വരാനിരിക്കുന്ന ഹൈഡ്രജൻ വാഹനങ്ങളുടെ കാലം, ഒരുമുഴം മുമ്പേ ഹരിത ഹൈഡ്രജൻ സ്റ്റേഷനുമായി സിയാൽ

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ നേതൃത്വത്തിൽ നിർമിച്ചിട്ടുള്ള ഹൈഡ്രജൻ സ്റ്റേഷൻ ഉദ്ഘാടനത്തിന് സജ്ജമായി. സമീപഭാവിയിൽ ഹൈഡ്രജൻ വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങുമെന്ന് മുൻകൂട്ടി കണ്ടാണിത് തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ പങ്കെടുക്കേണ്ടതുള്ളതിനാൽ സൗകര്യപ്രദമായ തീയതി ലഭിച്ചാലുടൻ ഉദ്ഘാടനം നടത്തും. പ്രവർത്തനത്തിനുള്ള അനുമതിയെല്ലാം ലഭിച്ചുകഴിഞ്ഞു.
ഗ്രീൻ ഹൈഡ്രജൻ സ്റ്റേഷനാണ് സിയാലിൽ സജ്ജമാക്കിയിരിക്കുന്നത്. സ്വന്തമായി ഗ്രീൻ ഹൈഡ്രജൻ സ്റ്റേഷനുള്ള ലോകത്തെ ആദ്യ വിമാനത്താവളമായി സിയാൽ മാറുകയാണ്. 30 കോടി രൂപ മുടക്കിയാണിത് നിർമിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ സ്റ്റേഷന്റെ സാങ്കേതിക പങ്കാളി ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ.) ആണ്.
ഹൈഡ്രജൻ ഇന്ധനത്തിന്റെ ഉത്പാദനവും വിപണനവും ഇവിടെയുണ്ടാകും. ഹൈഡ്രജൻ ഉത്പാദനച്ചുമതല ബി.പി.സി.എല്ലിനാണ്. പ്രതിദിനം 220 കിലോഗ്രാം ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കാനുള്ള ശേഷി സ്റ്റേഷനുണ്ട്. ആദ്യഘട്ടം വിമാനത്താവളത്തിനകത്ത് ഉപയോഗിക്കുന്ന ബസുകളിലാകും ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കുക. ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കാവുന്ന 30 സീറ്റുള്ള രണ്ടുബസുകൾ കൊച്ചിയിലെത്തിക്കഴിഞ്ഞു.
ഹൈഡ്രജൻ ബസുകൾക്ക് സബ്സിഡി
മലിനീകരണം ഒഴിവാക്കാൻ ലക്ഷ്യമിട്ട് ഹൈഡ്രജൻ ബസുകൾ വാങ്ങുന്നവർക്ക് കേന്ദ്രസർക്കാരിന്റെ സബ്സിഡി ലഭിക്കും. ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ പിന്തുണയോടെയാണിത്. ഓരോ ബസിനും പരമാവധി 2.90 കോടി രൂപ വരെ സബ്സിഡി ലഭിക്കും.
എന്താണ് ഗ്രീൻ ഹൈഡ്രജൻ
പ്രകൃതിസൗഹൃദ ഇന്ധനമാണ് ഗ്രീൻ ഹൈഡ്രജൻ. ശുദ്ധമായ ഊർജമാണിത്. വെള്ളത്തിൽനിന്ന് വൈദ്യുതവിശ്ലേഷണം (ഇലക്ട്രോലൈസിസ്) വഴി ഹൈഡ്രജൻ വേർതിരിച്ചെടുക്കും. ഈ പ്രക്രിയയ്ക്കാവശ്യമായ വൈദ്യുതി സിയാലിന്റെ സൗരോർജ പദ്ധതികളിൽ നിന്നുള്ള പുനരുപയോഗ ഊർജത്തിൽ നിന്നായിരിക്കും. സാധാരണ വാഹനങ്ങൾ കാർബൺ പുറന്തള്ളുമ്പോൾ ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളിൽനിന്നും പുറത്തുവരുന്നത് നീരാവി മാത്രമായിരിക്കും. അതിനാൽ മലിനീകരണം ഉണ്ടാകില്ല.
ഭൂമി, വെള്ളം, ഹരിത വൈദ്യുതി എന്നിവ പദ്ധതിക്കായി സിയാലാണ് നൽകുന്നത്. സാങ്കേതികവിദ്യ, പ്ലാന്റ് സ്ഥാപിക്കൽ, പ്രവർത്തനച്ചുമതല, ഹൈഡ്രജൻ ഫ്യൂവലിങ് സംവിധാനം ഒരുക്കൽ എന്നിവയാണ് ബി.പി.സി.എൽ. നിർവഹിച്ചിട്ടുള്ളത്. ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകുകയാണ് സിയാൽ.
Content Highlights: CIAL becomes the world's first airport with an internal green hydrogen station., 30-crore investment project in partnership with BPCL., Daily production capacity of 220kg of green hydrogen using solar energy., Initial phase deployment includes hydrogen-powered shuttle buses., Central government subsidies up to 2.90 crore per bus under the National Green Hydrogen Mission.