മോദിയുടെ അഭ്യർഥന മാനിച്ച് ട്രെയിനിൽ സഞ്ചരിച്ച് അനുപം ഖേർ; 'എല്ലാവരും ചെറിയശ്രമങ്ങൾ നടത്തണം'

ഇന്ധനം ലാഭിക്കണമെന്നും യാത്രാ ശീലങ്ങൾ മാറ്റണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥനയെ പിന്തുണച്ച് ബോളിവുഡ് താരം അനുപം ഖേർ. ജയ്പുരിൽ നിന്ന് ന്യൂഡൽഹിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്തതാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്. ഇത്തരത്തിലുള്ള ചെറിയ ശ്രമങ്ങൾ നടത്താൻ അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
'രാജ്യത്തിനുവേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് എന്റെ ഒരു ചെറിയ പിന്തുണ! ജയ് ഹിന്ദ്! @narendramodi' - സാമൂഹിക മാധ്യമത്തിൽ അദ്ദേഹം കുറിച്ചു. 'നമസ്‌കാരം സുഹൃത്തുക്കളെ, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് പെട്രോളും ഡീസലും ലാഭിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. സാധ്യമായ സ്ഥലങ്ങളിൽ പൊതുഗതാഗതം ഉപയോഗിക്കണം.- സാമൂഹിക മാധ്യമത്തിൽ പോസ്റ്റുചെയ്ത വീഡിയോയിൽ അദ്ദേഹം അഭ്യർഥിച്ചു.
'ചെറിയ ദൂരം സഞ്ചരിക്കാൻ കാർ പുറത്തെടുക്കുന്നത് ഒഴിവാക്കണം. ദൈനംദിന ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി രാജ്യത്തിന് സംഭാവനകൾ നൽകണം. അദ്ദേഹം പറയുന്നത് വളരെ ശരിയാണെന്ന് ഞാൻ കരുതുന്നു. അത് മനസ്സിൽ വെച്ചുകൊണ്ട്, ഞാൻ ജയ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യുകയാണ്. ഇതൊരു വലിയ ത്യാഗമല്ല. എന്നാൽ എല്ലാവരും ചെറിയ ശ്രമങ്ങൾ നടത്തുകയാണെങ്കിൽ, അത് വലിയ സ്വാധീനം ചെലുത്തും.
ഇന്നത്തെ ലോകത്ത്, ഉത്തരവാദിത്തമുള്ള പൗരനാകുക എന്നതിനർത്ഥം സംസാരിക്കുക എന്നതല്ല. നമ്മുടെ ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. ഉദാഹരണത്തിന് രണ്ടുപേർക്ക് ഒരു കാറിൽ യാത്ര ചെയ്യാൻ കഴിയുമെങ്കിൽ എന്തിന് രണ്ട് വ്യത്യസ്ത കാറുകൾ എടുക്കണം? രാജ്യസേവനം അതിർത്തികളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്ന് ഞാൻ കരുതുന്നു. ചിലപ്പോൾ ദൈനംദിന ജീവിതത്തിലെ ചെറിയ സന്തോഷങ്ങളിൽ അത് കാണാൻ കഴിയും. നമുക്ക് സാധ്യമായത്ര സംഭാവന നൽകാം. നന്ദി. ജയ് ഹിന്ദ്.' - അദ്ദേഹം കുറിച്ചു.
Content Highlights: Anupam Kher advocates for public transport to save petrol and diesel., The actor traveled via Vande Bharat train from Jaipur to New Delhi., Promotes carpooling and reducing short-distance car usage., Emphasizes that individual small efforts lead to significant national impact.