ബെംഗളൂരുവിൽ നടപ്പാതയിലൂടെ ബൈക്കോടിച്ചാൽ 5000 രൂപ പിഴ; നീക്കവുമായി സർക്കാർ

ബെംഗളൂരു: നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവരിൽനിന്ന് 5,000 രൂപ പിഴ ഈടാക്കാൻ നടപടിയുമായി സർക്കാർ. നിലവിൽ ഇത് 500 രൂപയാണ്. ബെംഗളൂരു നഗരവികസനവകുപ്പ് മന്ത്രി കൃഷ്ണബൈരെ ഗൗഡ ഈ ആവശ്യം ഉന്നയിച്ച് ഗതാഗതവകുപ്പ് മന്ത്രി ബൈരതി സുരേഷിന് കത്തുനൽകി.
നഗരത്തിലെ നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടിക്കൊപ്പമാണ് നടപ്പാതകളിലൂടെ ഇരുചക്രവാഹനം ഓടിക്കുന്നവർക്കെതിരേയുള്ള നടപടിയും കർശനമാക്കുന്നത്.
കാൽനടക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് പിഴത്തുക പത്തിരട്ടിയായി ഉയർത്താനുള്ള നിർദ്ദേശമെന്ന് അധികൃതർ പറയുന്നു. നടപ്പാതകൾ കുറുക്കുവഴികളായി ഉപയോഗിക്കുന്ന ബൈക്ക് യാത്രികരുടെ എണ്ണം വർധിച്ചുവരുന്നുവെന്നും ഈ പ്രവണത നടന്നുപോകുന്നത് കൂടുതൽ അപകടകരമാക്കുന്നുവെന്നും ഗതാഗത മന്ത്രിക്കയച്ച കത്തിൽ നഗരവികസന മന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പ്രവണതയെ ശക്തമായി പ്രതിരോധിക്കുന്നതിനായി കർശനമായ പിഴ ഏർപ്പെടുത്താൻ അടിയന്തര നിയമ ഭേദഗതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഏകദേശം 300 കാൽനടക്കാരാണ് ബെംഗളൂരുവിൽ മരിച്ചത്. ഇത് ഗുരുതരമായ റോഡ് സുരക്ഷാ വെല്ലുവിളികളിൽ ഒന്നാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നടപ്പാതകളിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്തിരുന്നു. എന്നാൽ നടപ്പാതകളിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത് ആശങ്കാജനകമായ കാര്യമാണ്. ഇനി മുതൽ കാൽനടപ്പാതയിലൂടെയുള്ള ബൈക്ക് യാത്ര അപകടകരമായ ഡ്രൈവിങ് ആയി കണക്കാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് നടപ്പാതകൾ വീണ്ടെടുക്കുന്നതിനുള്ള ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (GBA) ശക്തമായ നടപടികൾക്കൊപ്പമാണ് പുതിയ നീക്കത്തിനും സർക്കാർ തുടക്കം കുറിക്കാനൊരുങ്ങുന്നത്. ഉന്നതതല അവലോകന യോഗത്തിൽ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 2026 ജനുവരി-ജൂൺ വരെയുള്ള കാലയളവിൽ നടപ്പാതകളിലൂടെ ബൈക്ക് ഓടിച്ചതിന് 12,032 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Content Highlights: Proposal to increase footpath riding fine from Rs 500 to Rs 5,000., Over 95,000 footpath-related violations recorded in the first half of 2026., New directive to relocate bus stops away from traffic signals to reduce congestion., Focus on reclaiming footpaths for pedestrians amid high accident rates.