അപ്പോൾ ഓർത്തത് സ്വന്തം കുട്ടിയെ, രണ്ടുദിവസം ബസ്സോടിക്കാനായില്ല; കുഞ്ഞിന്റെ രക്ഷപ്പെടലിൽ ഷിനോജ്

#സ്വന്തം ലേഖകന്‍
ബസ് ഡ്രൈവര്‍ ഷിനോജ്
ബസ് ഡ്രൈവര്‍ ഷിനോജ്

മുക്കം: റോഡിന്റെ എതിർവശത്തുണ്ടായിരുന്ന അമ്മയ്ക്കരികിലെത്താൻ, റോഡിനുകുറുകെ ഓടിയ കുരുന്നിന്റെ ജീവന് കരുതലായി ബസ് ഡ്രൈവറുടെ കൈകൾ... ഡ്രൈവറുടെ മനോധൈര്യവും സമയോചിതമായ ഇടപെടലും ഒത്തുചേർന്നപ്പോൾ കുഞ്ഞ് പോറൽപോലുമേൽക്കാതെ രക്ഷപ്പെട്ടു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെ മുക്കം കൊടിയത്തൂരിലായിരുന്നു അദ്ഭുതകരമായ ഈ രക്ഷപ്പെടൽ!

കൊടിയത്തൂരിലെ ഫാമിലി ഹെൽത്ത് സെന്ററിൽ ചികിത്സയ്ക്കായി മാതാപിതാക്കളോടൊപ്പം ഓട്ടോറിക്ഷയിൽ എത്തിയതായിരുന്നു മൂന്നുവയസ്സുകാരി. അമ്മ ഓട്ടോ ഇറങ്ങി റോഡ് മുറിച്ചുകടന്നു. അച്ഛൻ ഓട്ടോ ഡ്രൈവർക്ക് പണം നൽകുന്നതിനിടെ കുട്ടി അമ്മയുടെ അടുത്തേക്കെത്താൻ റോഡിനുകുറുകെ ഓടുകയായിരുന്നു. ഓട്ടോയ്ക്കുമുന്നിലൂടെ നടുറോഡിലേക്ക് ഓടിക്കയറുന്നത് മിന്നായംപോലെകണ്ട ഡ്രൈവർ ബസ് വലതുവശത്തേക്ക് വെട്ടിച്ചുമാറ്റി, സഡ്ഡൻ ബ്രേക്കിട്ടു.

ബസിന്റെ മുൻവശത്തെ ടയറിന് തൊട്ടടുത്തെത്തിയ കുട്ടി ഒരു പോറൽപോലുമേൽക്കാതെ രക്ഷപ്പെട്ടു. 'ഓടല്ലേ മോളെ'യെന്ന് മാതാപിതാക്കളും നാട്ടുകാരും പറയുന്നുണ്ടായിരുന്നു. പേടിച്ചുവിറച്ച കുഞ്ഞ് തിരികെ പിതാവിനടുത്തേക്ക് ഓടി. കോഴിക്കോട്-ചെറുവാടി-കൊടിയത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'തയ്യിൽ' ബസിലെ ഡ്രൈവറും അരീക്കോട് ചൂളാട്ടിപ്പാറ സ്വദേശിയുമായ മമ്പിളിയത്ത് ഷിനോജിന്റെ അവസരോചിത ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.

രക്ഷപ്പെടലിനുശേഷം ഡ്രൈവർക്ക് നന്ദിപറഞ്ഞ്, മാതാപിതാക്കളും കുഞ്ഞും ആശുപത്രിയിലേക്കുപോയി. എന്നാൽ, കുഞ്ഞ് രക്ഷപ്പെട്ടെങ്കിലും ഞെട്ടലുണർത്തിയ സംഭവത്തോടെ ഡ്രൈവർ ഷിനോജ് മാനസികമായി തകർന്നു. മറ്റൊരു ഡ്രൈവർ എത്തിയശേഷമാണ് ബസ് യാത്രതുടർന്നത്. വളയം പിടിക്കാൻ മനസ്സനുവദിക്കാതെവന്നതോടെ ഷിനോജ് രണ്ടുദിവസം ജോലിയിൽനിന്ന് വിട്ടുനിന്നു.

ആത്മധൈര്യം തിരികെ ലഭിച്ചതിനെത്തുടർന്ന്, തിങ്കളാഴ്ചയാണ് ഷിനോജ് ഡ്രൈവിങ് സീറ്റിൽ തിരികെയെത്തിയത്. ''ആ കുഞ്ഞ് ബസിനുമുന്നിലേക്ക് ഓടുന്നതുകണ്ടപ്പോൾ എനിക്ക് എന്റെ മക്കളെയാണ് ഓർമ്മവന്നത്. എന്തുചെയ്യണമെന്ന് ഒരു നിമിഷം ചിന്തിച്ചു. സ്റ്റിയറിങ് വലത്തോട്ട് വെട്ടിച്ച്, ബ്രേക്കിൽ അമർത്തിച്ചവിട്ടി. എന്റെ കഴിവല്ല, എല്ലാം ദൈവത്തിന്റെ കരുതലാണ്...'' -വിനയത്തോടെ ഷിനോജ് പറയുന്നു.

സമീപത്തെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ തിങ്കളാഴ്ച സാമൂഹികമാധ്യമങ്ങൾ വഴി പുറത്തുവന്നതോടെ ഷിനോജിനേത്തേടി അഭിനന്ദനപ്രവാഹമാണ്. ''എനിക്ക് നാലും രണ്ടും വയസ്സുള്ള മക്കളുണ്ട്. സാമൂഹികമാധ്യമങ്ങളിൽ ഉൾപ്പെടെ ലഭിക്കുന്ന അംഗീകാരത്തേക്കാൾ വലുത് ആ കുഞ്ഞിനെ രക്ഷപ്പെടുത്താനായതാണ്...'' -ഷിനോജ് 'മാതൃഭൂമി'യോട് പറഞ്ഞു. അഞ്ചുവർഷമായി വളയംപിടിക്കുന്ന ഷിനോജ് കരുണാകരന്റെയും ശോഭയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ്. ഷിബിലയാണ് ഭാര്യ. അതിഥിത്തൊഴിലാളി ദമ്പതിമാരുടെ മകളാണ് അപകടത്തിൽ രക്ഷപ്പെട്ടത്.

Content Highlights: Heroic bus driver`s quick thinking saved a 3-year-old child who ran into the road in Kodiyathoor. Witness the incredible rescue caught on CCTV.