ലാഭം തീര്‍ന്നു, വിലയില്‍ ഡീസലിനൊപ്പമെത്താന്‍ സിഎന്‍ജി, ഒടുവില്‍ കൂടിയത് 3 രൂപ

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: പെട്രോള്‍, ഡീസല്‍ വിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ദ്രവീകൃത പ്രകൃതിവാതക (സി.എന്‍.ജി.) ത്തില്‍ ഓടുന്ന വാഹനങ്ങളിലേക്ക് മാറിയവരുടെ ദൈനംദിന ഇന്ധനച്ചെലവ് വീണ്ടും ഉയരും. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന് സര്‍ക്കാര്‍ നിര്‍ദേശിച്ച വില പരിഷ്‌കരിച്ചതോടെ ഉപോത്പന്നമായ സി.എന്‍.ജി.ക്കും വില കൂടി. കൊച്ചിയില്‍ സി.എന്‍.ജി.ക്ക് 3.10 രൂപയാണ് കൂടിയത്. 

ഇതോടെ സി.എന്‍.ജി. വില 85.90 രൂപയില്‍ നിന്നും 89 രൂപയായി വില.സി.എന്‍.ജി.യും ഡീസലും തമ്മിലുള്ള അന്തരം ഇതോടെ 5.53 രൂപയായി കുറഞ്ഞു. ഒരു ലിറ്റര്‍ ഡീസലിന് കൊച്ചിയില്‍ 94.53 രൂപയാണ്. പ്രകൃതി വാതകത്തിന്റെ വില ഒരു ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് നേരത്തെയുണ്ടായിരുന്ന 6.10 ഡോളറില്‍ നിന്നും 8.57 ഡോളറായാണ് വര്‍ധിച്ചത്. 

ഇതാണ് സി.എന്‍.ജി. വിലയില്‍ പ്രതിഫലിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ പ്രകൃതിവാതക വില പരിഷ്‌കരിച്ചപ്പോള്‍ സി.എന്‍.ജി. വില കിലോഗ്രാമിന് ഒന്‍പത് രൂപയോളം കൂടിയിരുന്നു. ഓഗസ്റ്റോടെ വില 91 രൂപയിലേക്ക് എത്തിയെങ്കിലും ഇതേ മാസം പകുതിയോടെ വില കുറയുകയായിരുന്നു.

Content Highlights: CNG price hike in kerala, CNG vehicles in Kerala, CNG Price Hike