ഹർദീപ് സിങ് BMW-വിലേക്ക് പോയി, പകരക്കാരൻ ടൊയോട്ടയിൽനിന്ന്; കിയയിൽ തന്ത്രങ്ങൾ തീർക്കാൻ അതുൽ സൂദ്

പ്രതീകാത്മക ചിത്രം, അതുൽ സൂദ്
പ്രതീകാത്മക ചിത്രം, അതുൽ സൂദ്

ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പുതിയ പ്രസിഡന്റ് ആന്റ് സിഇഒ ആയി കഴിഞ്ഞദിവസമാണ് ഹർദീപ് സിങ് ബ്രാർ  ചുമതലയേറ്റത്. കിയ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാഗം വൈസ് പ്രസിഡന്റായിരിക്കെയായിരുന്നു  ബിഎംഡബ്ല്യുവിലേക്കുള്ള അദ്ദേഹത്തിന്റെ വരവ്. 

കിയയിൽ ഒഴിവുവന്ന ഈ സുപ്രധാന സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ് അതുൽ സൂദ്. സെയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റായാണ് അദ്ദേഹം ചുമതലയേറ്റത്. ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ ബ്രാൻഡ് ലക്ഷ്യമിടുന്ന ഘട്ടത്തിലാണ് ഈ നിയമനം. നാല് വർഷത്തിലേറെയായി ഹർദീപ് സിംഗ് ബ്രാർ ആയിരുന്നു ഈ സ്ഥാനം വഹിച്ചിരുന്നത് .

ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിൽ പ്രധാനപ്പെട്ട നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്ന വ്യക്തിയാണ് അതുൽ സൂദ്. ടൊയോട്ട മൊബിലിറ്റി സൊല്യൂഷൻസ് ആൻഡ് സർവീസിന്റെ പ്രസിഡന്റും ഡയറക്ടറുമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പദവി. രാജ്യത്തുടനീളം ബ്രാൻഡിന്റെ വിൽപന തന്ത്രങ്ങളുടെയും പ്രവർത്തനങ്ങളുടെയും മേൽനോട്ടം അതുൽ സൂദിനായിരിക്കും. 1998 മുതൽ അതുൽ സൂദ് വാഹന വ്യവസായ മേഖലയുടെ ഭാഗമാണ്.

അതുൽ സൂദിനെ കിയ ഇന്ത്യ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ ആവേശഭരിതരാണെന്ന് കമ്പനി മാനേജിങ് ഡയറക്ടറും സിഇഒയുമായ ഗ്വാങ്ഗു ലീ പറഞ്ഞു. 'വിപണിയിലെ ഞങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്നതിനും ഞങ്ങൾ ശ്രമിക്കുന്ന ഈ ഘട്ടത്തിൽ, അദ്ദേഹത്തിന്റെ ആഴത്തിലുള്ള വ്യവസായ വൈദഗ്ധ്യവും തന്ത്രപരമായ ഉൾക്കാഴ്ചയും വിലമതിക്കാനാവാത്തതാണ്. ഞങ്ങളുടെ വളർച്ചാ യാത്രയുടെ അടുത്ത ഘട്ടത്തിന് അദ്ദേഹത്തിന്റെ നേതൃത്വവും സംഭാവനയും മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു', ഗ്വാങ്ഗു ലീ അഭിപ്രായപ്പെട്ടു.
 

Content Highlights: Atul Sood Joins Kia India New Senior Vice President Sales And Marketing