1000 കോടിയുടെ ഫൈവ്സ്റ്റാര്‍ പ്രൈവറ്റ് ജെറ്റ്; സ്വന്തം വിമാനത്താവളത്തില്‍ പുതിയ വിമാനത്തില്‍ പറന്നിറങ്ങി അദാനി

ഗൗതം അദാനിയും അദ്ദേഹത്തിന്റെ വിമാനവും | Photo: ANI, Instagram/flyyo.india
ഗൗതം അദാനിയും അദ്ദേഹത്തിന്റെ വിമാനവും | Photo: ANI, Instagram/flyyo.india

ഇന്ത്യയിലെ അതിസമ്പന്നരായ വ്യവസായികളില്‍ ഒരാളാണ് ഗൗതം അദാനി. വ്യത്യസ്ത മേഖലകളില്‍ വ്യാപിച്ച് കിടക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ ഉടമയായ അദാനി രാജ്യത്തെ പല വിമാനത്താവളങ്ങളുടെയും ഓഹരി ഉടമ കൂടിയാണ്. യാത്രകള്‍ക്കായി പ്രൈവറ്റ് ജെറ്റിനെ ഉള്‍പ്പെടെ ആശ്രയിക്കുന്ന അദാനിയുടെ പുതിയ വിമാനവും, അത് വന്നിറങ്ങിയ നവി മുംബൈയിലെ പുതിയ വിമാനത്താവളവും അടങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

സ്വന്തം വിമാനത്തില്‍ സ്വന്തം വിമാനത്താവളത്തില്‍ എത്തുന്നുവെന്നതാണ് ഈ വീഡിയോയിലെ കൗതുകം. നവി മുംബൈയിലെ പുതിയ വിമാനത്താവളത്തില്‍ എത്തിയ അദാനിയുടെ വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കുന്നതാണ് വീഡിയോയിലുള്ളത്. മുംബൈയില്‍ പുതുതായി നിര്‍മിക്കുന്ന ഈ വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പിന്റെ കൈവശമാണ്. അതുകൊണ്ടാണ് സ്വന്തം വിമാനത്താവളത്തില്‍ സ്വന്തം വിമാനത്തില്‍ വന്നിറങ്ങുന്നുവെന്ന വിശേഷണം ശ്രദ്ധിക്കപ്പെടുന്നത്.

ഇനി പുതിയ വിമാനത്തിലേക്ക്. 1000 കോടി രൂപ വിലയുള്ള ബോയിങ് 737 മാക്‌സ് ആണ് അദാനിയുടെ പ്രൈവറ്റ് ജെറ്റ്. ബോയിങ് ബിസിനസ് ജെറ്റ് മാക്‌സ് സീരീസില്‍ വരുന്ന വിമാനമാണിത്. ഇന്ത്യയിലെ മറ്റൊരു വ്യവസായിയായ മുകേഷ് അംബാനിയും അടുത്തിടെ ഈ വിമാനം സ്വന്തമാക്കിയിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളെ വെല്ലുന്ന തരത്തിലുള്ള ആഡംബര സംവിധാനങ്ങളും സൗകര്യങ്ങളുമാണ് അദാനിയുടെ ഈ വിമാനത്തിനുള്ളില്‍ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിമാനത്തിനുള്ളില്‍ അത്യാഡംബര സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി മാത്രം ഏകദേശം 35 കോടി രൂപ  അദാനി മുടക്കിയിട്ടുണ്ടെന്നാണ് വിവരം. സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തിച്ചാണ് ഈ വിമാനത്തിന്റെ അകത്തളത്തിലെ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേതിന് സമാനമായ ബെഡ്‌റൂം, ബാത്ത്‌റൂം, ലോഞ്ച്, കോണ്‍ഫറന്‍സ് റൂം എന്നിങ്ങനെയാണ് അകത്തുള്ളത്. അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം, ലൈറ്റിങ്, ടെംപറേച്ചര്‍, എന്റര്‍ടെയ്ന്‍മെന്റ് എന്നിവ ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള ഡിവൈസ് എന്നിവയും ഇതിലുണ്ട്.

രണ്ട് സി.എഫ്.എം.ഐ. ലീപ്പ്-18 എന്‍ജിനുകളാണ് ഈ വിമാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഈ വിമാനത്തിന് 6355 നോട്ടിക്കല്‍ മൈല്‍ അല്ലെങ്കില്‍ 11,770 കിലോമീറ്റര്‍ വരെ നിര്‍ത്താതെ പറക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. ലണ്ടന്‍ ഉള്‍പ്പെടെയുള്ള പ്രദേശത്തേക്ക് നിര്‍ത്താതെ പറക്കാനും യുഎസ്, കാനഡ എന്നിവിടങ്ങളിലേക്ക് ഒരു സ്റ്റോപ്പ് എടുത്തും സഞ്ചരിക്കാനാകും. സ്വിറ്റ്‌സര്‍ലന്‍ഡില്‍ 6,300 കിലോമീറ്റര്‍ നിര്‍ത്താതെ പറന്നാണ് വിമാനം അഹമ്മദാബാദില്‍ അദാനി ഗ്രൂപ്പിന് കൈമാറിയത്.

നവി മുംബൈയിലെ വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി അദാനിയുടെ വിമാനത്തെ സ്വീകരിക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്. പുതിയ വിമാനത്താവളത്തിലോ റണ്‍വേയിലോ ഇറങ്ങുന്ന വിമാനങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകരണമാണിത്. അദാനി ഓഹരി ഉടമയായ നവി മുംബൈയിലെ പുതിയ വിമാനത്താവളമായിരിക്കും ഈ പുതിയ വിമാനത്തിന്റെ താവളം. വിമാനത്താവള നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായെന്നും ഒക്ടോബര്‍ എട്ട് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നുമാണ് വിവരം.

Content Highlights: Gautam Adani receives his new $135 million Boeing 737 MAX private jet, featuring a luxury interior, at his stake-owned Navi Mumbai airport. A spectacular water salute welcomed the aircraft.