ചെറുകാറുകളും ഹൈബ്രിഡിലേക്ക്; ആറെണ്ണം ഉടനെത്തും, സാങ്കേതികവിദ്യയിൽ മുന്നേറി കമ്പനികൾ

ഇന്ധനക്ഷമതയുള്ള ഹൈബ്രിഡ് കാറുകൾ വാങ്ങാൻ വൻതുക മുടക്കേണ്ടിവരുമെന്ന ചിന്ത ഇനി വേണ്ട. ചെറു കാറുകളിലും ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ വാഹന നിർമാതാക്കൾ. മാരുതി സുസുക്കി, ഹ്യുണ്ടായ്, ടൊയോട്ട, റെനോ തുടങ്ങിയ നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ ആറോളം ചെറിയ ഹൈബ്രിഡ് വാഹനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് ‘ദി എക്കണോമിക് ടൈംസ്’ റിപ്പോർട്ടു ചെയ്യുന്നു.
ചെറിയ കാറുകൾക്കുള്ള കുറഞ്ഞ നികുതിയുടെ ആനുകൂല്യം ഉപയോക്താക്കൾക്ക് ലഭിക്കും എന്നതും പുതിയ ഇന്ധനക്ഷമതാ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയും എന്നതുമാണ് കമ്പനികളുടെ ഈ നീക്കത്തിന് പിന്നിൽ. അടുത്ത 18-24 മാസത്തിനുള്ളിൽ ചെറു ഹൈബ്രിഡ് കാറുകൾ വിപണിയിൽ എത്തിയേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഫ്രോങ്ക്സ്, ബലേനോ, സ്വിഫ്റ്റ്, ബ്രെസ്സ തുടങ്ങിയ കാറുകളിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചെലവ് കുറഞ്ഞ ഹൈബ്രിഡ് സിസ്റ്റത്തിന്റെ പണിപ്പുരയിലാണ് മാരുതി സുസുക്കിയെന്ന് വ്യവസായ രംഗത്തുള്ളവരെ ഉദ്ധരിച്ച് ദി എക്കണോമിക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
ആദ്യ ചെറുഹൈബ്രിഡ് അടുത്തവർഷം
മാരുതി സുസുക്കിയുടെ ആദ്യത്തെ ചെറു ഹൈബ്രിഡ് വാഹനം അടുത്ത വർഷം നിരത്തിലിറങ്ങും. കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോറിന്റെ ഇന്ത്യൻ ഘടകം 2027 പകുതിയോടെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാനായി ഒരു ചെറിയ ഹൈബ്രിഡ് വാഹനം തയാറാക്കിവരികയാണെന്നും സൂചനയുണ്ട്. മാരുതി സുസുക്കി ഫ്രോങ്ക്‌സ് ഹൈബ്രിഡ് പതിപ്പിന് പിന്നാലെ അർബൻ ക്രൂസർ ടൈസറിന്റെ ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കാനും ടൊയോട്ടയുടെ ഇന്ത്യൻ ഘടകം പദ്ധതിയിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഹൈബ്രിഡ് പവർട്രെയിൻ ഉൾപ്പെടുത്തിയിട്ടുള്ള 'ബ്രിഡ്ജർ' കോൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള റെനോയുടെ നാല് മീറ്ററിൽ താഴെയുള്ള അർബൻ SUV അടുത്ത വർഷം അവസാനത്തോടെ പുറത്തിറക്കാൻ കമ്പനി നിശ്ചയിച്ചിട്ടുണ്ട്.
നിലവിൽ വിപണിയിലുള്ളത് വിലയേറിയ ഹൈബ്രിഡ് വാഹനങ്ങൾ
മാരുതി സുസുക്കി, ഹോണ്ട, കിയ, ടൊയോട്ട കിർലോസ്‌കർ എന്നീ വാഹന നിർമാതാക്കൾ ഇന്നോവ ക്രിസ്റ്റ, സൊറെന്റോ, ഗ്രാൻഡ് വിറ്റാര തുടങ്ങിയ ഹൈബ്രിഡ് വാഹനങ്ങൾ രാജ്യത്ത് വിൽക്കുന്നുണ്ടെങ്കിലും ഇവയ്‌ക്കെല്ലാം 16 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഏകദേശ വില. ഈ വാഹനങ്ങളെല്ലാം 4 മീറ്ററിലധികം നീളമുള്ളവയാണ്. ഇവയ്‌ക്കെല്ലാം 40 ശതമാനം ജിഎസ്ടി നൽകേണ്ടിവരും. ഈ സാഹചര്യങ്ങൾ രാജ്യത്തെ സാധാരണക്കാരെ ഹൈബ്രിഡ് വാഹനങ്ങളിൽനിന്ന് ഒരു പരിധിവരെ അകറ്റി നിർത്തുന്നുണ്ടെന്ന് പറയാം.
വലിയ മാറ്റത്തിനൊരുങ്ങി നിർമാതാക്കൾ
താരതമ്യേനെ വിലകുറഞ്ഞ ഹൈബ്രിഡ് വാഹനങ്ങളുടെ വരവോടെ ഈ സാങ്കേതികവിദ്യയ്ക്ക് ഇന്ത്യയിൽ വലിയ സ്വീകാര്യത ലഭിച്ചേക്കുമെന്ന് വാഹന നിർമാതാക്കൾ വിലയിരുത്തുന്നു. ചെറിയ വാഹനങ്ങളുടെ ഇന്ധനക്ഷമത ഇനിയും വർധിക്കുന്നതിനൊപ്പം ഇ.വികൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകാനിടയുള്ള റേഞ്ച് സംബന്ധിച്ച ആശങ്കകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ബാറ്ററിയുടെ ആയുസിനെക്കുറിച്ചുള്ള ഭയത്തിൽനിന്നും സാധാരണക്കാർക്ക് മുക്തരാകാൻ കഴിയും. മികച്ച റീസെയിൽ വാല്യൂ ഹൈബ്രിഡുകൾ നിലനിർത്തുന്നു എന്നതും ഉപയോക്താക്കൾക്ക് വലിയ പ്രതീക്ഷ നൽകും.
നികുതിയിലും നേട്ടം
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവതരിപ്പിച്ച ജിഎസ്ടി പരിഷ്‌കാരങ്ങൾക്ക് മുമ്പുണ്ടായിരുന്ന 43 ശതമാനം നികുതിയുമായി താരതമ്യം ചെയ്യുമ്പോൾ, ചെറിയ ഹൈബ്രിഡ് വാഹനങ്ങൾക്ക് നിലവിൽ 18 ശതമാനം എന്ന നികുതി നിരക്കാണ് ഉള്ളത്. ഹൈബ്രിഡ് സാങ്കേതികവിദ്യ ചെറു കാറുകളിലേക്കും വ്യാപിപ്പിക്കാൻ വാഹന നിർമാതാക്കളെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളിൽ ഒന്ന് ഇതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Half a dozen small hybrid vehicles are launching in India over the next 18-24 months., Maruti Suzuki, Hyundai, Toyota, and Renault are developing compact hybrid models., Small hybrids benefit from a lower tax rate of 18% compared to larger models., New CAFE 3 regulations coming into force on April 1, 2027, are driving hybrid adoption.