‘BMW ആഗ്രഹിക്കുന്നവർ മെയ്ക്ക് ഇൻ ഇന്ത്യ EV-യിലേക്ക് മാറണം’; ലോക്പാൽ വിവാദത്തിനിടെ XEV9 സ്വന്തമാക്കി അമിതാഭ് കാന്ത്

ലോക്പാൽ അംഗങ്ങൾക്കായി ഏഴ് ബിഎംഡബ്ല്യു ആഡംബര കാറുകൾ വാങ്ങാനുള്ള പദ്ധതിയെച്ചൊല്ലിയുള്ള വലിയ വിവാദങ്ങൾക്കിടെ, താൻ ഒരു ഇലക്ട്രിക് വാഹനത്തിലേക്ക് മാറിയതായി നീതി ആയോഗ് മുൻ സിഇഒ അമിതാഭ് കാന്ത്. "ബിഎംഡബ്ല്യു വാങ്ങാൻ ആഗ്രഹിക്കുന്നവർ" മെയ്ക്ക് ഇൻ ഇന്ത്യ ഇവി അനുഭവത്തിലേക്ക് മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞാൻ ഇപ്പോൾ മഹീന്ദ്രയുടെ എക്സ്ഇവി9-ലേക്ക് മാറിയിരിക്കുന്നു. ബോൺ ഇലക്ട്രിക് മൊബിലിറ്റിയെ ഞാൻ സ്വീകരിക്കുന്നു. ഇതിന് വളരെ നൂതനമായ രൂപകൽപനയും ആധുനിക ഇവി സാങ്കേതികവിദ്യയും മികച്ച ഡ്രൈവിങ് പ്രകടനവുമുണ്ട്. 2023-ലെ ഡൽഹി ജി20 ഉച്ചകോടിയുടെ ഷെർപ്പയായിരുന്ന കാന്ത് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. പുതിയ കാറിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
"ഹരിത ഭാവിക്കായുള്ള ഇന്ത്യയുടെ യാത്രയിൽ സംഭാവന നൽകുന്നതിലും മെയ്ക്ക് ഇൻ ഇന്ത്യയുടെ നൂതനാശയങ്ങളെയും നിർമാണത്തേയും പിന്തുണയ്ക്കുന്നതിലും സന്തോഷമുണ്ട്. ഇവികളിലേക്കുള്ള മാറ്റം കേവലം വാഹനങ്ങളെക്കുറിച്ചുള്ളതല്ല. ശുദ്ധമായ വായു, നൂതന സാങ്കേതികവിദ്യ, ശക്തമായ ആഭ്യന്തര വ്യവസായം എന്നിവയിലൂടെ ഇന്ത്യയുടെ പുരോഗതിക്ക് കരുത്തേകുക എന്നതാണ്," കാന്ത് പറഞ്ഞു.
"ബിഎംഡബ്ല്യു വാങ്ങാൻ ആഗ്രഹിക്കുന്നവർ മെയ്ക്ക് ഇൻ ഇന്ത്യ ഇവി അനുഭവത്തിലേക്ക് മാറണം. അത് നിങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയർത്തും, തുടർന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, ലോക്പാൽ ടെൻഡർ റദ്ദാക്കി മഹീന്ദ്രയുടെ എക്സ്ഇവി 9ഇ, ബിഇ 6 അല്ലെങ്കിൽ ടാറ്റ ഹാരിയർ ഇവി പോലുള്ള ഇലക്ട്രിക് വാഹനങ്ങൾ തിരഞ്ഞെടുക്കണമെന്ന് കാന്ത് പറഞ്ഞിരുന്നു. ഇവയെല്ലാം മികച്ച വാഹനങ്ങളാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
അതേസമയം, അഴിമതി വിരുദ്ധ നിരീക്ഷണ സമിതിയായ ലോക്പാലിലെ അംഗങ്ങൾക്കായി 70 ലക്ഷം രൂപ വീതം വിലവരുന്ന ഏഴ് ബിഎംഡബ്ല്യു ആഡംബര സെഡാനുകൾ വാങ്ങാനുള്ള തീരുമാനം വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. പൊതുപണം ഈ രീതിയിൽ ചെലവഴിക്കണമോ എന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദ്യം ചെയ്യുന്നുണ്ട്. ലോക്പാലിന്റെ ബിഎംഡബ്ല്യു പദ്ധതിയെ വിമർശിച്ചവരിൽ മുതിർന്ന കോൺഗ്രസ് നേതാക്കളും രാജ്യസഭാ എംപിമാരുമായ പി. ചിദംബരവും അഭിഷേക് സിങ് വിയും ഉൾപ്പെടുന്നു.
സുപ്രീം കോടതി ജഡ്ജിമാർക്ക് ലളിതമായ സെഡാനുകൾ നൽകുമ്പോൾ ലോക്പാൽ ചെയർമാനും ആറ് അംഗങ്ങൾക്കും എന്തിനാണ് ബിഎംഡബ്ല്യു കാറുകൾ എന്നായിരുന്നു മുൻ ആഭ്യന്തര മന്ത്രിയായ ചിദംബരത്തിന്റെ ചോദ്യം. താൻ ലോക്പാലിനായുള്ള പാർലമെന്ററി കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നുവെന്നും തൻ്റെ പിതാവും മുൻ പാർലമെന്റേറിയനുമായ ഡോ. എൽ.എം. സിങ് വിയാണ് 1960-കളിൽ ലോക്പാൽ എന്ന ആശയം ആദ്യമായി വിഭാവനം ചെയ്തതെന്നും സിങ് വി പറഞ്ഞു.
"ഈ അഴിമതി വിരുദ്ധ സമിതി ഇപ്പോൾ അതിലെ അംഗങ്ങൾക്കായി ബിഎംഡബ്ല്യു ഓർഡർ ചെയ്യുന്നത് കാണുന്നത് ഒരു ദാരുണമായ വിരോധാഭാസമാണ്. സത്യസന്ധതയുടെ കാവൽക്കാർ നിയമസാധുതയെക്കാൾ ആഡംബരത്തിന് പിന്നാലെ പായുന്നു, അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു.
ഒക്ടോബർ 16-ലെ വിജ്ഞാപനത്തിൽ, ഏഴ് ബിഎംഡബ്ല്യു 3 സീരീസ് കാറുകൾ വാങ്ങാനായി ലോക്പാൽ ഓപ്പൺ ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ലോക്പാലിലെ ഡ്രൈവർമാർക്കും ജീവനക്കാർക്കും ഏഴ് ദിവസത്തെ പരിശീലനം നൽകാനും ബിഎംഡബ്ല്യുവിനോട് ആവശ്യപ്പെടും.
Content Highlights: Former NITI Aayog CEO Amitabh Kant advocates for Indian EVs like Mahindra XUV9, contrasting with Lokpal`s controversial BMW luxury car procurement. Supports `Make in India` initiative.