രണ്‍വീറിന് മൂന്ന് കാരവാന്‍, ജോണ്‍ എബ്രഹാമിന് കറുത്ത ഇന്റീരിയര്‍; വിചിത്രമാണ് വാനിറ്റി വാന്‍ ഡിമാന്റുകള്‍

സിനിമ സംബന്ധിച്ച ചര്‍ച്ചകളില്‍ പലപ്പോഴും ഉയര്‍ന്ന് കേള്‍ക്കുന്ന ഒന്നാണ് ഷൂട്ടിങ് വേളകളില്‍ നിര്‍മാതാക്കള്‍ ഏറ്റെടുക്കേണ്ടി വരുന്ന താരങ്ങളുമായി ബന്ധപ്പെട്ട ഉയര്‍ന്ന ചെലവുകള്‍. ബോളിവുഡ് പോലുള്ള സിനിമാ മേഖലകളില്‍ നിന്നാണ് പലപ്പോഴും ചെലവിന്റെ ഭാരിച്ച കണക്കുകള്‍ പുറത്തുവരാറുള്ളത്. സിനിമാ നിര്‍മാണത്തില്‍ പ്രധാനമായും പണം അപഹരിക്കുന്ന ഒന്ന് വാനിറ്റി വാനുകള്‍ അല്ലെങ്കില്‍ കാരവാനുകളാണെന്നാണ് ബോളിവുഡ് സിനിമ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ചില ബോളിവുഡ് താരങ്ങള്‍ സിനിമ സെറ്റില്‍ ആറ് വാനിറ്റി വാനുകള്‍ വരെ ആവശ്യപ്പെടാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ രണ്‍വീര്‍ സിങ്ങിന്റെ ഷൂട്ടിങ് സെറ്റുകളില്‍ അദ്ദേഹം മൂന്ന് വാനിറ്റി വാനുകളാണ് ആവശ്യപ്പെടാറുള്ളത്. ഒന്ന് അദ്ദേഹത്തിന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും മറ്റൊന്ന് ജിം ആക്കുന്നതിനും മൂന്നാമത്തേത് അദ്ദേഹത്തിന് ഭക്ഷണമുണ്ടാക്കുന്ന ആള്‍ക്കുമാണെന്നാണ് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഷാരൂഖ് ഖാന്റെ സ്വന്തം വാനിറ്റി വാന്‍ വളരെ വലിയ വാഹനമായതിനാല്‍ തന്നെ ഉള്‍പ്രദേശങ്ങളിലുള്ള ഷൂട്ടിങ് സൈറ്റുകളിലേക്കും മറ്റും കൊണ്ടുപോകുകയെന്നത് അപ്രായോഗികമാണ്. ഇത്തരം പ്രദേശങ്ങളില്‍ ഷൂട്ടിങ് നടക്കുമ്പോള്‍ താനാണ് കാരവാനുകള്‍ നല്‍കുന്നതെന്ന് വാനിറ്റി വാന്‍ വിതരണക്കാരനായ കേതല്‍ റാവല്‍ പറയുന്നു. മുമ്പ് വാനിറ്റി വാഹനങ്ങള്‍ ഒരു ആവശ്യമായിരുന്നെങ്കില്‍ ഇപ്പോള്‍ പലരും ആഡംബരം കാണിക്കുന്നതിനാണ് ഇത്തരം വാഹനങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.

ബോളിവുഡ് താരമായ ജോണ്‍ എബ്രഹാം കൂടുതല്‍ വാഹനങ്ങള്‍ ആവശ്യപ്പെടാറില്ലെങ്കിലും അദ്ദേഹത്തിന് പ്രത്യേകം ഡിമാന്റുകളുണ്ടെന്നും കേതല്‍ പറയുന്നു. വാഹനത്തിന്റെ ഫ്‌ളോര്‍ മുതല്‍ റൂഫ് വരെ നീളുന്ന വിന്‍ഡോ അദ്ദേഹത്തിന് നിര്‍ബന്ധമാണ്. പുറത്തുനിന്നുള്ള വെളിച്ചം ഉള്ളില്‍ ലഭിക്കുന്നതിനാണിത്. ഇതിനുപുറമെ, വാനിന്റെ ഉള്‍ഭാഗം പൂര്‍ണമായും കറുപ്പ് നിറത്തിലായിരിക്കണമെന്നും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ആവശ്യമാണ്. അത് റൂമുകള്‍ മുതല്‍ ടോയ്ലറ്റ് വരെ കറുപ്പ് നിറത്തിലായിരിക്കണമെന്നും കേതല്‍ പറയുന്നു.

വാനിറ്റി വാനുകളുമായി ബന്ധപ്പെട്ട് നടി കങ്കണയുടെ ഡിമാന്റുകളും വിചിത്രമാണെന്നാണ് വാനിറ്റി വാന്‍ ഡിസൈനറായ പ്രതീക് മലേവാര്‍ പറയുന്നത്. ശീഷം വുഡ് ഉപയോഗിച്ചുള്ള ഇന്റീരിയറുള്ള വാനിറ്റി വാനാണ് കങ്കണയ്ക്കായി ഒരുക്കിയിട്ടുള്ളത്. ഈ വുഡ് കണ്ടെത്തുകയെന്നത് ശ്രമകരമായ കാര്യമായിരുന്നുവെന്നും, ഈ വുഡ് ഉപയോഗിച്ചുള്ള ഇന്റീരിയര്‍ പരിപാലിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും പ്രതീക് കൂട്ടിച്ചേര്‍ത്തു.

ഒന്നിലധികം റൂമുകളും എക്‌സ്റ്റെന്റ് ചെയ്യാവുന്ന ലിവിങ് സ്‌പേസുമുള്ള വാനിറ്റി വാനുകള്‍ക്ക് മൂന്ന് കോടി രൂപയോളം വില വരും. ആഡംബര റിക്ലൈനര്‍ സീറ്റുകള്‍, ജിം ഉപകരണങ്ങള്‍ തുടങ്ങിയവയുള്ള ഹൈ എന്‍ഡ് കസ്റ്റം വാനിന് ഒരു കോടി രൂപയാണ് വിലയാകുക. എന്നാല്‍, സോഫകളും ചെറിയ പാന്‍ട്രിയും സാധാരണ ടോയ്ലറ്റ് സൗകര്യവുമുള്ള വാനുകളുടെ വില 50 ലക്ഷം രൂപയില്‍ നില്‍ക്കും. അതേസമയം, ഇത്തരം വാഹനങ്ങളുടെ പരിപാലന ചെലവ് 10 ലക്ഷം രൂപ മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Explore the extravagant and peculiar demands of Bollywood stars for their vanity vans, from multiple vehicles for Ranveer Singh to specific interior designs for John Abraham. Learn about the costs involved.