ഓൾ ഇന്ത്യാ പെർമിറ്റ്: സംസ്ഥാനത്ത് നികുതി ചുമത്തും, കേന്ദ്രം പിന്മാറുന്നു

#ബി. അജിത് രാജ്
പ്രതീകാത്മക ചിത്രം| AI generated
പ്രതീകാത്മക ചിത്രം| AI generated

തിരുവനന്തപുരം: ഓൾ ഇന്ത്യാപെർമിറ്റ് (എഐടിപി) വാഹനങ്ങൾക്ക് സംസ്ഥാനത്ത് നികുതി ചുമത്തുന്നത് തടഞ്ഞതിൽനിന്ന്‌ കേന്ദ്രം പിന്മാറുന്നു. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം നികുതിയീടാക്കാനുള്ള ക്രമീകരണം ‘വാഹൻ’ സോഫ്റ്റ്‌വേറിൽ ഉടൻ ഉൾക്കൊള്ളിക്കും. ഇതോടെ പുറമേ നിന്ന്‌ എഐടിപി എടുത്ത വാഹനങ്ങൾ സീറ്റ് അടിസ്ഥാനമാക്കി 35,000 മുതൽ 41,000 രൂപവരെ ത്രൈമാസ നികുതി നൽകേണ്ടി വരും.

കഴിഞ്ഞമേയിലാണ് നികുതിയീടാക്കാനുള്ള സോഫ്റ്റ്‌വേറിലെ സൗകര്യം നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ പിൻവലിച്ചത്. സംസ്ഥാനത്തെ ഒരു വിഭാഗം സ്വകാര്യബസുകാർ കേന്ദ്രമന്ത്രി നിതിൻഗഡ്കരിക്ക് നൽകിയ നിവേദനത്തെത്തുടർന്നായിരുന്നു കേന്ദ്ര ഇടപെടൽ.

റോഡ് നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ടെന്ന ഹൈക്കോടതി വിധിയെത്തുടർന്നാണ് കേന്ദ്രത്തിന്റെ പിന്മാറ്റം. വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത നികുതിഘടനകൾ വിനോദസഞ്ചാരികൾക്ക് തടസ്സമാകുന്നത് തടയാൻ 2021-ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന എഐടിപിയുടെ പേരിൽ സ്വകാര്യ ബസുകാരും സംസ്ഥാനസർക്കാരും തമ്മിൽ ഏറെക്കാലമായി തർക്കത്തിലാണ്.

കേന്ദ്രീകൃതനികുതി നൽകിയാൽ സംസ്ഥാനങ്ങളിൽ പ്രത്യേകനികുതി ഈടാക്കാൻ വ്യവസ്ഥയില്ലെന്നാണ് സ്വകാര്യബസുകാരുടെ വാദം. എഐടിപിയുടെ മറവിൽ ആഡംബരബസുകൾ ഉപയോഗിച്ച് സമാന്തര സർവീസ് നടത്തുന്നത് സംസ്ഥാന സർക്കാരും കേന്ദ്രത്തെ അറിയിച്ചു. പെർമിറ്റ് ദുരുപയോഗത്തോട് കേന്ദ്രത്തിനും യോജിപ്പില്ലായിരുന്നു.

എഐടിപി വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള നീക്കത്തിലാണ് കേന്ദ്രം.യാത്രക്കാരുടെ പട്ടിക ഓൺലൈനിൽ മോട്ടോർ വാഹനവകുപ്പിന് കൈമാറുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളാണ് വരുന്നത്. റൂട്ട് ബസായി ഓടരുതെന്ന നിർദേശത്തോടെയാകും പെർമിറ്റ് നൽകുക. ഭേദഗതി ഉടൻ ഇറങ്ങും.

നികുതിവിഹിതം വാങ്ങുന്നതിൽ വിമർശം

എഐടിപി പെർമിറ്റ് വ്യവസ്ഥകളെ എതിർക്കുന്ന സംസ്ഥാനം കേന്ദ്രംവിതരണം ചെയ്യുന്ന പെർമിറ്റ് വിഹിതം സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് സ്വകാര്യബസ്സുടമകൾ ആരോപിച്ചു. എന്നാൽ, സംസ്ഥാനത്തുനിന്ന്‌ എഐടിപി പെർമിറ്റ് എടുക്കുന്ന വാഹനങ്ങൾ ഒടുക്കുന്ന നികുതിയുടെ വിഹിതമായതിനാലാണ് തുക സ്വീകരിക്കുന്നതെന്നാണ് സർക്കാർ വാദം.

Content Highlights: All India Permit (AITP) vehicles will now face state taxes. Kerala government`s request leads to renewed `Vahan` software facility for tax payment. Details inside!