600 കിലോമീറ്റർ വേഗതയുള്ള ട്രെയിൻ, വിമാനത്തെ തോൽപ്പിക്കുമോ തീവണ്ടി? മത്സരിച്ച് ചൈനയും ജപ്പാനും

ബെയ്ജിങ്/ടോക്യോ: മണിക്കൂറിൽ 600 കിലോമീറ്റർ വേഗത്തിൽ പായുന്ന തീവണ്ടി യാഥാർഥ്യമാകുമോ? ലോകത്തെ ഏറ്റവും വേഗമേറിയ അടുത്തതലമുറ മാഗ്ലെവ് ട്രെയിൻ വികസിപ്പിക്കാനുള്ള സാങ്കേതിക കിടമത്സരത്തിലാണ് ചൈനയും ജപ്പാനും. നിലവിലെ അതിവേഗ തീവണ്ടികളെക്കാൾ വേഗത്തിൽ നഗരങ്ങളെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
600 കി.മീ. വേഗം യാഥാർഥ്യമായാൽ, ചില റൂട്ടുകളിൽ വിമാനത്തേക്കാൾ ആകർഷകമായ യാത്രാമാർഗമായി ഇതു മാറിയേക്കും. സാധാരണ തീവണ്ടികളിൽനിന്ന് വ്യത്യസ്തമായി ശക്തമായ കാന്തികശക്തിയുടെ സഹായത്തോടെ ട്രെയിനിനെ പാളത്തിന് മുകളിൽ ഉയർത്തിയാണ് മാഗ്ലെവ് നീങ്ങുക. ഇതുവഴി ഘർഷണം കുറച്ച് അതിവേഗയാത്ര സാധ്യമാക്കാം.
ചൈനീസ് റെയിൽനിർമാതാക്കളായ സി.ആർ.ആർ.സി. മണിക്കൂറിൽ 600 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയുന്ന മാഗ്ലെവ് ട്രെയിൻ വികസിപ്പിക്കുകയാണ്. അതേസമയം, ജപ്പാൻ ചുവോ ഷിൻകാൻസൺ പദ്ധതിയിലൂടെ എസ്‌സി മാഗ്ലെവ് സാങ്കേതികവിദ്യയുമായി മുന്നേറുന്നു. പരീക്ഷണ ഓട്ടത്തിൽ ജപ്പാൻ മണിക്കൂറിൽ 603 കിലോമീറ്ററിലേറെ വേഗം ഇതിനകം കൈവരിച്ചിട്ടുണ്ട്.
ടോക്യോ-നഗോയ-ഒസാക്ക നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ടോക്യോയിൽനിന്ന് നഗോയയിലേക്കുള്ള യാത്രാസമയം 40 മിനിറ്റായി ചുരുക്കുകയാണ് ലക്ഷ്യം. ഉയർന്ന നിർമാണച്ചെലവും മറ്റു തടസ്സങ്ങളും കാരണം പദ്ധതി 2030-കളിലേക്ക് നീളാനാണ് സാധ്യത.
പുതിയ മാഗ്ലെവ് പദ്ധതി യാഥാർഥ്യമായാൽ ചൈനയിലെ ബെയ്ജിങ്ങിൽനിന്ന് ഷാങ്ഹായിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയും. വിമാനയാത്രയ്ക്ക് വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ ഉൾപ്പെടെ ഏകദേശം 4.5 മണിക്കൂറും നിലവിലെ അതിവേഗ ട്രെയിനിൽ ഏകദേശം 5.5 മണിക്കൂറും വേണ്ടിവരുമ്പോൾ മാഗ്ലെവിലൂടെ യാത്ര 3.5 മണിക്കൂറായി ചുരുങ്ങിയേക്കും.
Content Highlights: China and Japan are competing to develop next-generation Maglev trains running at 600 km/h., Maglev technology uses magnetic levitation to eliminate friction, enabling extreme speeds., Japan's Chuo Shinkansen project aims to connect Tokyo, Nagoya, and Osaka, though delayed to the 2030s., Maglev travel times could beat commercial flights on routes like Beijing-Shanghai and Tokyo-Nagoya.