വർഷങ്ങളുടെ ഇടവേള, ചെന്നൈ നഗരത്തിൽ ഡബിൾ ഡെക്കർ ബസുകൾ തിരികെ വരുന്നൂ, ഇലക്ട്രിക് കരുത്തുമായി

ചെന്നൈ: വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം നഗരത്തിൽ ഡബിൾ ഡെക്കർ ബസുകൾ തിരികെയെത്തുന്നു. ഇലക്ട്രിക്ക് രൂപത്തിലാണെന്നുമാത്രം. മെട്രപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എംടിസി) ആണ് ഇവി ഡബിൾ ഡെക്കറുകൾ നിരത്തിലിറക്കുന്നത്. ഡിസംബറോടെ ബസുകൾ ഓടിത്തുടങ്ങും. നാഷണൽ ക്ലീൻ എയർ പ്രോഗ്രാം (എൻസിഎപി) പ്രകാരം 20 പുതിയ ഇവി ഡബിൾ ഡെക്കർ ബസുകളാണ് സർവീസ് നടത്തുക.
ദൈനംദിന യാത്രയ്ക്കൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും ഡബിൾ കുതിപ്പേകും. പ്രവൃത്തിദിവസങ്ങളിൽ കൂടുതൽ ആവശ്യക്കാരുള്ള ഇടങ്ങളിലേക്കായിരിക്കും സർവീസ്. വാരാന്ത്യത്തിൽ പൈതൃകഭംഗി ആസ്വദിക്കാനാവുന്ന റൂട്ടുകളിൽ ഓടിക്കും. 10 കോടി ചെലവിൽ സ്വകാര്യ ഓപ്പറേറ്റർ ബസിന്റെ പ്രവർത്തനം നിയന്ത്രിക്കുമെങ്കിലും റൂട്ടുകൾ നിശ്ചയിക്കുന്നതും നിരക്കുതീരുമാനിക്കുന്നതും സംസ്ഥാന സർക്കാർ ആയിരിക്കും. ടെൻഡറുകൾ അന്തിമ ഘട്ടത്തിലാണെന്ന് എംടിസി വൃത്തങ്ങൾ അറിയിച്ചു.
പൈതൃക റൂട്ടുകൾ
അണ്ണാശാലൈ, കാമരാജർ ശാലൈ, മഹാബലിപുരം വരെയുള്ള ഈസ്റ്റ് കോസ്റ്റ് റോഡ് തുടങ്ങിയവയായിരിക്കും ഇവി ഡബിൾ ഡെക്കർ ബസുകൾ സർവീസ് നടത്തുന്ന പൈതൃക റൂട്ടുകൾ. നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഈ റൂട്ടിലുളള യാത്ര ആസ്വാദകരമാക്കാൻ സാധിക്കും. ഈ റൂട്ടുകളിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളെക്കുറിച്ച് വിവരങ്ങൾനൽകാനും എംടിസി പദ്ധതിയിടുന്നു. വാരാന്ത്യയാത്രകൾക്ക് മുൻകൂട്ടി ബുക്കിങ് ഏർപ്പെടുത്താനാണ് തീരുമാനം.
1970-ൽ തുടങ്ങിയ ഡബിൾ ഡെക്കർ
പരിസ്ഥിതി സൗഹൃദപരമായ മാറ്റങ്ങളോടെ ഡബിൾ ഡെക്കർ ബസുകൾ വീണ്ടും അവതരിപ്പിക്കുന്നതിലൂടെ ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ നഗരങ്ങൾക്കൊപ്പം ചെന്നൈയും ചേരുകയാണ്. 1970-കളിലാണ് ചെന്നൈയിൽ ആദ്യമായി ഡബിൾ ഡെക്കർ ബസുകൾ അവതരിപ്പിച്ചത്. 1980-കളിൽ സർവീസ് നിർത്തലാക്കിയെങ്കിലും 1997-നും 2008-നും ഇടയിൽ പാരിസ്-താംബരം റൂട്ടിൽമാത്രം സർവീസ് നടത്തിയിരുന്നു.
Content Highlights: chennai-electric-double-decker-buses