ഞാൻ റോഡിൽ അഭ്യാസം കാണിക്കില്ല, ഇത് സത്യം; ഥാർ, ഫോർച്യൂണർ ഉടമകളെ പ്രതിജ്ഞ ചെയ്യിപ്പിച്ച് ഒരു കളക്ടർ

റോഡ് സുരക്ഷ ക്യാംപയിനിന്റെ ഭാഗമായി വിചിത്ര നടപടിയുമായി കേന്ദ്ര ഭരണപ്രദേശമായി ദാദ്ര-നഗർ ഹവേലിയിലെ ദാമൻ ജില്ലയുടെ കളക്ടർ സൗരഭ് മിശ്ര. മഹീന്ദ്ര ഥാർ, ടൊയോട്ട ഫോർച്യൂണർ എന്നീ വാഹനങ്ങൾ ഉപയോഗിക്കുന്നവരെ കൊണ്ട് സുരക്ഷിതമായി മാത്രമേ വാഹനമോടിക്കൂവെന്ന് സത്യപ്രതിജ്ഞയെടുപ്പിച്ചതാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയം.
ഥാർ എന്ന ഗുണ്ടാസ്വഭാവം കാണിക്കാനുള്ള വാഹനമല്ല. ഥാർ എന്നാൽ ഉത്തരവാദിത്വം എന്നാണ്. റോഡപകടങ്ങളിൽ പെടുന്ന വ്യക്തികൾക്കും റോഡരികിൽ നിൽക്കുന്ന സ്ത്രീകൾക്കും സഹായം നൽകാൻ സാധിക്കുന്ന ഉത്തരവാദിത്വമുള്ള പൗരന്മാരായിരിക്കണം ഓരോ ഥാർ ഉടമകളെന്നും കളക്ടർ സൗരഭ് മിശ്ര ആവശ്യപ്പെട്ടു. ഈ സന്ദേശം എല്ലാവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്യുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരത്തിലൊരു പ്രവർത്തനം നടത്താൻ കാരണം ഥാർ നിർമിക്കുന്ന കമ്പനിയുടെ ഉടമ തന്റെ വാഹനത്തെ കുറിച്ച് രാജ്യവ്യാപകമായി ഒരു ക്യാംപയിൻ നടത്താൻ തയാറാകണമെന്നതാണെന്നാണ് കളക്ടർ നൽകുന്ന വിശദീകരണം. ഥാർ, ഫോർച്യൂണർ തുടങ്ങിയ വാഹനങ്ങൾ വളരെ കരുത്തേറിയവയാണ്. പ്രത്യേകിച്ച ഥാർ. രാജ്യത്തുടനീളമുള്ള അശ്രദ്ധമായ ഡ്രൈവിങ്ങിനോടും അപകടങ്ങളോടും പലപ്പോഴും ഈ വാഹനത്തെ ബന്ധിപ്പിക്കാറുണ്ട്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ജില്ലാ ഭരണകൂടത്തിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻ വകുപ്പ് ഥാർ, ഫോർച്യൂണർ എന്നീ വാഹനങ്ങളുടെ ഉടമകളെ കൊണ്ട് റോഡ് സുരക്ഷ പ്രതിജ്ഞ ചെയ്യിപ്പിച്ചത്. പ്രതിജ്ഞ എടുക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയും അത് ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്ത് എക്‌സ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നൂറുകണക്കിന് വരുന്ന മഹീന്ദ്ര ഥാറുകളും ടൊയോട്ട ഫോർച്യൂണറുകളും വിശാലമായ ഒരു മൈതാനത്ത് നിരനിരയായി പാർക്ക് ചെയ്ത ശേഷം ആ വാഹനങ്ങളുടെ ഉടമകളെ അവയ്ക്ക് മുന്നിൽ നിരനിരയായി നിർത്തിയ ശേഷമാണ് കളക്ടർ സൗരഭ് മിശ്രയും ഏതാനും ചില മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. സുരക്ഷ സന്ദേശങ്ങൾ എഴുതിയ പ്ലേകാർഡുകളുമായും ആളുകളെയും മൈതാനത്ത് കാണാം.
അമിതവേഗത്തിലോ അശ്രദ്ധമായോ വാഹനം ഓടിക്കില്ല. എന്റെ വാഹനം ഉപയോഗിച്ച് റോഡിൽ റേസിങ്, ഡ്രിഫ്റ്റിങ് പോലെയുള്ള അഭ്യാസം കാണിക്കില്ല, മറ്റുള്ളവരെ അത് ചെയ്യാൻ അനുവദിക്കില്ല. മദ്യപിച്ച് വാഹനമോടിക്കില്ല. അനധികൃത സൈലൻസറുകളും ലൈറ്റുകളും ടയറുകളും ഘടിപ്പിക്കില്ല. സൺഫിലിം ഉൾപ്പെടെ അനധികൃത മാറ്റങ്ങൾ വാഹനത്തിൽ വരുത്തില്ല തുടങ്ങിയവയായിരുന്നു പ്രതിജ്ഞയായി കളക്ടർ ചൊല്ലികൊടുത്തത്.
Content Highlights: Daman District Collector Saurabh Mishra made Thar and Fortuner owners take a road safety oath., Owners promised not to perform stunts, race, or drive recklessly., The campaign aims to promote responsible driving and change the aggressive image associated with SUVs., Videos of the event were shared on social media, tagging Anand Mahindra.