യാത്ര തുടങ്ങുംമുമ്പേ ടിപ്പ് ചോദിക്കേണ്ട; ഓൺലൈൻ ടാക്‌സി ആപ്പുകളുടെ നീക്കം തടഞ്ഞ് കേന്ദ്രം

യാത്ര തുടങ്ങും മുമ്പേ ടിപ്പ് ചോദിക്കുന്ന റൈഡ്-ഹെയ്‌ലിങ് ആപ്പുകളുടെ നീക്കത്തിന് തടയിട്ട് കേന്ദ്ര സർക്കാർ. അത്തരം ടിപ്പിങ് സന്ദേശങ്ങൾ ആപ്പുകളിൽ നിന്ന് ഉടൻ നീക്കം ചെയ്യാൻ കേന്ദ്ര റോഡ് ഗതാഗത - ഹൈവേ മന്ത്രാലയം മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർമാർക്ക് നിർദേശം നൽകി. ഇതോടെ യാത്ര തുടങ്ങുന്നതിനോ പൂർത്തിയാകുന്നതിനോ മുമ്പ് ഇനി ടിപ്പ് നൽകാനുള്ള അഭ്യർഥനകൾ ഇനി ആപ്പ് ഉപയോഗിക്കുന്നവർക്ക് ലഭിക്കില്ല.
അഡ്വാൻസ് ടിപ്പ്, ഒരു ആഡ്-ഓൺ തിരഞ്ഞെടുക്കുക, റൈഡ് കൺഫർമേഷൻ പെട്ടെന്ന് ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കുക തുടങ്ങിയ സന്ദേശങ്ങൾ റൈഡ്-ഹെയ്‌ലിങ് ആപ്പുകൾ കാണിക്കുന്നതായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിനാണ് കേന്ദ്ര ഇടപെടൽ. യാത്രക്കാരൻ ടിപ്പ് നൽകിയാൽ ഡ്രൈവർ റൈഡ് സ്വീകരിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്ന തരത്തിലാണ് ഇത്തരം സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നത്. പെട്ടെന്ന് ക്യാബ് ലഭിക്കുമെന്ന പ്രതീക്ഷയിൽ അധിക തുക നൽകാൻ യാത്രക്കാരെ നിർബന്ധിക്കാൻ പാടില്ലെന്ന് കേന്ദ്ര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ആപ്പുകളിൽനിന്ന് ഈ ഫീച്ചർ ഉടൻ നീക്കണം
ഇത്തരം ഫീച്ചറുകൾ മൊബൈൽ ആപ്ലിക്കേഷനുകളിൽനിന്നും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽനിന്നും ഉടൻ നീക്കം ചെയ്യാൻ കേന്ദ്ര മന്ത്രാലയം എല്ലാ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർമാരോടും നിർദേശിച്ചിട്ടുണ്ട്. ഇതോടെ യാത്ര പൂർത്തിയാകുന്നതിന് മുമ്പ് ആപ്പുകൾക്ക് ടിപ്പ് പ്രോംപ്റ്റ്, സന്ദേശം, ആഡ്-ഓൺ അല്ലെങ്കിൽ പേയ്മെന്റ് ഓപ്ഷൻ എന്നിവ പ്രദർശിപ്പിക്കാൻ കഴിയില്ല:
ടിപ്പ് നൽകുന്നതിന് തടസമില്ല, പക്ഷെ ചട്ടപ്രകാരം മാത്രം
ഈ നിർദേശം യാത്രക്കാർ ടിപ്പ് നൽകുന്നതിനെ പൂർണമായി നിരോധിക്കുന്നില്ല. 2025-ലെ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങളിലെ ക്ലോസ് 14.15 പ്രകാരം യാത്രക്കാർക്ക് ഡ്രൈവർമാർക്ക് സ്വമേധയാ ടിപ്പ് നൽകാം. എന്നാൽ യാത്ര പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ഈ ഓപ്ഷൻ നൽകാവൂ.
ടിപ്പിന്റെ മുഴുവൻ തുകയും ഡ്രൈവർക്ക് തന്നെ ലഭിക്കണം. അഗ്രഗേറ്റർക്ക് ടിപ്പിൽ നിന്ന് തുകയൊന്നും കുറയ്ക്കാൻ കഴിയില്ല.
ടിപ്പ് നൽകുന്നത് സ്വമേധയാ ആയിരിക്കണം. തെറ്റിദ്ധരിപ്പിച്ച് പണം കൈക്കലാക്കാൻ പാടില്ല. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള ടിപ്പിങ് സംവിധാനം ആപ്പുകൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നൽകിയ മുൻ ഉത്തരവിന്റെ തുടർച്ചയായാണ് കേന്ദ്ര മന്ത്രാലയത്തിന്റെ ഇടപെടൽ.
Content Highlights: Road transport ministry directs cab aggregators to remove pre-ride tipping prompts immediately., Apps can no longer suggest tips influence ride acceptance or confirmation speed., Tipping is still allowed voluntarily only after the journey is completed., Aggregators cannot deduct any commission from the driver's tip amount.