരേവന്ന കാർ ഞങ്ങൾ സഞ്ചരിച്ച ഒൗദ്യോഗിക വാഹനത്തിൽ ഇടിക്കുകയായിരുന്നു.
എതിരേവന്നകാർ രണ്ടുമൂന്ന് വാഹനങ്ങളെ മറികടന്നാണ് എത്തിയത്. ഞങ്ങളുടെ കാറിന്റെ വശത്തും ടയറിലും ഇടിച്ചു. അതൊരു അദ്‌ഭുത രക്ഷപ്പെടലായിരുന്നു. ഭാഗ്യമെന്നേ പറയാനാകൂ. വണ്ടിയിൽ കരുതിയിരുന്ന സുരക്ഷയുടെ പേരിലാണ് രക്ഷപ്പെട്ടത്. വാഹനത്തിനുണ്ടായിരുന്ന ഞങ്ങൾ മൂന്നുപേരും സീറ്റുബെൽറ്റ് ഇട്ടിട്ടുണ്ടായിരുന്നു-ജില്ലാകളക്ടർ ഓർക്കുന്നു. ഞങ്ങളുടെ വാഹനം കണ്ടവരെല്ലാം ഇതിലുള്ളവരെല്ലാം ജീവനോടെയുണ്ടൊയെന്ന് ചോദിച്ചു. എതിരേവന്ന വാഹനം ഇടിക്കുമെന്ന് തോന്നിയപ്പോൾ റോഡിന്റെ വശത്തോട്ട് ഒതുക്കി ബ്രേക്ക് ചവിട്ടിയപ്പോഴാണ് വാഹനം മറിഞ്ഞതെന്ന് ജില്ലാകളക്ടർ ഓർക്കുന്നു.
ഗൺമാൻ വി.മനോജ്, ഡ്രൈവർ കുഞ്ഞുമോൻ എന്നിവരാണ് ജില്ലാ കളക്ടർക്കൊപ്പം ഒൗദ്യോഗിക വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ഡ്രൈവറോടൊപ്പം ഗൺമാനും മുന്നിലെ സീറ്റിലായിരുന്നു. തലകീഴായി മറിഞ്ഞകാറിൽനിന്ന് കളക്ടറെ മുൻ സീറ്റിലൂടെയാണ് പുറത്തെടുത്തത്.
“അപകടം ഉണ്ടായതുമാത്രമറിയാം. പിന്നെയെല്ലാം നാട്ടുകാർ ഏറ്റെടുക്കുകയായിരുന്നു. അവിടെക്കൂടിയവരാണ് ആംബുലൻസ് വരുത്തി പത്തനംതിട്ടയിലെ സ്വകാര്യആശുപത്രിയിലെത്തിച്ചത്. സർക്കാർ ആശുപത്രിയുണ്ടായിട്ടും എന്തുകൊണ്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെന്ന് ഉയർന്നുവന്ന ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.
കളക്ടറുടെ വാഹനത്തിലിടിച്ച കാറിന്റെ ഡ്രൈവർ കൊല്ലം രണ്ടാംകുറ്റി സ്വദേശിയുടെ പേരിൽ കോന്നിപോലീസ് കേസെടുത്തു. കളക്ടറുടെ വാഹനത്തിലിടിച്ച കൊല്ലത്തേക്കുപോയ കാറിൽ സ്ത്രീയും കുട്ടിയും ഉൾപ്പെടെ നാലുപേരാണുണ്ടായിരുന്നത്. കൊല്ലം രണ്ടാംകുറ്റി സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇൗ കാർ വൈദ്യുതിത്തൂണിലിടിച്ചാണ് നിന്നത്. ഇവരെയും പത്തനംതിട്ടയിലെ സ്വകാര്യആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവരുടെ പരിക്കും ഗുരുതരമല്ല.
Content Highlights: Pathanamthitta District Collector S. Premkrishnan survives a serious car accident, attributing his safety to seatbelts. He is recovering and will attend Republic Day celebrations.