ചീഫ് വിപ്പിന്റെ വണ്ടിക്കും തൊടുപുഴ ടച്ച്; 38 ചോദിച്ചുവാങ്ങി അപു ജോൺ ജോസഫ്

#ജോര്‍ജ് തോമസ്
ഔദ്യോഗിക വാഹനത്തിന് മുന്‍പില്‍ അപു ജോണ്‍ ജോസഫ്.
ഔദ്യോഗിക വാഹനത്തിന് മുന്‍പില്‍ അപു ജോണ്‍ ജോസഫ്.

തൊടുപുഴ: തൊടുപുഴയുടെ എം.എൽ.എയും തൊടുപുഴക്കാരനുമായ സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫിന്റെ ഔദ്യോഗിക വാഹനത്തിനും തൊടുപുഴ ടച്ച്. തന്റെ ഔദ്യോഗിക വാഹനത്തിൽ തൊടുപുഴയുടെ മോട്ടോർ വാഹന രജിസ്ട്രേഷൻ നമ്പറായ 38 ആണ് പതിപ്പിച്ചിരിക്കുന്നത്.

തൊടുപുഴയോടും ഇവിടുത്തുകാരോടുമുള്ള സ്നേഹപ്രകടനത്തിന്റെ കൂടെ ഭാഗമായാണ് കേരള സ്റ്റേറ്റ്-38 എന്ന നമ്പർ അപു ചോദിച്ചുവാങ്ങിയത്. അപുവിന്റെ പിതാവ്, മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ പി.ജെ. ജോസഫിന് തൊടുപുഴയോട് അടുത്ത ഹൃദയബന്ധമാണ്. അതേ പാതയിൽ തന്നെയാണ് അപുവും. ചീഫ് വിപ്പിന് കാബിനറ്റ് പദവിയായതിനാൽ ഔദ്യോഗിക വാഹനം ലഭിക്കും.

മന്ത്രിമാരെല്ലാം ഇഷ്ടമുള്ള നമ്പറുകൾ ചോദിച്ചുവാങ്ങിയിരുന്നു. 38 എന്ന നമ്പർ മാത്രം ആരും ഉപയോഗിച്ചില്ല. രണ്ടുദിവസം മുൻപാണ് വാഹനം അനുവദിച്ച് ഉത്തരവായത്. ഇതിന് പിന്നാലെ ഈ നമ്പർ ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് അപു ജോൺ ജോസഫ് പറഞ്ഞു. വെള്ളിയാഴ്ച ഇന്നോവ കാറിൽ നമ്പർ ഘടിപ്പിച്ചു. ഔദ്യോഗിക വാഹനത്തിൽ രാത്രിതന്നെ അദ്ദേഹം തൊടുപുഴയിലെത്തി.

Content Highlights: Apu John Joseph chooses registration number 38 for his official vehicle., The number 38 represents the Thodupuzha regional transport office code., The move highlights his deep emotional connection to his constituency., As Government Chief Whip, Apu John Joseph holds cabinet rank.