ഒരു ഉദ്യോഗസ്ഥന് ഒരു ഔദ്യോഗിക വാഹനം; നയവുമായി കേന്ദ്രം, ഇനി ദുരുപയോഗം നടക്കില്ല

#Auto Desk
പ്രതീകാത്മക ചിത്രം | AI Generated Image
പ്രതീകാത്മക ചിത്രം | AI Generated Image

ദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനായി ഒരു ഉദ്യോഗസ്ഥന് ഒരു ഔദ്യോഗിക വാഹനം എന്ന ആശയം നടപ്പാക്കാൻ കേന്ദ്ര സർക്കാർ. മുതിർന്ന ഉദ്യോഗസ്ഥർ ഏതെങ്കിലും വകുപ്പിന്റെയോ പൊതുമേഖല സ്ഥാപനങ്ങളുടെയോ അധിക ചുമതല വഹിച്ചാലും ഒന്നിലധികം സർക്കാർ വാഹനങ്ങൾ നൽകുന്നത് ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ ഈ നയം കർശനമായി നടപ്പാക്കുന്നത്.

ഉദ്യോഗസ്ഥരുടെ കാറുകൾ സംബന്ധിച്ച് പുതുക്കിയ മാനദണ്ഡം കർശനമായി നടപ്പാക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്‌സ്‌പെൻഡീച്ചർ മറ്റ് വകുപ്പുകളോട് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ വകുപ്പുകളിലുള്ള ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങൾ ഏകീകരിച്ച് 2022 സെപ്റ്റംബറിൽ പുറപ്പെടുവിച്ച നിയമങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതാണ് പുതിയ ഉത്തരവ്.

ഔദ്യോഗിക കാർ ലഭിക്കാൻ അർഹതയുള്ള ഉദ്യോഗസ്ഥൻ വേറെ ഏതെങ്കിലും വകുപ്പിന്റെയോ പൊതുമേഖല സ്ഥാപനങ്ങളുടെയോ സ്വയംഭരണ സ്ഥാപനങ്ങളുടെയോ അധിക ചുമതല കൂടി വഹിക്കുന്നുണ്ടെങ്കിൽ അവിടെ നിന്നും സർക്കാർ വാഹനങ്ങൾ അനുവദിക്കാൻ പാടില്ല. പകരം ആദ്യം അനുവദിച്ച ഔദ്യോഗിക കാർ തന്നെ എല്ലാ വകുപ്പുകളുടെയും കാർ ആയി ഉപയോഗിക്കേണ്ടതാണെന്നാണ് നിർദേശത്തിലുള്ളത്.

ഔദ്യോഗിക യാത്രകൾ, സർക്കാർ അനുവദിച്ചിട്ടുള്ള യാത്രകൾ എന്നിവയ്ക്കല്ലാതെ സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും ഈ നിർദേശം ഉദ്യോഗസ്ഥരെ വിലക്കുന്നുണ്ട്. അധികമായി ഉള്ളതും ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്തതുമായ വാഹനങ്ങൾ സ്വകാര്യ ഉപയോഗത്തിന് വിട്ട് നൽകാതെ സുരക്ഷിതമായി സൂക്ഷിക്കണമെന്നാണ് മന്ത്രാലയങ്ങൾക്ക് സർക്കാർ നൽകിയിട്ടുള്ള നിർദേശം.

സർക്കാർ വിഭവങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും ദുരുപയോഗം പരമാവധി തടയാനും ഔദ്യോഗിക യാത്രകളുടെ പേരിലുണ്ടാകുന്ന ഭാരിച്ച ചെലവുകൾ നിയന്ത്രിക്കുന്നതിനുമാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. അർഹതയുള്ള ഉദ്യോഗസ്ഥന് ഒരു ഔദ്യോഗിക വാഹനം എന്ന ആശയത്തിലൂടെ സർക്കാർ വാഹനങ്ങളുടെ നടത്തിപ്പും വിതരണവും കൂടുതൽ കാര്യക്ഷമമാകുകയും സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുകയും ചെയ്യുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ.

Content Highlights: Implementation of 'one official vehicle per officer' policy., Prohibition of multiple vehicles for officers holding additional charges., Restriction on the use of government vehicles for non-official purposes., Requirement to store surplus vehicles securely instead of private use., Goal to improve resource efficiency and enforce financial discipline.