പെട്രോൾ വിലയിൽ പൊറുതിമുട്ടി; സി.എൻ.ജിയിലേക്ക് മാറുന്ന വാഹന ഉടമകൾ, ചെലവ് 40,000 രൂപ മുതൽ

#അമല്‍നായര്‍
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ആലപ്പുഴ: ഇന്ധനവില വർധിച്ചതോടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ സി.എൻ.ജി.(കംപ്രസ്ഡ് നാചുറൽ ഗ്യാസ്)യിലേക്കു മാറ്റുന്നവർ കൂടുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം ഇതുവരെ സി.എൻ.ജി.യിലേക്കു മാറിയ വാഹനമുടമകളുടെ എണ്ണത്തിൽ 10.9 ശതമാനം വർധനയുണ്ടായി.

2024-ൽ 776 വാഹനങ്ങൾ സി.എൻ.ജി.യിലേക്കു മാറിയപ്പോൾ 2025-ൽ ഇത് 1,368 ആയി ഉയർന്നെന്ന് തെക്കൻ കേരളത്തിലെ സി.എൻ.ജി. വിതരണക്കാരായ തിങ്ക് ഗ്യാസ് അധികൃതർ പറഞ്ഞു. തെക്കൻ കേരളത്തിലെ മൂന്നു ജില്ലകളിലായി 33,668 വാഹനങ്ങളാണ് സി.എൻ.ജി.യിൽ ഓടുന്നത്. 49 സി.എൻ.ജി. സ്റ്റേഷനുണ്ട്. എട്ടു സ്റ്റേഷൻ തുടങ്ങുന്നതിന് നടപടി പുരോഗമിക്കുന്നു.

കമ്പനി അംഗീകൃത കേന്ദ്രത്തിൽനിന്നാണ് സി.എൻ.ജി. കിറ്റുകൾ വാഹനത്തിൽ ഘടിപ്പിക്കുന്നത്. അംഗീകൃത കിറ്റുകൾ ഘടിപ്പിക്കുന്നതിന് 40,000 മുതൽ 80,000 വരെ രൂപയാണു ചെലവ്.

ടാക്‌സി വാഹനങ്ങളും സി.എൻ.ജി.യിലേക്കു മാറുന്നുണ്ട്. സി.എൻ.ജി. കിലോയ്ക്ക് 98 രൂപയാണു വില. താരതമ്യേന കുറഞ്ഞവില, വാഹനപരിപാലന ചെലവിലെ കുറവ് എന്നിവയാണ് സി.എൻ.ജി.യിലേക്ക് ആളുകളെ ആകർഷിക്കുന്നത്.

Content Highlights: 10.9 percent increase in CNG vehicle conversions compared to last year, Conversions rose from 776 in 2024 to 1,368 in 2025 across Thiruvananthapuram, Kollam, and Alappuzha, Total of 33,668 vehicles currently running on CNG with 49 active stations, Kit installation costs range from 40,000 to 80,000 rupees at authorized centers, CNG priced at 98 rupees per kg, offering savings on fuel and maintenance