റോഡിലെ കുഴി ഇനി കെണിയാകില്ല, സ്‌കൂട്ടർ മുന്നറിയിപ്പ് നൽകും; പുതിയ ഫീച്ചറുമായി ഏഥർ

#ഓട്ടോമൊബൈല്‍ ഡെസ്‌ക്
പ്രതീകാത്മകചിത്രം | AI, Ather
പ്രതീകാത്മകചിത്രം | AI, Ather

ഇലക്ട്രിക് സ്‌കൂട്ടറുകളിൽ Pothole+ Alerts ഫീച്ചർ അവതരിപ്പിച്ച് ഏഥർ എനർജി. സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയുള്ള ഈ ഫീച്ചർ കണക്റ്റഡ് വാഹന ഡേറ്റയുടെ സഹായത്തോടെ റോഡിലെ അപകട സാഹചര്യങ്ങളെക്കുറിച്ച് റൈഡർമാർക്ക് മുന്നറിയിപ്പ് നൽകുമെന്ന് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു. 450 Apex, 450X, Rizta Z മോഡലുകളിൽ ഈ ഫീച്ചർ ലഭ്യമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Pothole+ ഫീച്ചർ ബ്രാൻഡിന്റെ 2025 കമ്മ്യൂണിറ്റി ദിനത്തിൽ ഏഥർ പ്രദർശിപ്പിച്ചിരുന്നു. കുഴികൾ, നിരപ്പല്ലാത്ത പ്രതലങ്ങൾ, സ്പീഡ് ബ്രേക്കറുകൾ എന്നിവ സ്‌കൂട്ടർ മുൻകൂട്ടി കണ്ടെത്തിയാലുടൻ ഡാഷ്‌ബോർഡിൽ മുന്നറിയിപ്പ് ലഭിക്കും. ഇത് ശ്രദ്ധയിൽപ്പെടാതെ പോകാനുള്ള സാധ്യത കണക്കിലെടുത്ത് സ്‌കൂട്ടറിന്റെ സ്പീക്കറുകൾ വഴി ഓഡിയോ അലേർട്ടുകളും റൈഡർമാർക്ക് ലഭിക്കും. ഏഥറിന്റെ ഹാലോ സ്മാർട്ട് ഹെൽമെറ്റ് വഴിയും, കണക്റ്റ് ചെയ്ത ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴിയും ഓഡിയോ അലേർട്ടുകൾ ലഭ്യമാകും.

കണക്റ്റഡ് ഫ്‌ളീറ്റ് ഡാറ്റ ഉപയോഗിച്ചാണ് സ്‌കൂട്ടർ റോഡിലെ അപകട സാഹചര്യങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നത്. അപ്രതീക്ഷിതമായി ഇരുചക്ര വാഹനം റോഡിലെ കുഴിയിൽചാടി വലിയ അപകടംപോലും ഉണ്ടാകാനുള്ള സാധ്യത ഇത് ഒഴിവാക്കും.

കണക്റ്റ് ചെയ്ത സ്‌കൂട്ടറുകളിൽ നിന്ന് ശേഖരിക്കുന്ന ഡേറ്റ ഉപയോഗിച്ച് തയ്യാറാക്കുന്ന റോഡ് ഇന്റലിജൻസാണ് ഈ സുരക്ഷാ സംവിധാനത്തിന് പിന്നിൽ. റോഡിൽ പതിവായി ശ്രദ്ധയിൽപ്പെടുന്ന അപകട സാഹചര്യങ്ങൾ തിരിച്ചറിയാനും റൈഡർമാർ ആ സ്ഥലത്ത് എത്തുന്നതിന് മുമ്പേ അക്കാര്യം അറിയിക്കാനും സോഫ്റ്റ്‌വെയർ സഹായിക്കുമെന്ന് കമ്പനി പറയുന്നു.

Content Highlights: Real-time visual and audio alerts for potholes and road hazards., Powered by anonymized connected-vehicle fleet data., Compatible with Gen 2+ scooters including 450 Apex, 450X, and Rizta Z., Feature officially unveiled at Ather Community Day 2025., Integrated with Halo smart helmets and Bluetooth headsets.