വാഹനങ്ങൾ സംസ്ഥാനം മാറി ഉപയോഗിച്ചാലും ഉടൻ രജിസ്‌ട്രേഷൻ മാറേണ്ട; നിയമനിർമാണത്തിന് കേന്ദ്രം

#Auto Desk
പ്രതീകാത്മക ചിത്രം | Photo: Facebook Maketplace
പ്രതീകാത്മക ചിത്രം | Photo: Facebook Maketplace

ഒരു സംസ്ഥാനത്ത് രജിസ്റ്റർചെയ്ത വാഹനം രജിസ്‌ട്രേഷൻ മാറ്റാതെതന്നെ മറ്റൊരു സംസ്ഥാനത്ത് ഉപയോഗിക്കുന്നതിനുള്ള കാലയളവ് വർധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഒരു വാഹന ഉടമയ്ക്ക് നിലവിലെ രജിസ്‌ട്രേഷൻ മാറാതെതന്നെ മറ്റൊരു സംസ്ഥാനത്ത് മൂന്ന് വർഷം വാഹനം ഉപയോഗിക്കാൻ കഴിയുന്ന നിയമം കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. നിലവിൽ രജിസ്‌ട്രേഷൻ മാറാതെ ഒരു വർഷം മാത്രമാണ് ഉപയോഗിക്കാൻ അനുവദിക്കുന്നത്.

ജോലിയിൽ അടിക്കടി സ്ഥലം മാറ്റങ്ങൾ ഉണ്ടാകുകയും ചെറിയ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യേണ്ടിവരികയും ചെയ്യുന്ന ആളുകൾക്ക് ഉപകാരപ്രദമാകുന്ന മാറ്റമായാണ് ഉദ്യോഗസ്ഥർ ഈ നിർദേശത്തെ വിലയിരുത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ മൂന്ന് വർഷംവരെ ജോലിചെയ്തശേഷം സ്വന്ത സംസ്ഥാനത്തേക്ക് മടങ്ങിപ്പോകുന്ന ആളുകളായിരിക്കും ഈ നിർദേശത്തിന്റെ പ്രധാന ഗുണഭോക്താക്കൾ.

ഈ നീക്കം ഭാരത് രജിസ്‌ട്രേഷൻ സംവിധാനത്തിന് സമാനമാകുമെന്നാണ് വിലയിരുത്തൽ. വാഹന ഉടമകൾക്ക് റീ-രജിസ്‌ട്രേഷൻ നേടാതെതന്നെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അവരുടെ വാഹനംതന്നെ ഉപയോഗിക്കാൻ അനുവദിക്കും. നിലവിൽ, ഒരു സംസ്ഥാനത്ത് രജിസ്റ്റർചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് ഒരുവർഷത്തിൽ കൂടുതൽ ഉപയോഗിക്കുകയാണെങ്കിൽ ആ സംസ്ഥാനത്ത് റീ-രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം.

എന്നാൽ, പല സംസ്ഥാനങ്ങൾക്ക് ഇടയിലുള്ള റോഡ് ടാക്‌സിലെ അന്തരം ഈ നീക്കത്തിന് വലിയൊരു പ്രതിബന്ധമാണെന്നാണ് ട്രാൻസ്‌പോർട്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. റോഡ് ടാക്‌സ് നിരക്ക് ഏകീകരിക്കുകയും സംസ്ഥാനങ്ങൾക്കിടയിൽ റോഡ് ടാക്‌സിന്റെ ആനുപാതിക കൈമാറ്റത്തിനുള്ള സംവിധാനം ഒരുക്കുകയും ചെയ്താൽ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയൂ എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Source

Content Highlights: Proposal to increase interstate vehicle usage limit from 1 year to 3 years., Aims to benefit employees with frequent transfers and short-term contracts., Modeled after the existing Bharat registration system., Road tax harmonization between states remains a key challenge for implementation.